മൂന്ന് വിക്കറ്റുമായി ബ്രാഡ്‌ലി വീല്‍സും രണ്ട് വിക്കറ്റുമായി ക്രിസ് ഗ്രീവ്‌സും ഓരോരുത്തരെ പുറത്താക്കി ജോഷ് ഡേവിയും മാര്‍ക് വാട്ടുമാണ് ബംഗ്ലാദേശിനെ ഞെട്ടിച്ചത്

മസ്‌കറ്റ്: ടി20 ലോകകപ്പ്(T20 World Cup 2021) യോഗ്യതാ മത്സരത്തില്‍ ബംഗ്ലാദേശിനെ(Bangladesh) ആറ് റണ്‍സിന് തകര്‍ത്ത് സ്‌കോട്‌ലന്‍ഡ്(Scotland). 141 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാ കടുവകള്‍ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മൂന്ന് വിക്കറ്റുമായി ബ്രാഡ്‌ലി വീല്‍സും രണ്ട് വിക്കറ്റുമായി ക്രിസ് ഗ്രീവ്‌സും ഓരോരുത്തരെ പുറത്താക്കി ജോഷ് ഡേവിയും മാര്‍ക് വാട്ടുമാണ് ബംഗ്ലാദേശിനെ ഞെട്ടിച്ചത്. 

ബംഗ്ലാ തുടക്കം തകര്‍ച്ചയോടെ

ബംഗ്ലാദേശിന്‍റെ മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍(5) ഡേവിയുടെ രണ്ടാം ഓവറില്‍ മന്‍സിയുടെ കൈകളിലെത്തി. തൊട്ടടുത്ത ഓവറില്‍ സഹഓപ്പണര്‍ ലിറ്റണ്‍ ദാസ്(5) വീലിന് മുന്നില്‍ കീഴടങ്ങി. മന്‍സിക്കായിരുന്നു ഈ ക്യാച്ചും. മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസന്‍-മുഷ്‌ഫീഖുര്‍ റഹീം സഖ്യത്തിലായിരുന്നു ബംഗ്ലാ പ്രതീക്ഷകള്‍. എന്നാല്‍ 12-ാം ഓവറില്‍ ഗ്രീവ്‌സ് ഈ കൂട്ടുകെട്ട് പൊളിച്ചു. ഷാക്കിബ്(20) ബൗണ്ടറിയില്‍ മക്‌ലിയോഡിന്‍റെ ക്യാച്ചില്‍ അവസാനിച്ചു. 

മുഷ്‌ഫീഖുര്‍ ടോപ് സ്‌കോറര്‍

മുഷ്‌ഫീഖുറിന്‍റെ പോരാട്ടവും അധികം നീണ്ടില്ല. 14-ാം ഓവറില്‍ ഗ്രീവ്‌സ് തന്നെയാണ് മുഷ്‌ഫീഖുറിനേയും(38) മടക്കിയത്. അഫീഫ് ഹൊസൈന്‍ 18ല്‍ മടങ്ങിയപ്പോള്‍ നുരുല‍ ഹസന്‍ രണ്ടും നായകന്‍ മഹമ്മദുള്ള 23ലും വീണു. ഇതോടെ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ 24 റണ്‍സ് വേണമെന്നായി. എന്നാല്‍ മെഹിദി ഹസന്‍റേയും(13*), മുഹമ്മദ് സൈഫുദ്ദീന്‍റേയും(5*) പോരാട്ടം ഏഴ് റണ്‍സകലെ അവസാനിച്ചു. 

ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് കൂട്ടത്തകര്‍ച്ചയ്‌ക്ക് ശേഷം വാലറ്റത്തിന്‍റെ കരുത്തില്‍ തിരിച്ചെത്തുകയായിരുന്നു. 20 ഓവറില്‍ 9 വിക്കറ്റിന് 140 റണ്‍സെടുത്തു. ഏഴാമനായിറങ്ങി 28 പന്തില്‍ 45 റണ്‍സെടുത്ത ക്രിസ് ഗ്രീവ്‌സാണ് ടോപ് സ്‌കോറര്‍. ബംഗ്ലാ കടുവകള്‍ക്കായി മെഹിദി ഹസന്‍ മൂന്ന് വിക്കറ്റ് നേടി. 

സ്‌കോട്‌ലന്‍ഡിനെ ബാറ്റിംഗിനയച്ച ബംഗ്ലാ നായകന്‍ മഹമ്മദുള്ളയുടെ തീരുമാനം ശരിവെക്കുന്ന കാഴ്‌ചയാണ് മത്സരത്തിന്‍റെ തുടക്കം മുതല്‍ കണ്ടത്. സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്നാം ഓവറില്‍ ഓപ്പണറും നായകനുമായ കെയ്‌ല്‍ കോറ്റ്‌സറിനെ(0) സൈഫുദ്ദീന്‍ ബൗള്‍ഡാക്കി.

എട്ട് റണ്‍സിനിടെ നാല് വിക്കറ്റ്!

എട്ടാം ഓവറില്‍ മെഹിദി ഹസന്‍ സ്‌കോട്‌ലന്‍ഡിന് ഇരട്ട പ്രഹരം നല്‍കി. മൂന്നാമനായെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മാത്യൂ ക്രോസ് 11ല്‍ നില്‍ക്കേ എല്‍ബിയില്‍ കുടുങ്ങി. മറ്റൊരു ഓപ്പണര്‍ ജോര്‍ജ് മുന്‍സി(29) മൂന്ന് പന്തുകളുടെ ഇടവേളയില്‍ ബൗള്‍ഡായതോടെ സ്‌കോട്‌ലന്‍ഡ് 46-3. എറിച്ചീ ബെറിംഗ്‌ടണ്‍(2), മൈക്കല്‍ ലീസ്‌ക്(0) എന്നിവരെ ഷാക്കിബ് 11-ാം ഓവറിലും തൊട്ടടുത്ത ഓവറില്‍ കാലം മക്‌ലിയോഡിനെ മെഹിദിയും മടക്കിയതോടെ 53-6 എന്ന നിലയില്‍ സ്‌കോട്‌ലന്‍ഡ് പരുങ്ങി. എട്ട് റണ്‍സിനിടെ വീണത് നാല് വിക്കറ്റ്. 

തകര്‍ത്തടിച്ച് ഗ്രീവ്‌സ്

എന്നാല്‍ ഏഴാം വിക്കറ്റിലെ ക്രിസ് ഗ്രീവ്സ്-മാര്‍ക് വാട്ട് ആക്രമണം 17-ാം ഓവറില്‍ സ്‌കോട്‌ലന്‍ഡിനെ 100 കടത്തി. തസ്‌കിന്‍ തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ വാട്ടിനെ(22) സൗമ്യയുടെ കൈകളിലെത്തിച്ച് 51 റണ്‍സിന്‍റെ കൂട്ടുകെട്ട് പൊളിച്ചു. ബൗണ്ടറികളുമായി കുതിച്ച ഗ്രീവ്‌സിനെ 28 പന്തില്‍ 45 റണ്‍സെടുത്ത് നില്‍ക്കേ അവസാന ഓവറിലെ രണ്ടാം പന്തില്‍ മുസ്‌തഫിസൂര്‍ മടക്കി. തൊട്ടുടത്ത പന്തില്‍ ജോഷ് ഡേവി(8) ബൗള്‍ഡായി. സഫ്‌യാന്‍ ഷരീഫ് എട്ടും ബ്രാഡ്‌ലി വീല്‍ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

10 വിക്കറ്റ് ജയം! ടി20 ലോകകപ്പ് യോഗ്യതാ മത്സരം ആഘോഷമാക്കി ഒമാന്‍