ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനായി ഗപ്ടിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.1 ഓവറില്‍ 35 റണ്‍സടിച്ചു. 11 പന്തില്‍ 13 റണ്‍സെടുത്ത മിച്ചലിനെ സഫിയാന്‍ ഷെരീഫ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിവീസ് കിതച്ചു

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ(New Zealand) സ്കോട്‌ലന്‍ഡിന്(Scotland) 173 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് മാര്‍ട്ടിന്‍ ഗപ്ടിലിന്‍റെ(Martin Guptill) അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സടിച്ചു. 56 പന്തില്‍ 93 റണ്‍സടിച്ച ഗപ്ടിലാണ് കിവീസിന്‍റെ ടോപ് സ്കോറര്‍.

52-3 എന്ന നിലയില്‍ തകര്‍ കിവീസിനെ നാലാം വിക്കറ്റില്‍ ഗപ്ടിലും ഗ്ലെന്‍ ഫിലിപ്സും(33(Glenn Phillips)) സെഞ്ചുറി കൂട്ടുകെട്ടിലൂടെ കരകയറ്റുകയായിരുന്നു. സ്കോട്‌ലന്‍ഡിനായി ബ്രാഡ്‌ലി വീലും സഫിയാന്‍ ഷെരീഫും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കത്തിനുശേഷം പറന്നുയരാനാവാതെ കിവീസ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കിവീസിനായി ഗപ്ടിലും ഡാരില്‍ മിച്ചലും ചേര്‍ന്ന് മികച്ച തുടക്കമിട്ടു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 4.1 ഓവറില്‍ 35 റണ്‍സടിച്ചു. 11 പന്തില്‍ 13 റണ്‍സെടുത്ത മിച്ചലിനെ സഫിയാന്‍ ഷെരീഫ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കിവീസ് കിതച്ചു. നായകന്‍ കെയ്ന്‍ വില്യംസണ്‍ നാല് പന്തില്‍ പൂജ്യനായി മ‍ടങ്ങി. സഫിയാന്‍ ഷെരീഫിനു തന്നെയായിരുന്നു വിക്കറ്റ്. പിന്നാലെ ഡെവോണ്‍ കോണ്‍വെയെ(1)മാര്‍ക്ക് വാട്ടും വീഴ്ത്തിയതോടെ 52-3ലേക്ക് കിവീസ് കൂപ്പുകുത്തി.

രക്ഷകരായി ഗപ്ടിലും ഫിലിപ്സും

View post on Instagram

പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സടിച്ച ന്യൂസിലന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സാണ് നേടിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ കിവീസ് സ്കോര്‍ ബോര്‍ഡില്‍ 70 റണ്‍സെ ഉണ്ടായിരുന്നുള്ളു. ഫിലിപ്സില്‍ നല്ല പങ്കാളിയെ കണ്ടെത്തിയതോടെ ഗപ്ടില്‍ തകര്‍പ്പനടികളുമായി ക്രീസ് നിറഞ്ഞു. ഇതിനിടയില്‍ ഫിലിപ്സിനെ ഡിപ് മിഡ്‌വിക്കറ്റില്‍ ലീസ്ക് കൈവിട്ടത് കിവീസിന് അനുഗ്രഹമായി. ഏഴാം ഓവറില്‍ ഒത്തു ചേര്‍ന്ന ഫിലിപ്സും ഗപ്ടിലും പത്തൊമ്പതാം ഓവറിലാണ് വേര്‍പിരിഞ്ഞത്.

37 പന്തില്‍ 33 റണ്‍സെടുത്ത ഫിലിപ്സിനെ വീല്‍ ആണ് പുറത്താക്കിയത്. ഒരേയൊരു സിക്സ് മാത്രമാണ് ഫിലിപ്സ് ഇന്നിംഗ്സില്‍ നേടിയത്. മറുവശത്ത് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഗപ്ടിലിനെ(56 പന്തില്‍ 93) വീല്‍ വീഴ്ത്തിയതോടെ അവസാന രണ്ടോവറില്‍ 17 റണ്‍സ് മാത്രമെ കിവീസിന് നേടാനായുള്ളു. ഏഴ് സിക്സും ആറ് ഫോറും അടങ്ങുന്നതാണ് ഗപ്ടിലിന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.

സ്കോട്‌ലന്‍ഡിനായി ബ്രാഡ്‌ലി വീല്‍ നാലോവറില്‍ 40 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ സഫിയാന്‍ ഷെരീഫ് നാലോവറില്‍ 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. മാര്‍ക്ക് വാറ്റ് നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.