സെമിയിലെത്താന്‍ വമ്പന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വാന്‍ഡര്‍ ദസ്സനും മാര്‍ക്രവും ചേര്‍ന്ന് വലിയ സ്കോറിലേക്ക് നയിച്ചു. ഡി കോക്ക് പുറത്തായശേഷമെത്തിയ മാര്‍ക്രവുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വാന്‍ഡര്‍ ദസ്സന്‍ 13-ാം ഓവറില്‍ ദക്ഷിണാഫ്രിക്കയെ 100 കടത്തി.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup) ഗ്രൂപ്പ് ഒന്നില്‍ന്നുള്ള സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ(South Africa) ഇംഗ്ലണ്ടിന്(England) 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക റാസി വാന്‍ഡര്‍ ദസ്സന്‍റെയും(Rassie van der Dussen) ഏയ്ഡന്‍ മാര്‍ക്രത്തിന്‍റെയും(Aiden Markram) തകര്‍പ്പന്‍ അര്‍ധസെഞ്ചുരികളുടെ കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തു. 60 പന്തില്‍ 94 റണ്‍സെടുത്ത വാന്‍ഡര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മാര്‍ക്രം 25 പന്തില്‍ 52 റണ്‍സെടുത്തു. ഇംഗ്ലണ്ടിനായി മൊയീന്‍ അലിയും ആദില്‍ റഷീദും ഓരോ വിക്കറ്റെടുത്തു.

തുടക്കം മോശമായിട്ടും ഒടുക്കം ഗംഭീരമാക്കി ദക്ഷിണാഫ്രിക്ക

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ആശിച്ച തുടക്കമല്ല ലഭിച്ചത്. രണ്ട് റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്സിനെ മൊയീന്‍ അലി ബൗള്‍ഡാക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്വിന്‍റണ്‍ ഡീ കോക്കും റാസി വാന്‍ഡര്‍ ദസ്സനും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 27 പന്തില്‍ 34 റണ്‍സെടുത്ത ഡി കോക്കിനെ ആദില്‍ റഷീദ് വീഴ്ത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ പന്ത്രണ്ടാം ഓവറില്‍ 86 റണ്‍സിലെത്തിയിരുന്നു..

ദക്ഷിണാഫ്രിക്കയെ ചുമലിലേറ്റി വാന്‍ഡര്‍ ദസ്സനും മാര്‍ക്രവും

സെമിയിലെത്താന്‍ വമ്പന്‍ ജയം അനിവാര്യമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ വാന്‍ഡര്‍ ദസ്സനും മാര്‍ക്രവും ചേര്‍ന്ന് വലിയ സ്കോറിലേക്ക് നയിച്ചു. ഡി കോക്ക് പുറത്തായശേഷമെത്തിയ മാര്‍ക്രവുമൊത്ത് മികച്ച കൂട്ടുകെട്ടുണ്ടാക്കിയ വാന്‍ഡര്‍ ദസ്സന്‍ 13-ാം ഓവറില്‍ ദക്ഷിണാഫ്രിക്കയെ 100 കടത്തി. 37 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച വാന്‍ഡര്‍ ദസ്സന്‍ 60 പന്തില്‍ 94 റണ്‍സുമായി പുറത്താകാതെ നിന്നു. ആറ് സിക്സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് വാന്‍ഡര്‍ ദസ്സന്‍റെ ഇന്നിംഗ്സ്. മറുവശത്ത് ദസ്സന് മികച്ച പിന്തുണ നല്‍കിയ മാര്‍ക്രം അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. അവസാന അഞ്ചോവറില്‍ 61 റണ്‍സാണ് ഇംഗ്ലീഷ് ബൗളര്‍മാര്‍ വഴങ്ങിയത്.

Scroll to load tweet…

ക്രിസ് വോക്സ് നാലോവറില്‍ 43 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മാര്‍ക്ക് വുഡ് നാലോവറില്‍ 47 റണ്‍സ് വഴങ്ങി. ക്രിസ് ജോര്‍ദാന്‍ നാലോവറില്‍ 36 റണ്‍സ് വിട്ടുകൊടുത്തു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് ഇംഗ്ലണ്ടിനെതിരെ വമ്പന്‍ ജയം നേടിയാലെ സെമിയിലെത്താനാവു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ(West Indies) ഓസ്ട്രേലിയ(Australia) വലിയ മാര്‍ജിനില്‍ ജയിച്ചതിനാല്‍ ഓസ്ട്രേലിയയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുക എന്നതാണ് ദക്ഷിണാഫ്രിക്കക്ക് മുന്നിലുള്ള വലിയ വെല്ലുവിളി. നിലവില്‍ ഓസ്ട്രേലിയക്ക് +1.216 നെറ്റ് റണ്‍റേറ്റുണ്ട്. ദക്ഷിണാഫ്രിക്കയുടെ നെറ്റ് റണ്‍റേറ്റ് +0.742 ആണ്. 60 റണ്‍സ് വ്യത്യാസത്തിലെങ്കിലും ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാലെ റണ്‍റേറ്റില്‍ ഓസീസിനെ പിന്നിലാക്കാന്‍ ദക്ഷിണാഫ്രിക്കക്ക് കഴിയു.

ഗ്രൂപ്പില്‍ കളിച്ച നാലു കളികളും ജയിച്ച് ഇംഗ്ലണ്ട് നേരത്തെ സെമിയിലെത്തിയിരുന്നു. ശ്രീലങ്കക്കെതിരായ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇംഗ്ലണ്ട് ഇന്ന് ഇറങ്ങുന്നത്. പരിക്കേറ്റ് മടങ്ങിയ ടൈമല്‍ മില്‍സിന് പകരം മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിന്‍റെ അന്തിമ ഇലവനിലെത്തി. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.