പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(6) വോക്സ് മടക്കി പേസര്‍മാര്‍ ഉഴുതുമറിച്ച പിച്ചില്‍ പിന്നെ കണ്ടത് സ്പിന്നര്‍മാരുടെ വിളവെടുപ്പായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസിനെ(0) ആദില്‍ റഷീദ് മടക്കുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സെ ഉണ്ടായിരുന്നുള്ളു.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 (Super 12)പോരാട്ടത്തില്‍ ഓസ്ട്രേലിയയെ( Australia) എറിഞ്ഞിട്ട് ഇംഗ്ലണ്ട്(England). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ 125 റണ്‍സിന് ഓള്‍ ഔട്ടായി. 44 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ്(Aaron Finch) ഓസീസിന്‍റെ ടോപ് സ്കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍(Chris Jordan) മൂന്ന് വിക്കറ്റെടുത്തു.

തലയറുത്ത് പേസര്‍മാര്‍, നടുവൊടിച്ച് സ്പിന്നര്‍മാര്‍

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസിസിന്‍റെ മുന്‍നിരയെ തൂത്തെറിഞ്ഞത് ഓസീസ് പേസര്‍മാരായ ക്രിസ് ജോര്‍ദാനും ക്രിസ് വോക്സും ചേര്‍ന്നായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഓവറില്‍ ഒരു റണ്ണുമായി മടങ്ങി. വോക്സിനായിരുന്നു വിക്കറ്റ്.

View post on Instagram

വണ്‍ഡൗണായി എത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ(1) ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ ക്രിസ് വോക്സ് മനോഹരമായി കൈയിലൊതുക്കി. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(6) വോക്സ് മടക്കി പേസര്‍മാര്‍ ഉഴുതുമറിച്ച പിച്ചില്‍ പിന്നെ കണ്ടത് സ്പിന്നര്‍മാരുടെ വിളവെടുപ്പായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസിനെ(0) ആദില്‍ റഷീദ് മടക്കുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സെ ഉണ്ടായിരുന്നുള്ളു.

View post on Instagram

മാത്യു വെയ്ഡും ഫിഞ്ചും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഓസീസിനെ 50 കടക്കാന്‍ സഹായിച്ചു. എന്നാല്‍ ടീം സ്കോര്‍ 50 കടന്നതിന് പിന്നാലെ ലിവിംഗ്‌സ്റ്റണെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ മാത്യു വെയ്ഡ്(18) മടങ്ങി. 51-5ലേക്ക് വീണ ഓസീസിനെ ആറാം വിക്കറ്റില്‍ ആഷ്ടണ്‍ അഗറും ഫിഞ്ചും ചേര്‍ന്ന് 100ന് അടുത്തെത്തിച്ചു. അഗറിനെ(20) മടക്കി ടൈമല്‍ മില്‍സ് കൂട്ടുകെട്ട് പൊളിച്ചതോടെ ഓസീസ് വീണ്ടും തകര്‍ച്ചയിലായി.

View post on Instagram

ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ചിനെ ജോണി ബെയര്‍സ്റ്റോ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തി പാറ്റ് കമിന്‍സിനെ ജോര്‍ദന്‍ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി. അവസാന ഓവറില്‍ തകര്‍ത്തടിച്ച മിച്ചല്‍ സ്റ്റാര്‍ക്ക്(6 പന്തില്‍ 13) ഓസീസിന് 125 റണ്‍സിലെത്തിച്ചു.

View post on Instagram

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്സ് നാലോവറില്‍ 23 റണ്‍സിന് രണ്ടും ആദില്‍ റഷീദ് നാലോവറില്‍ 19 റണ്‍സിനും ലിയാം ലിവിംഗ്‌സ്റ്റണ്‍ നാലോവറില്‍ 15 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ടൈമല്‍ മില്‍സ് നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.