മറ്റൊരു ലോകകിരീടം ടീം ഇന്ത്യ സ്വപ്നം കാണുമ്പോൾ ഡ്രസിംഗ് റൂമിൽ ധോണി ഇന്ത്യയ്‌ക്ക് അനിവാര്യനാവുകയാണ്

ദില്ലി: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപദേഷ്‌ടാവായി ഇതിഹാസ നായകന്‍ എം എസ് ധോണിയെ ചുമതലപ്പെടുത്തിയത് അതിഗംഭീരമായ തീരുമാനമെന്ന് സുരേഷ് റെയ്‌ന. 'വരുന്ന ടി20 ലോകകപ്പില്‍ ടീം ഇന്ത്യക്ക് എല്ലാ ആശംസകളും നേരുന്നു. വളരെ സന്തുലിതമായ സ്‌ക്വാഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അശ്വിന്‍ തിരിച്ചെത്തിയത് നല്ലതാണ്. ധോണിയെ ഉപദേശകനാക്കിയത് ബിസിസിഐയുടെ വിസ്‌മയകരമായ നീക്കമാണ്' എന്നും റെയ്‌ന ട്വീറ്റ് ചെയ്‌തു. 

Scroll to load tweet…

ധോണിക്ക് പൂര്‍ണ പിന്തുണ

'ദുബൈയില്‍ വച്ച് എം എസ് ധോണിയുമായി സംസാരിച്ചിരുന്നു. ലോകകപ്പിനുള്ള ടീമിന്‍റെ ഉപദേഷ്‌ടാവായി പ്രവര്‍ത്തിക്കാനുള്ള തീരുമാനം ധോണി സ്വീകരിച്ചു. ബിസിസിഐയുടെ മറ്റ് ഭാരവാഹികളോട് സംസാരിച്ചപ്പോഴും ധോണിയുടെ കാര്യത്തില്‍ എല്ലാവര്‍ക്കും അനുകൂല അഭിപ്രായമായിരുന്നു. ഇന്ത്യന്‍ ടീം നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പരിശീലകന്‍ രവി ശാസ്‌ത്രി എന്നിവരും തീരുമാനത്തെ പിന്തുണച്ചു' എന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. 

2007ലെ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യയിലെത്തിച്ച നായകനാണ് എം എസ് ധോണി. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറുടെ ക്രിക്കറ്റ് ജീവിതത്തിന് പൂർണത നൽകി 2011ൽ ഇന്ത്യയെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചതും ധോണിയാണ്. മറ്റൊരു ലോകകിരീടം ടീം ഇന്ത്യ സ്വപ്നം കാണുമ്പോൾ ഡ്രസിംഗ് റൂമിൽ ധോണി ഇന്ത്യയ്‌ക്ക് അനിവാര്യനാവുകയാണ്. 2007 മുതൽ 2016 വരെയുള്ള ആറ് ലോകകപ്പുകളിൽ ഇന്ത്യയെ നയിച്ച നായകന്‍ കൂടിയാണ് ധോണി.

ലോകകപ്പിനുശേഷം രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി ധോണി എത്തുമോ ?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona