ടോസ് നേടിയ ഓസ്ട്രേലിയ വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയും ക്രിസ് ഗെയ്ല്‍(Chris Gayle) ക്രീസിലേക്ക് വരികയും ചെയ്യുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്‌ലിനെ ക്രീസിലേക്ക് വീട്ടത്.

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup) സെമി കാണാതെ പുറത്തായെങ്കിലും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസും( West Indies) ഓസ്ട്രേലിയയും(Australia) തമ്മിലുള്ള സൂപ്പര്‍ 12 പോരാട്ടം ഓസ്ട്രേലിയക്ക് ക്വാര്‍ട്ടര്‍ ഫൈനലാണ്. വിന്‍ഡീസിനെ കീഴടക്കിയാല്‍ മാത്രമെ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഓസ്ട്രേലിയക്കാവു. എന്നാല്‍ നേരത്തെ പുറത്തായി കഴിഞ്ഞതിനാല്‍ വിന്‍ഡീസിന് അത്തരം സമ്മര്‍ദ്ദങ്ങളൊന്നുമില്ല. ടി20യിലെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോയുടെ(Dwayne Bravo) അവസാന മത്സരമെന്ന പ്രത്യേകത മാത്രമായിരുന്നു ഗ്രൗണ്ടിലിറങ്ങും മുമ്പ് വരെ ഈ മത്സരം വിന്‍ഡീസിന്.

എന്നാല്‍ ടോസ് നേടിയ ഓസ്ട്രേലിയ വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയും ക്രിസ് ഗെയ്ല്‍(Chris Gayle) ക്രീസിലേക്ക് വരികയും ചെയ്യുമ്പോള്‍ കണ്ടത് നാടകീയ രംഗങ്ങളായിരുന്നു. വിന്‍ഡീസ് താരങ്ങളെല്ലാം ചേര്‍ന്ന് എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് ഗെയ്‌ലിനെ ക്രീസിലേക്ക് വീട്ടത്. പതിവില്‍ നിന്ന് വ്യത്യസ്തമായി കൂളിംഗ് ഗ്ലാസ് ധരിച്ചാണ് ഗെയ്ല്‍ ബാറ്റ് ചെയ്യാനിറങ്ങിയത്. ഒമ്പത് പന്തില്‍ രണ്ട് സിക്സ് അടക്കം 15 റണ്‍സടിച്ച ഗെയ്‌ലിനെ പാറ്റ് കമിന്‍സ് ബൗള്‍ഡാക്കി.

Scroll to load tweet…

തുടര്‍ന്ന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങിയ ഗെയ്ല്‍ ചിരിച്ചുകൊണ്ട് ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്താണ് ക്രീസ് വിട്ടത്. ഡ്രസ്സിംഗ് റൂമിലേക്ക് കയറും മുമ്പ് ഡഗ് ഔട്ടിലിരുന്ന സഹതാരങ്ങളെയെല്ലാം ചിരിച്ചുകൊണ്ട് ആലിംഗനം ചെയ്യുന്ന ഗെയ്‌ലിനെയും കാണാമായിരുന്നു. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി ഗെയ്ല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത് ടി20 ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്‍റെ അവസാന മത്സരമായിരിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

Scroll to load tweet…

അതുകൊണ്ടുതന്നെ ഗെയ്‌ലിന് സമൂഹമാധ്യമങ്ങളില്‍ ആരാധകരുടെ ആശംസാപ്രവാഹമാണ്. ടി20 ക്രിക്കറ്റിന്‍റെ ബ്രാഡ‍്മാനാണ് ഗെയ്‌ലെന്നാണ് ആരാധകരില്‍ പലരും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനായി 79 മത്സരങ്ങളില്‍ കളിച്ച ഗെയ്ല്‍ 137.51 സ്ട്രൈക്ക് റേറ്റില്‍ 1899 റണ്‍സ് നേടിയിട്ടുണ്ട്. രണ്ട് സെഞ്ചുറിയും 14 അര്‍ധസെഞ്ചുറികളും ഗെയ്ല്‍ സ്വന്തമാക്കി. 19 വിക്കറ്റും ടി20യില്‍ ഗെയ്‌ലിന്‍റെ പേരിലുണ്ട്. 2006ല്‍ ന്യൂസിലന്‍ഡിനെതിരെ ആയിരുന്നു 42കാരനായ ഗെയ്‌ലിന്‍റെ ടി20 അരങ്ങേറ്റം.