റിസ്‌വാന്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ബാക്ക് ഫൂട്ടിലായതോടെ വിന്‍ പ്രഡിക്ടറിലും മാറ്റം വന്നു.
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന്‍ പതിനാലാം ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സിലെത്തിയപ്പോള്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടതായിരുന്നു. മത്സരത്തിന്‍റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്പോര്‍ട്സ് ഈ സമയം വിജയസാധ്യത പ്രവചിക്കുന്ന വിന്‍ പ്രഡിക്ടറില്‍ സാധ്യത പ്രവചിച്ചത് ഇന്ത്യക്ക് എട്ട് ശതമാവും പാകിസ്ഥാന് 92 ശതമാനവും ആയിരുന്നു.
ആ സമയം ഏഴ് വിക്കറ്റ് കൈയിലിക്കെ 36 പന്തില്‍ പാകിസ്ഥാന് ജയത്തിലേക്ക് വേണ്ടിയിരുന്നത് 40 റണ്‍സ് മാത്രം. 31 റണ്‍സുമായി മുഹമ്മദ് റിസ്‌വാന്‍ ക്രീസിലുണ്ടായിരുന്നു. എന്നാല്‍ പതിനഞ്ചാം ഓവര്‍ എറിയാനെത്തിയ ജസ്പ്രീത് ബുമ്ര ആദ്യ പന്തില്‍ മനോഹരമായൊരു ഇന്‍സ്വിംഗറിലൂടെ റിസ്‌വാന്‍റെ സ്റ്റംപിളക്കിയപ്പോള്‍ അതുവരെ മൂകമായിരുന്ന നാസൗ കൗണ്ടി സ്റ്റേഡിയം അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിത്തെറിച്ചു. ഈ സമയം കമന്‍ററ്റര്‍മാര്‍ ഇനി ആ വിന്‍ പ്രഡിക്ടര്‍ ഒന്നുകൂടി കാണിക്കണമെന്ന് ബ്രോഡ്കാസ്റ്റര്‍മാരോട് തമാശയായി പറയുകയും ചെയ്തു.
റിസ്‌വാന്‍ പുറത്തായതിന് പിന്നാലെ പാകിസ്ഥാന്‍ ബാക്ക് ഫൂട്ടിലായതോടെ വിന്‍ പ്രഡിക്ടറിലും മാറ്റം വന്നു. ഇന്ത്യയുടെ സാധ്യത 16 ശതമാനമായി. പിന്നീട് പടി പടിയായി പതിനെട്ടാം ഓവറെത്തുമ്പോഴേക്കും ഇന്ത്യയുടെ സാധ്യത 42 ശതമാനാമായി. ഒടുവില്‍ അര്‍ഷ്ദീപ് സിംഗിന്‍റെ അവസാന ഓവറില്‍ ജയിക്കാന്‍ 18 റണ്‍സ് വേണ്ടിയിരുന്ന പാകിസ്ഥാന്‍ ആറ് റണ്‍സകലെ വീണപ്പോള്‍ കളിയുടെ ഗതി തിരിച്ചത് ജസ്പ്രീത് ബുമ്രയായിരുന്നു. മത്സരത്തിനുശേഷം സ്റ്റാന്‍ സ്പോര്‍ട്സിന്‍റെ വിന്‍ പ്രഡിക്ടറിന്‍റെ സ്ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി റിഷഭ് പന്ത് പങ്കുവെക്കുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റിഷഭ് പന്തിന്‍റെ(42) ബാറ്റിംഗ് മികവില്‍ 119 റണ്‍സടിച്ചത്. 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാതിരുന്ന ഇന്ത്യ 19 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 20 ഓവറും ബാറ്റ് ചെയ്ത പാകിസ്ഥാന് ലക്ഷ്യത്തിലെത്താനായില്ല. പാക് ഇന്നിംഗ്സിന് സമാനമായിരുന്നു ഇന്ത്യയുടെ തകര്‍ച്ചയും. പന്ത്രണ്ടാം ഓവറില്‍ 89-3 എന്ന സ്കോറില്‍ നിന്നായിരുന്നു ഇന്ത്യ 119ന് ഓള്‍ ഔട്ടായത്.
