Asianet News MalayalamAsianet News Malayalam

T20 World Cup | ഫൈനലില്‍ റെക്കോര്‍ഡിട്ട് കെയ്‌ന്‍ വില്യംസണ്‍; ഉടനടി തകര്‍ത്ത് മിച്ചല്‍ മാര്‍ഷ്

ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം

T20 World Cup 2021 Final Mitchell Marsh create record for fastest 50 in T20 WC finals
Author
Dubai - United Arab Emirates, First Published Nov 15, 2021, 10:47 AM IST

ദുബായ്: ടി20 ലോകകപ്പ് ഫൈനലില്‍(T20 World Cup 2021 Final) ന്യൂസിലന്‍ഡിനെതിരെ ഓസ്‌ട്രേലിയയുടെ(NZ vs AUS) വിജയശില്‍പിയായ മിച്ചല്‍ മാര്‍ഷിന്(Mitchell Marsh) റെക്കോര്‍ഡ്. ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധ ശതകത്തിന്‍റെ റെക്കോര്‍ഡ് മാര്‍ഷ് പേരിലാക്കി. ദുബായില്‍ മാര്‍ഷ് 31 പന്തില്‍ ഫിഫ്റ്റി തികച്ചപ്പോള്‍ ഇതേ മത്സരത്തില്‍ തന്നെ 32 പന്തില്‍ അമ്പത് തികച്ച കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ(Kane Williamson) റെക്കോര്‍ഡ് പഴങ്കഥയായി. 2014ല്‍ ഇന്ത്യക്കെതിരെ 33 പന്തില്‍ ഫിഫ്റ്റി കണ്ടെത്തിയ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയുടെ(Kumar Sangakkara) പേരിലായിരുന്നു നേരത്തെ റെക്കോര്‍ഡുണ്ടായിരുന്നത്. 

ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ചാമ്പ്യന്‍മാരായപ്പോള്‍ മിച്ചല്‍ മാര്‍ഷായിരുന്നു കളിയിലെ താരം. 173 റണ്‍സ് ലക്ഷ്യം പിന്തുടരവേ മൂന്നാമനായി ക്രീസിലെത്തിയ മാര്‍ഷ് നേരിട്ട ആദ്യ മൂന്ന് പന്തില്‍ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും നേടി എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം 92 ഉം ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പം 66 ഉം റണ്‍സ് കൂട്ടുകെട്ട് സൃഷ്‌ടിച്ചാണ് മാര്‍ഷ് ഓസീസിന്‍റെ വിജയശില്‍പിയായത്. 

കലാശപ്പോരില്‍ 173 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടി. ഡേവിഡ് വാര്‍ണര്‍ 38 പന്തില്‍ 53 റണ്‍സുമായി മടങ്ങി. നായകന്‍ ആരോണ്‍ ഫിഞ്ചാണ്(5) പുറത്തായ മറ്റൊരു ഓസീസ് താരം. ട്രെന്‍ഡ് ബോള്‍ട്ടാണ് ഇരുവരുടേയും വിക്കറ്റ് വീഴ്‌ത്തിയത്. എന്നാല്‍ മിച്ചല്‍ മാര്‍ഷും(50 പന്തില്‍ 77*), ഗ്ലെന്‍ മാക്‌സ്‌വെല്ലും(18 പന്തില്‍ 28*) പുറത്താകാതെ നിന്ന് ഓസീസിനെ 18.5 ഓവറില്‍ ജയത്തിലെത്തിച്ചു. 

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. സ്റ്റാര്‍ക്കിനെ തലങ്ങുംവിലങ്ങും പായിച്ച് 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ജോഷ് ഹേസല്‍വുഡ് മൂന്നും ആദം സാംപ ഒന്നും വിക്കറ്റ് നേടിയപ്പോള്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി. മാര്‍ഷ് കളിയിലെയും വാര്‍ണര്‍ ടൂര്‍ണമെന്‍റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

T20 World Cup | മിച്ചൽ മാർഷും ജോഷ് ഹേസൽവുഡും യുവ്‍രാജ് സിംഗിനൊപ്പം എലൈറ്റ് പട്ടികയില്‍

 

Follow Us:
Download App:
  • android
  • ios