ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്‍ന്ന് ആധികാരികമായിരുന്നു പാകിസ്ഥാന്റെ ജയം. ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയുടെ(Team India) തുടക്കം നിരാശയോടെയായിരുന്നു. ആവേശപ്പോരാട്ടത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനോട്(Pakistan) ഇന്ത്യ 10 വിക്കറ്റിനാണ് തോല്‍വി വഴങ്ങിയത്. ഇന്ത്യയുടെ 151 റണ്‍സ് പിന്തുടര്‍ന്ന് ആധികാരികമായിരുന്നു പാകിസ്ഥാന്റെ ജയം. ഇന്ത്യയെ തോൽവിയിലേക്ക് നയിച്ച അഞ്ച് കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

1. ടോസ് നഷ്‌ടമായത്- ദുബായിൽ ടോസ് നിർണായകമായിരുന്നു. ടോസ് കിട്ടുന്നവർ ബൗളിംഗ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പ്. അവിടെ തുടങ്ങി ഇന്ത്യയുടെ നിർഭാഗ്യം. ടോസ് നഷ്‌ടപ്പെട്ട ഇന്ത്യക്ക് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നു.

2. ഷഹീൻ അഫ്രീദിയുടെ ഓപ്പണിംഗ് സ്‌പെൽ- ഷഹീൻ അഫ്രീദിയുടെ ഓപ്പണിംഗ് സ്‌പെൽ ഇന്ത്യൻ ബാറ്റ്സ്‌മാൻമാരെ വെള്ളം കുടിപ്പിച്ചു. രോഹിത് ശർമ്മയെയും കെ എൽ രാഹുലിനെയും തുടക്കത്തിലെ പുറത്താക്കിയ ഷഹീൻ അഫ്രീദി പാകിസ്ഥാന് മേധാവിത്വം നൽകി. 

3. ഷദാബ് ഖാന്‍റെ ബൗളിംഗ്- നാല് ഓവറിൽ 22 റൺസ് മാത്രം വിട്ടുനൽകിയ ഷദാബ് ഖാൻ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായ റിഷഭ് പന്തിനെ പുറത്താക്കുകയും ചെയ്തു.

4. പാക് ഫീൽഡിംഗ്- ഫീൽഡിംഗിലും മികച്ചുനിന്നത് പാകിസ്ഥാൻ തന്നെ

5. പാക് ഓപ്പണിംഗ് ബാറ്റേഴ്‌സ്- ജസ്‌പ്രീത് ബുമ്ര ഉൾപ്പെടെയുള്ള ഇന്ത്യൻ ബൗളർമാർക്ക് ദുബായിലെ പിച്ചിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല. മുഹമ്മദ് റിസ്‌വാന്‍റെയും നായകൻ ബാബർ അസമിന്‍റേയും അർധസെഞ്ചുറി പ്രകടനം പാകിസ്ഥാന് ആദ്യ ജയം സമ്മാനിച്ചു. 

ദുബായില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു. 

ടി20 ലോകകപ്പ്: കോലിപ്പോരാട്ടം പാഴായി; ബാബര്‍-റിസ്‌വാന്‍ അതിശയ കൂട്ടുകെട്ടില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം