ഓപ്പണിംഗ് വിക്കറ്റില്‍  7.2 ഓവറില്‍ 47 റണ്‍സടിച്ചശേഷമാണ് നമീബിയ 20 ഓവറില്‍ 111 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചത്. 52 റണ്‍സ് ജയത്തോടെ റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയ കിവീസിന് അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറികടന്നാല്‍ കണക്കുകൂട്ടലുകളെല്ലാം മാറ്റിവെച്ച് പാക്കിസ്ഥാനൊപ്പം സെമിയിലെത്താം.

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021)നമീബിയ(Namibia) ന്യൂസിലന്‍ഡിനെ(New Zealand) അട്ടിമറിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കണ്ടത് വെറുതെയായി. നമീബിയയുടെ അട്ടിമറി ജയം കാണാനിരുന്ന ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ നമീബിയക്കെതിരെ 52 റണ്‍സ് ജയവുമായി ന്യൂസിലന്‍ഡ് സെമിയോട് ഒരുപടി കൂടി അടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ നല്ല തുടക്കമിട്ട് പ്രതീക്ഷ നല്‍കിയെങ്കിലും ബൗളര്‍മാരുടെ മികവിലൂടെ കിവീസ് നമീബിയയെ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 111 റണ്‍സിലൊതുക്കി.

ഓപ്പണിംഗ് വിക്കറ്റില്‍ 7.2 ഓവറില്‍ 47 റണ്‍സടിച്ചശേഷമാണ് നമീബിയ 20 ഓവറില്‍ 111 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചത്. 52 റണ്‍സ് ജയത്തോടെ റണ്‍റേറ്റ് മെച്ചപ്പെടുത്തി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തേക്ക് കയറിയ കിവീസിന് അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ മറികടന്നാല്‍ കണക്കുകൂട്ടലുകളെല്ലാം മാറ്റിവെച്ച് പാക്കിസ്ഥാനൊപ്പം സെമിയിലെത്താം. സ്കോര്‍ ന്യൂസിലന്‍ഡ് 20 ഓവറില്‍ 163-4, നമീബിയ 20 ഓവറില്‍ 111-7.

പ്രതീക്ഷ നല്‍കിയ തുടക്കം

നമീബിയക്കാരെക്കാള്‍ അവരുടെ ജയം ആഗ്രഹിച്ച ഇന്ത്യന്‍ ആരാധകരെ സന്തോഷിപ്പിക്കുന്ന രീതിയിലായിരുന്നു അവരുടെ തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ 7.2 ഓവറില്‍ നമീബിയക്കായി സ്റ്റീഫന്‍ ബെറാര്‍ഡും(22), മൈക്കല്‍ വാന്‍ ലിംഗനും(25) ചേര്‍ന്ന് 47 റണ്‍സടിച്ച് അട്ടിമറി സൂചന നല്‍കിയെങ്കിലും ലിംഗനെ ബൗള്‍ഡാക്കി ജിമ്മി നീഷാം കൂട്ടുകെട്ട് പൊളിച്ചതോടെ നമീബിയയുടെ പിടി അയഞ്ഞു. സ്റ്റീഫന്‍ ബാര്‍ഡിനെ മിച്ചല്‍ സാന്‍റനറും ക്യാപ്റ്റന്‍ ജെറാര്‍ഡ് ഇരാസ്മുസിനെ(3) ഇഷ് സോധിയും മടക്കിയതോടെ നമീബിയ 55-3ലേക്ക് വീണു.

View post on Instagram

പിന്നീട് സെയ്ന്‍ ഗ്രീനും(23) ഡേവിഡ് വീസും(16) പൊരുതി നോക്കിയെങ്കിലും കിവീസിന്‍റെ കൃത്യതയാര്‍ന്ന ബൗളിംഗിനും ഫീല്‍ഡിംഗിനും മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഇരുവരും പുറത്തായതോടെ കൂട്ടത്തകര്‍ച്ചയിലായ നമീബിയ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സടിച്ച് പോരാട്ടം അവസാനിപ്പിച്ചു. ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ടും ടിം സൗത്തിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സാന്‍റ്നറും നീഷാമും ഇഷ് സോധിയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യന്‍ സ്വപ്നങ്ങള്‍ അടിച്ചുപറത്തി നീഷാമും ഫിലിപ്സും

നേരത്തെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നിര്‍ണായ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍ ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് 20 ഓവറില്‍ നാല് വിക്കറ്റിന് 163 റണ്‍സെടുത്തത്.

14 ഓവര്‍ പിന്നിടുമ്പോള്‍ കിവീസ് സ്‌കോര്‍ 87-4 മാത്രമായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌‌സ്-ജയിംസ് നീഷാം സഖ്യത്തിന്‍റെ സൂപ്പര്‍ ഫിനിഷിംഗാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത് അവസാന അഞ്ച് ഓവറില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സാണ് അടിച്ചെടുത്തത്. ഫിലിപ്‌സ് 21 പന്തില്‍ 39 റണ്‍സും നീഷാം 23 പന്തില്‍ 35 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 28 റണ്‍സ് നേടി. നമീബിയക്കായി എറാസ്മസും വീസും ബെര്‍ണാര്‍ഡും ഓരോ വിക്കറ്റ് നേടി.