Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്; ബാറ്റിംഗ് വെടിക്കെട്ടുമായി ഇഷാനും രാഹുലും, ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയസന്നാഹം

ക്രിസ് വോക്സ് എറിഞ്ഞ നാലാം ഓവറില്‍ ഗിയര്‍ മാറ്റിയ രാഹുല്‍ മൂന്നു ഫോറും ഒറു സിക്സുമടക്കം 18 റണ്‍സടിച്ച് പവര്‍പ്ലേ പവറാക്കി. മാര്‍ക്ക് വുഡിന്‍റെ അടുത്ത ഓവറില്‍ ഇഷാന്‍ കിഷനും മോശമാക്കിയില്ല. രണ്ട് ഫോറും ഒരു സിക്സും അടക്കം 16 റണ്‍സ്. 5.1 ഓവറില്‍ 50 കടന്ന ഇന്ത്യ സ്പിന്നര്‍മാരെയും നിലംതൊടീച്ചില്ല.

T20 World Cup 2021:India beat England by 6 wickets in warm up match
Author
Dubai - United Arab Emirates, First Published Oct 18, 2021, 11:14 PM IST

ദുബായ്: ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) ആറ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഇഷാന്‍ കിഷന്‍റെയും കെ എല്‍ രാഹുലിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടുകളുടെ കരുത്തില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 188-5. ഇന്ത്യ 19 ഓവറില്‍ 192-3. 46 പന്തില്‍ 70 റണ്‍സെടുത്ത ഇഷാന്‍ കിഷനാണ്(Ishan Kishan) ഇന്ത്യയുടെ ടോപ് സ്കോറര്‍.

കരുതലോടെ തുടങ്ങി കരുത്തരായി ഇഷാനും രാഹുലും

കരുതലോടെയാണ് ഇന്ത്യക്കായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനും തുടങ്ങിയത്. പവര്‍പ്ലേയിലെ ആദ്യ മൂന്നോവറില്‍ പിറന്നത് 15 റണ്‍സ് മാത്രം. എന്നാല്‍ ക്രിസ് വോക്സ് എറിഞ്ഞ നാലാം ഓവറില്‍ ഗിയര്‍ മാറ്റിയ രാഹുല്‍ മൂന്നു ഫോറും ഒറു സിക്സുമടക്കം 18 റണ്‍സടിച്ച് പവര്‍പ്ലേ പവറാക്കി. മാര്‍ക്ക് വുഡിന്‍റെ അടുത്ത ഓവറില്‍ ഇഷാന്‍ കിഷനും മോശമാക്കിയില്ല. രണ്ട് ഫോറും ഒരു സിക്സും അടക്കം 16 റണ്‍സ്. 5.1 ഓവറില്‍ 50 കടന്ന ഇന്ത്യ സ്പിന്നര്‍മാരെയും നിലംതൊടീച്ചില്ല. ഇന്ത്യക്കെതിരെ അവസാന ഓവറില്‍ ആഞ്ഞടിച്ച മൊയീന്‍ അലിയുടെ ആദ്യ ഓവറില്‍ തന്നെ രാഹുല്‍ 14 റണ്‍സടിച്ചു.

23 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുല്‍ മാര്‍ക്ക് വുഡിന്‍റെ അടുത്ത പന്തില്‍ പുറത്തായി. ആറ് ഫോറും മൂന്ന് സിക്സും സഹിതമാണ് രാഹുല്‍ 51 റണ്‍സടിച്ചത്. രാഹുല്‍ പുറത്തുപോയതോടെ ക്യാപ്റ്റന്‍ വിരാട് കോലി ക്രീസിലെത്തി. അതുവരെ രാഹുലിന്‍റെ നിഴലില്‍ ഒതുങ്ങി നിന്ന ഇഷാന്‍ കിഷന്‍ തകര്‍ത്തടിക്കുന്നതാണ് പിന്നീട് കണ്ടത്. ആദില്‍ റഷീദ് എറിഞ്ഞ പന്ത്രണ്ടാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും അടക്കം 24 റണ്‍സടിച്ച കിഷന്‍ 36 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. പതിനഞ്ചാം ഓവറില്‍ ബട്‌ലറും പതിനാറാം ഓവറില്‍ ലിയാം ലിവിംഗ്സ്റ്റണും ഇഷാന്‍ കിഷനെ കൈവിട്ടതിന് പിന്നാലെ കിഷന്‍ റിട്ടയേര്‍ഡ് ഔട്ടായി. 46 പന്തില്‍ 70 റണ്‍സടിച്ച കിഷന്‍ ഏഴ് ഫോറും മൂന്ന് സിക്സും പറത്തി.

വിജയവര കടത്തി പന്തും പാണ്ഡ്യയും

അവസാന നാലോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 35 റണ്‍സും രണ്ടോവറില്‍ 20 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. കിഷന്‍ മടങ്ങിയ ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് എട്ടു റണ്‍സുമായി മടങ്ങിയെങ്കിലും റിഷഭ് പന്തും ഹര്‍ദ്ദിക്  പാണ്ഡ്യയും സമ്മര്‍ദ്ദമൊന്നുമില്ലാതെ ഇന്ത്യയെ വിജയവര കടത്തി. ക്രിസ് ജോര്‍ദ്ദാന്‍ എറിഞ്ഞ പത്തൊമ്പാതാം ഓവറില്‍ ഹര്‍ദ്ദിക് രണ്ട് ബൗണ്ടറി നേടിയപ്പോള്‍ നോ ബോളെറിഞ്ഞ ജോര്‍ദ്ദാന്‍റെ  പന്ത് ബട്‌ലറെ മറികടന്ന്  ബൗണ്ടറി കടന്നതോടെ അഞ്ച് എക്സ്ട്രാ റണ്ണുകളും ലഭിച്ചത് ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 14 പന്തില്‍ 29 റണ്‍സുമായി റിഷഭ് പന്തും 12 റണ്‍സോടെ ഹര്‍ദ്ദിക് പാണ്ഡ്യയും പുറത്താകാതെ നിന്നു. മൂന്ന് സിക്സും ഒരു ഫോറും പറത്തിയാണ് പന്ത് 29 റണ്‍സെടുത്തത്.

വെടിക്കെട്ടിനിടയിലും നിരാശപ്പെടുത്തി കോലിയും സൂര്യകുമാറും

കിഷനും രാഹുലും ബാറ്റിംഗ് വെടിക്കെട്ട് ഒരുക്കിയപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. 13 പന്തില്‍ 11 റണ്‍സെടുത്ത കോലി ഒറ്റ ബൗണ്ടറിപോലും നേടാതെ ലിയാം ലിവിംഗ്സ്റ്റണിന്‍റെ പന്തില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കി മടങ്ങി. ഒമ്പത് പന്തില്‍ എട്ട് റണ്‍സടിച്ച സൂര്യകുമാര്‍ ഒരു ബൗണ്ടറിയടിച്ചു. കോലി മടങ്ങിയശേഷം ക്രീസിലിറങ്ങിയ റിഷഭ് പന്ത് മൊയീന്‍ അലിക്കെതിരെ രണ്ട് സിക്സടിച്ചാണ് തുടങ്ങിയത്.

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും(20 പന്തില്‍ 43*) ജോണി ബെയര്‍സ്റ്റോയുടെയും(36 പന്തില്‍ 49) ലിയാം ലിവിംഗ്സ്റ്റണിന്‍റെയും(20 പന്തില്‍ 30) വെിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തിലാണ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.

ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേസണ്‍ റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കമാണ്  നല്‍കിയത്. ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബട്‌ലറും റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം ഓവറില്‍ 36 റണ്‍സിലെത്തിച്ചു. എന്നാല്‍ നാലാം ഓവറില്‍ ബട്‌ലറെ(13 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ജേസണ്‍ റോയിയെ(13 പന്തില്‍ 17) ബുമ്രയുടെ കൈകളിലെത്തിച്ച് ഷമി ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടു.

തകര്‍ത്തടിച്ച് ബെയര്‍സ്റ്റോ, കൂട്ടിന് ലിവിംഗ്സറ്റണും അലിയും

ഡേവിഡ് മലനുമൊത്ത് ബെയര്‍സ്റ്റോ ഇംഗ്ലണ്ട് സ്കോര്‍ 77 ല്‍ എത്തിച്ചെങ്കിലും മലനെ(18 പന്തില്‍ 18) മടക്കി രാഹുല്‍ ചാഹര്‍ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ മലന് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍(20 പന്തില്‍ 30) ബെയര്‍സ്റ്റോക്ക് ഒപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്കോര്‍ കുതിച്ചു. പതിമൂന്നാം ഓവറില്‍ 100 കടന്ന ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ രാഹുല്‍ ചാഹറിനെതിരെ 17 റണ്‍സടിച്ച് ടോപ് ഗിയറിലായി. പതിനഞ്ചാം ഓവറില്‍ ഷമി ലിവിംഗ്സ്റ്റണെ വീഴ്ത്തിയെങ്കിലും പിന്നീടെത്തിയ മൊയീന്‍ അലിയും മോശമാക്കിയില്ല.

അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ജോണി ബെയര്‍സ്റ്റോയെ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ നോക്കിയെങ്കിലും അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ 21 റണ്‍സടിച്ചുകൂട്ടി അലി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങി. ബുമ്ര നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 23 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു.

Follow Us:
Download App:
  • android
  • ios