പാകിസ്ഥാന്‍-ഓസ്‌ട്രേലിയ കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു

ദുബായ്: ടി20 ലോകകപ്പ്(T20 World Cup 2021) സെമിയില്‍ ഓസ്ട്രേലിയക്കെതിരെ(PAK vs AUS) മികച്ച സ്കോറിലെത്താൻ പാകിസ്ഥാന് തുണയായത് ഓപ്പണര്‍ മുഹമ്മദ് റിസ്‍വാന്‍റെ(Mohammad Rizwan) മിന്നും പ്രകടനമാണ്. ടി20യില്‍ 1000 റൺസ് ഒരു വർഷം നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതോടെ റിസ്‍വാന്‍റെ പേരിലായി. അതേസമയം നായകന്‍ ബാബര്‍ അസം ഇരട്ട റെക്കോര്‍ഡ് പേരിലാക്കി. പാക് ബാറ്റിംഗ് പരിശീലകന്‍ മാത്യൂ ഹെയ്‌ഡന്‍റെയും(Matthew Hayden) ബാറ്റിംഗ് ഹീറോ വിരാട് കോലിയുടേയും(Virat Kohli) റെക്കോര്‍ഡാണ് ബാബറിന് മുന്നില്‍ വഴിമാറിയത്. 

പാകിസ്ഥാന്‍-ഓസ്‌ട്രേലിയ കളി തുടങ്ങുന്നതിന് 24 മണിക്കൂർ മുൻപ് വരെ ടീമിൽ മുഹമ്മദ് റിസ്‍വാൻ ഉണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പില്ലായിരുന്നു. പനിച്ച് ചികിത്സയിലായിരുന്ന മുഹമ്മദ് റിസ്‍വാനും ഷൊയ്ബ് മാലിക്കും അവസാന നിമിഷമാണ് ഫിറ്റ്നസ് ടെസ്റ്റ് പൂർത്തിയാക്കിയത്. എന്നാല്‍ ഓസീസിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റെടുത്ത പാകിസ്ഥാന് മുഹമ്മദ് റിസ്‍വാൻറെ ബാറ്റിംഗ് തുണയായി . 52 പന്തിൽ നാല് സിക്‌സറുകളും മൂന്ന് ഫോറുമുൾപ്പെടെ 67 റണ്‍സ് റിസ്‌വാന്‍ നേടി. ടി20യിൽ ഒരു വർഷം 1000 റൺസ് നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് ഇതോടെ റിസ്‍വാന്‍റെ പേരിലായി. 

ബാബറിന് ഇരട്ട റെക്കോര്‍ഡ്

പാകിസ്ഥാൻ നായകൻ ബാബർ അസം ഇത്തവണ അർധ സെഞ്ച്വറിയിലെത്തിയില്ലെങ്കിലും റെക്കോർഡ് ബുക്കിൽ വീണ്ടും പേരെഴുതി. ഏറ്റവും വേഗത്തിൽ ടി20യിൽ 2500 റൺസ് നേടുന്ന ബാറ്റ്സ്‌മാനായി ബാബർ മാറി. ഇന്ത്യന്‍ റണ്‍മെഷീന്‍ വിരാട് കോലിയെയാണ് പിന്തള്ളിയത്. ഈ ലോകകപ്പിൽ ഇതുവരെ 303 റൺസ് നേടിയ ബാബർ പാകിസ്ഥാൻ ബാറ്റിംഗ് കോച്ച് മാത്യൂ ഹെയ്‌ഡന്‍റെ 2007 ലോകകപ്പിലെ 265 റൺസിന്‍റെ റെക്കോർഡും മറികടന്നു.

എന്നാല്‍ റെക്കോര്‍ഡ‍് ബുക്കില്‍ പേരെഴുതിയെങ്കിലും റിസ്‌വാന്‍റെയും ബാബറിന്‍റേയും പ്രകടനം പാകിസ്ഥാനെ ഫൈനലിലേക്ക് നയിച്ചില്ല. ലോകകപ്പിലെ രണ്ടാം സെമിയില്‍ ഓസീസ് അഞ്ച് വിക്കറ്റിന് പാകിസ്ഥാനെ തകര്‍ത്തു. 

Scroll to load tweet…

പാകിസ്ഥാന് മടക്കം 

ദുബായില്‍ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത പാക്കിസ്ഥാന്‍ മുഹമ്മദ് റിസ്‌വാന്‍റെയും ഫക്കര്‍ സമാന്‍റേയും തകര്‍പ്പന്‍ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഓസീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡേവിഡ് വാര്‍ണര്‍ (30 പന്തില്‍ 49), മാത്യൂ വെയ്‌ഡ്(17 പന്തില്‍ 41*), മാര്‍ക്കസ് സ്റ്റോയിനിസ് (31 പന്തില്‍ 40*) എന്നിവരാണ് ഓസീസിന്‍റെ വിജയശില്‍പ്പികള്‍. 

T20 World Cup| നാണക്കേടെന്ന് ഗംഭീര്‍; ഡേവിഡ് വാര്‍ണറുടെ ഷോട്ടില്‍ ക്രിക്കറ്റ് ലോകം രണ്ട് തട്ടില്‍- വീഡിയോ