42 റണ്‍സടിച്ച റിഷഭ് പന്ത് സാഹസിക ഷോട്ടുകളിലൂടെ പ്രതീക്ഷ നല്‍കിയെങ്കിലും മധ്യ ഓവറുകളില്‍ ഇന്ത്യ പാക് പേസാക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ പാകിസ്ഥാന് 120 റണ്‍സ് വിജയലക്ഷ്യം. ബാറ്റിംഗ് ദുഷ്കരമായ പിച്ചില്‍ 42 റണ്‍സെടുത്ത റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയില്‍ പിടിച്ചു നിന്നത്. പവര്‍ പ്ലേയില്‍ തന്ന രോഹിത്തും കോലിയും മടങ്ങിയെങ്കിലും റിഷഭ് പന്തും അക്സര്‍ പട്ടേലും പിടിച്ചു നിന്നതോടെ ഭേദപ്പെട്ട സ്കോറിലെത്തുമെന്ന് കരുതിയ ഇന്ത്യ പതിനൊന്നാം ഓവറില്‍ 89-3 എന്ന മികച്ച സ്കോറില്‍ നിന്നാണ് 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായത്. ഇന്ത്യയുടെ അവസാന ഏഴ് വിക്കറ്റുകള്‍ 30 റണ്‍സിനാണ് നഷ്ടമായത്. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
സിക്സ് അടിച്ച് തുടക്കം, പിന്നാലെ ഇരട്ടപ്രഹരം
ടോസ് നഷ്ടമായതിന് പിന്നാലെ ആശങ്കയോടെയാണ് ഇന്ത്യ ക്രീസിലിറങ്ങിയത്. അപ്രതീക്ഷിത ബൗണ്‍സുള്ള പിച്ചിന് പുറമെ മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും ബാറ്റിംഗ് ദുഷ്കരമാക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദിയുടെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഷഹീന്‍ അഫ്രീദിയെ സിക്സിന് പറത്തിയ രോഹിത് ആത്മവിശ്വാസത്തോടെ തുടങ്ങി.പിന്നാലെ മഴമൂലം മത്സരം കുറച്ചുനേരം നിര്‍ത്തിവെച്ചു.
മഴയുടെ ഇടവേളക്ക് ശേഷം മത്സരം ആരംഭിച്ചപ്പോള്‍ നസീം ഷാക്കെതിരെ തന്‍റെ ട്രേഡ് മാര്‍ക്ക് കവര്‍ ഡ്രൈവിലൂടെ ബൗണ്ടറി നേടിതുടങ്ങിയ കോലി മൂന്നാം പന്തില്‍ നസീം ഷായെ വീണ്ടും ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ പുറത്തായി. ഓവറിലെ അവസാന പന്ത് ബൗണ്ടറി നേടിയ രോഹിത് ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ നാലാം പന്തില്‍ വീണ്ടും സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് ശ്രമിച്ച രോഹിത്തിനെ(12 പന്തില്‍ 13) ബൗണ്ടറിയിൽ ഹാരിസ് റൗഫ് കൈയിലൊതുക്കിയതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. രോഹിത് മടങ്ങിയതോടെ സൂര്യകുമാറിന് പകരം അക്സര്‍ പട്ടേലാണ് നാലാം നമ്പറിലിറങ്ങിയത്. അക്സറും റിഷഭ് പന്തും ചേര്‍ന്ന് ഇന്ത്യയെ പവര്‍ പ്ലേയില്‍ 50 റണ്‍സിലെത്തിച്ചു.
മൂന്ന് തവണ ജീവന്‍ കിട്ടിയ റിഷഭ് പന്ത് സാഹസിക ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷയായി. എന്നാല്‍ നല്ല തുടക്കം ലഭിച്ച അക്സര്‍ പട്ടേലിനെ(18 പന്തില്‍ 20) ബൗള്‍ഡാക്കി നസീം ഷാ കൂട്ടുകെട്ട് പൊളിച്ചു. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ ഒരറ്റത്ത് നിര്‍ത്തി റിഷഭ് പന്ത് തകര്‍ത്തടിച്ചു. ഹാരിസ് റൗഫിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി പറത്തിയ പന്ത് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും പന്ത്രണ്ടാം ഓവറില്‍ സൂര്യകുമാറിനെ(7) പുറത്താക്കി ഹാരിസ് റൗഫ് കൂട്ടുകെട്ട് പൊളിച്ചതോടെ ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങി.
തകര്‍ന്നടിഞ്ഞു
സൂര്യക്ക് പിന്നാലെ ശിവം ദുബെയെ(9 പന്തില്‍ 3) പുറത്താക്കി നസീം ഷായും തൊട്ടടുത്ത ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ റിഷഭ് പന്തിനെയും(31 പന്തില്‍ 42) രവീന്ദ്ര ജഡേജയെയും(0) പുറത്താക്കി മുഹമ്മദ് ആമിറും ഇന്ത്യയുടെ നടുവൊടിച്ചു. ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ഷ്ദീപും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും എട്ടാം പന്തിലാണ് ഹാര്‍ദ്ദിക് ആദ്യ റണ്ണെടുത്ത്. പിന്നീട് ബൗണ്ടറി അടിച്ച് പ്രതീക്ഷ നല്‍കിയ ഹാര്‍ദ്ദികിനെ(12 പന്തില്‍ 7) ഹാരിസ് റൗഫിന്‍റെ പന്തില്‍ ഇഫ്തീഖര്‍ അഹമ്മദ് പിടികൂടി. തൊട്ടടുത്ത പന്തില്‍ ബുമ്രയെയും ഹാരിസ് റൗഫ് ഗോള്‍ഡന്‍ ഡക്കാക്കിയതോടെ ഇന്ത്യ 89-3ല്‍ നിന്ന് 113-9ലേക്ക് രൂപ്പുകുത്തി.
അര്‍ഷ്ദീപ്(13 പന്തില്‍ 9) പൊരുതിയെങ്കിലും പത്തൊമ്പതാം ഓവറിലെ അവസാന പന്തില്‍ റണ്ണൗട്ടായതോടെ ഇന്ത്യയുടെ പോരാട്ടം 119 റണ്‍സില്‍ അവസാനിച്ചു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫും നസീം ഷായും 21 റണ്‍സിന് മൂന്ന് വിക്കറ്റ് വീതമെടുത്തപ്പോള്‍ മുഹമ്മദ് ആമിര്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
