ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് ഇടംപിടിക്കാനും മാര്‍ക്രമിനായി

ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍(Men's T20I Player Rankings) നേട്ടമുണ്ടാക്കി ഇന്ത്യയുടെ കെ എല്‍ രാഹുലും(KL Rahul) ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രമും(Aiden Markram) ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡും(Josh Hazlewood). ടി20 ലോകകപ്പില്‍(T20 World Cup 2021 ) തകര്‍പ്പന്‍ ഫോം കാഴ്‌‌ചവെച്ച രാഹുല്‍ ബാറ്റ്സ്‌മാന്‍മാരില്‍ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് അഞ്ചാമതെത്തി. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 25 പന്തില്‍ പുറത്താകാതെ 52 റണ്‍സ് നേടിയ മാര്‍ക്രം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഏഴാം സ്ഥാനത്ത് ഇടംപിടിക്കാനും മാര്‍ക്രമിനായി. അതേസമയം വിരാട് കോലിക്ക്(Virat Kohli) പുതിയ റാങ്കിംഗ് തിരിച്ചടിയായി. 

ശ്രദ്ധേയ മാറ്റങ്ങള്‍

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ സ്‌പിന്നര്‍ ആദം സാംപ അഞ്ചാം സ്ഥാനത്ത് എത്തിയപ്പോള്‍ ഹേസല്‍വുഡ് 11 സ്ഥാനങ്ങളുയര്‍ന്ന് എട്ടാമതെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരായ നാല് വിക്കറ്റ് പ്രകടനമാണ് ഹേസല്‍വുഡിനെ തുണച്ചത്. മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമെത്തിയ ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തിയാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ബൗളര്‍. 

ഓള്‍റൗണ്ടര്‍മാരില്‍ ഓസീസ് താരങ്ങളായ ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ മാര്‍ഷും നേട്ടമുണ്ടാക്കി. മൂന്ന് സ്ഥാനങ്ങളുടെ നേട്ടവുമായി മാക്‌സ്‌വെല്‍ നാലാം റാങ്കുകാരനായപ്പോള്‍ മാര്‍ഷ് അഞ്ച് സ്ഥാനങ്ങളുയര്‍ന്ന് ഒന്‍പതാമതെത്തി. കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗിലെത്തിയ(173) ലങ്കന്‍ സെന്‍സേഷന്‍ വനിന്ദു ഹസരംഗ ഒരു സ്ഥാനമുയര്‍ന്ന് മൂന്നാമതുമെത്തി. 

Scroll to load tweet…

രാഹുലിന് നേട്ടം, താഴേക്കിറങ്ങി കോലി

ബാറ്റ്സ്‌മാന്‍മാരില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ മാറ്റമില്ല. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസം തന്നെയാണ് ഒന്നാമത്. 839 റേറ്റിംഗ് പോയിന്‍റുകളാണ് അസമിനുള്ളത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍ രണ്ടാമത് തുടരുമ്പോള്‍ എയ്‌ഡന്‍ മാര്‍ക്രം മൂന്നാം സ്ഥാനത്തേക്കെത്തി. ആരോണ്‍ ഫിഞ്ച് നാലാം സ്ഥാനത്തേക്കിറങ്ങിയപ്പോള്‍ കെ എല്‍ രാഹുല്‍ അഞ്ചാം സ്ഥാനത്തേക്ക് ഇരച്ചെത്തിയത് ശ്രദ്ധേയമാണ്. ഒരു സ്ഥാനം നഷ്‌ടമായി എട്ടാമതുള്ള വിരാട് കോലിയാണ് റാങ്കിംഗില്‍ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍. 

ബൗളര്‍മാരില്‍ സ്‌പിന്നര്‍മാരുടെ മേധാവിത്വം തുടരുകയാണ്. 797 റേറ്റിംഗ് പോയിന്‍റുമായി ലങ്കയുടെ വനിന്ദു ഹസരംഗയാണ് തലപ്പത്ത്. ദക്ഷിണാഫ്രിക്കയുടെ തബ്രൈസ് ഷംസി രണ്ടാമതും ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് മൂന്നാം സ്ഥാനത്തും അഫ്‌ഗാന്‍റെ റാഷിദ് ഖാന്‍ നാലാമതും നിലയുറപ്പിച്ചു. ഓസീസിന്‍റെ ആദം സാംപ അഞ്ചാമതും അഫ്‌ഗാന്‍റെ മുജീബ് ഉര്‍ റഹ്‌മാന്‍ ആറാമതുമുണ്ട്. അതേസമയം ആദ്യ പത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരാരുമില്ല. 

ഓള്‍റൗണ്ടര്‍മാരില്‍ അഫ്‌ഗാന്‍ നായകന്‍ മുഹമ്മദ് നബിയാണ് ഒന്നാമത്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍ ലങ്കയുടെ വനിന്ദു ഹസരംഗ, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് തൊട്ടുപിന്നില്‍. ഈ പട്ടികയിലും ആദ്യ അഞ്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടംപിടിക്കാനായില്ല.

T20 World Cup| ഇംഗ്ലണ്ട് മറന്നുകാണില്ല 2019 ലോകകപ്പ് ഫൈനല്‍; ന്യൂസിലന്‍ഡിന് കണക്ക് തീര്‍ക്കാനുണ്ട്