ഇന്ത്യ ശരിയായ ടീമിനെ തെരഞ്ഞെടുത്താല്‍ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവും. ഓരോ കളിക്കാരന്‍റെയും റോളുകള്‍ വ്യക്തമാക്കാതെ അലസമായി ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാനെതിരെ ഇറങ്ങാന്‍ ഇന്ത്യക്കാവില്ല.

കറാച്ചി: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍(T20 WC 2022) ആരാധകര്‍ കാണാന്‍ കാത്തിരിക്കുന്നത് ഇന്ത്യ-പാക്കിസ്ഥാന്‍(India vs Pakistan) പോരാട്ടമാണ്. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഫൈനലിന് മുമ്പത്തെ ഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടം. മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പന ആരംഭിച്ച് അഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നിരുന്നു.

ടൂര്‍ണമെന്‍റിലെ ഇരു ടീമുകളുടെയും ആദ്യ മത്സരവുമാണിത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ പത്തു വിക്കറ്റിന് തകര്‍ത്ത് പാക്കിസ്ഥാന്‍ ലോകകപ്പിലെ തോല്‍വികളുടെ റെക്കോര്‍ഡ് മായ്ച്ചു കളഞ്ഞിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം ക്യാപ്റ്റന്‍ ബാബര്‍ അസമിന്‍റെയും മുഹമ്മദ് റിസ്‌‌വാന്‍റെയും അപരാജിത ഇന്നിംഗ്സുകളുടെ കരുത്തിലാണ് പാക്കിസ്ഥാന്‍ അനായാസം മറികടന്നത്.

കോലി എക്കാലത്തെയും മികച്ചവന്‍, 45 വയസ് വരെ കളിക്കണം, അര്‍ഹിച്ച ബഹുമാനം നല്‍കണം; വിമര്‍ശകരെ ശകാരിച്ച് അക്‌‌തര്‍

എന്നാല്‍ ഈ വര്‍ഷം ടി20 ലോകകപ്പില്‍ വീണ്ടും കണ്ടുമുട്ടുമ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍ പാക്കിസ്ഥാനായിരിക്കുമെന്ന് തുറന്നു പറയുകയാണ് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. ഇന്ത്യ ശരിയായ ടീമിനെ തെരഞ്ഞെടുത്താല്‍ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവും. ഓരോ കളിക്കാരന്‍റെയും റോളുകള്‍ വ്യക്തമാക്കാതെ അലസമായി ടീമിനെ തെരഞ്ഞെടുത്ത് പാക്കിസ്ഥാനെതിരെ ഇറങ്ങാന്‍ ഇന്ത്യക്കാവില്ല. നിലവിലെ സാഹചര്യത്തില്‍ ഇരു ടീമുകളും തമ്മില്‍ വലിയ വ്യത്യാസമില്ല. അതുകൊണ്ടുതന്നെ വളരെ കരുതലോടെയാവണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റ് ടീമിനെ തെരഞ്ഞെടുക്കേണ്ടത്.

അക്തര്‍ 'ഏറുകാരനെന്ന്' സെവാഗ്, മറുപടിയുമായി പാക് പേസര്‍

കരുത്തുറ്റ ടീമിനെയായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. അങ്ങനെ വന്നാല്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് മുന്നേറാന്‍ ഇന്ത്യക്കാവും. ഒരുലക്ഷം പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ 70000ത്തോളം പേരും ഇന്ത്യയെ പിന്തുണക്കുന്നവരാകും. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം മുഴുവന്‍ പാക്കിസ്ഥാനാവും. എന്തായാലും ഇത്തവണ പാക്കിസ്ഥാന്‍ അനായാസ ജയം പ്രതീക്ഷക്കേണ്ടെന്നും അക്തര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.