Asianet News MalayalamAsianet News Malayalam

T20 World Cup | മിച്ചൽ മാർഷും ജോഷ് ഹേസൽവുഡും യുവ്‍രാജ് സിംഗിനൊപ്പം എലൈറ്റ് പട്ടികയില്‍

യുവരാജ് രണ്ടായിരത്തിൽ അണ്ടർ 19 ലോകകപ്പിലും 2007ൽ ടി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും കിരീട നേട്ടത്തിൽ പങ്കാളിയായി

T20 World Cup 2021 Mitchell Marsh Josh Hazlewood enter elite list with Yuvraj Singh
Author
Dubai - United Arab Emirates, First Published Nov 15, 2021, 9:54 AM IST

ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021) വിജയത്തോടെ ഓസ്‌ട്രേലിയന്‍ താരങ്ങളായ മിച്ചൽ മാർഷും(Mitchell Marsh) ജോഷ് ഹേസൽവുഡും(Josh Hazlewood) മറ്റൊരു അപൂർവ നേട്ടം കൂടി സ്വന്തമാക്കി. ഇന്ത്യയുടെ യുവ്‍രാജ് സിംഗ്(Yuvraj Singh) മാത്രം സ്വന്തമാക്കിയിരുന്ന നേട്ടത്തിനൊപ്പമാണ് മാർഷും ഹേസൽവു‍ഡും എത്തിയിരിക്കുന്നത്. അണ്ടർ 19 ലോകകപ്പിലും ഏകദിന ലോകകപ്പിലും ടി20 ലോകകപ്പിലും കിരീടം നേടിയ താരങ്ങൾ എന്ന നേട്ടമാണ് യുവരാജിനൊപ്പം ഇന്നലെ മാർഷും ഹേസൽവുഡും സ്വന്തമാക്കിയത്. 

യുവരാജ് രണ്ടായിരത്തിൽ അണ്ടർ 19 ലോകകപ്പിലും 2007ൽ ടി20 ലോകകപ്പിലും 2011ൽ ഏകദിന ലോകകപ്പിലും കിരീട നേട്ടത്തിൽ പങ്കാളിയായി. മിച്ചൽ മാർഷും ഹേസല്‍വുഡും 2010ൽ അണ്ടർ 19 ലോകകപ്പിലും 2015ൽ ഏകദിന ലോകകപ്പിലും 2021ൽ ടി20 ലോകകപ്പിലും കിരീട വിജയത്തിൽ പങ്കാളികളായി.

ഓസ്‌ട്രേലിയ ലോക ചാമ്പ്യന്‍മാര്‍

ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ പുതിയ ചാമ്പ്യന്‍മാരായി. 173 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ സ്വന്തമാക്കുകയായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡ് താരമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), മിച്ചല്‍ മാര്‍ഷ്(50 പന്തില്‍ 77*), ഗ്ലെന്‍ മാക്‌സ്‌വെല്‍(18 പന്തില്‍ 28*) എന്നിവരാണ് ബാറ്റിംഗില്‍ കംഗാരുക്കള്‍ക്ക് ജയമൊരുക്കിയത്. 

T20 World Cup | അഞ്ച് തുടര്‍ പരമ്പര തോല്‍വികള്‍, ഏഴാം റാങ്കുമായി ലോകകപ്പിന്; ഒടുവില്‍ ഓസീസിന് കിരീടം!

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. സ്റ്റാര്‍ക്കിനെ തലങ്ങുംവിലങ്ങും അടിച്ച് 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. 28 റണ്‍സെടുത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് രണ്ടാമത്തെ ഉയര്‍ന്ന സ്‌കോറുകാരന്‍. ജോഷ് ഹേസല്‍വുഡ് മൂന്നും ആദം സാംപ ഒന്നും വിക്കറ്റ് നേടിയപ്പോള്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് അടിവാങ്ങിക്കൂട്ടി. നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങിയ സ്റ്റാര്‍ക്കിന് വിക്കറ്റൊന്നും ലഭിച്ചില്ല. മാര്‍ഷ് ഫൈനലിലെയും വാര്‍ണര്‍ ടൂര്‍ണമെന്‍റിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു. 

T20 World Cup | 'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ് '; സൂപ്പര്‍ഹീറോകളായി വാര്‍ണറും മാര്‍ഷും

Follow Us:
Download App:
  • android
  • ios