ഇതേ ഗ്രൗണ്ടിലാണ് ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്ത് 190 റണ്‍സ് സ്കോര്‍ ചെയ്ത് കൊല്‍ക്കത്തയെ വീഴ്ത്തി കിരീടം നേടിയത്. അപ്പോള്‍ നന്നായി കളിച്ചില്ല എന്നത് മാത്രമാണ് വസ്തുത. അതാദ്യം അംഗീകരിക്കണം.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ സെമി കാണാതെ പുറത്തായതിന് കാരണം നിര്‍ണായക ടോസുകള്‍(Toss) നഷ്ടപ്പെട്ടതാണെന്ന ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണിന്‍റെ(Bharat Arun) വിശദീകരണത്തിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്(Harbhajan Singh). നമീബിയക്കെതിരായ മത്സരത്തിന് മുമ്പാണ് നിര്‍ണായക ടോസ് തോറ്റതും കളിക്കാര്‍ തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിഞ്ഞത് മൂലമുള്ള മാനസിക സമ്മര്‍ദ്ദവുമാണ് ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്താനാവാനുള്ള രണ്ട് കാരണങ്ങളെന്ന് ഭരത് അരുണ്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ത്യ സെമി കാണാതെ പുറത്തായതിന് കാരണം മോശം പ്രകടനമല്ലാതെ മറ്റൊന്നുമല്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. പാക്കിസ്ഥാനും(Pakistan) ന്യൂസിലന്‍ഡിനുമെതിരെ(New Zealand) ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നതാണ് പ്രശ്നമായതെങ്കില്‍ ഐപിഎല്‍ ഫൈനലില്‍(IPL Final) ആദ്യം ബാറ്റ് ചെയ്തിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(KKR) ചെന്നൈ സൂപ്പര്‍ കിംഗ്സ്(CSK) എങ്ങനെയാണ് ജയിച്ചതെന്നും ഹര്‍ഭജന്‍ ചോദിച്ചു.

ടോസ് ജയിച്ചിരുന്നെങ്കില്‍ അത് ചെയ്യുമായിരുന്നു, ഇത് ചെയ്യുമായിരുന്നുവെന്നെല്ലാം ഭരത് അരുണ്‍ പറഞ്ഞതായി കേട്ടു. അതിനെക്കുറിച്ച് നമുക്ക് പിന്നീട് ചര്‍ച്ചചെയ്യാം. കാരണം ബാറ്റ് ചെയ്യണോ ബൗള്‍ ചെയ്യണോ എന്നൊക്കെ നമുക്ക് തീരുമാനിക്കാം. നമ്മള്‍ ഒരുപാട് കാലമൊന്നും പിന്നിലേക്ക് പോകേണ്ട കാര്യമില്ല. ഇതേ ഗ്രൗണ്ടിലാണ് ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം ബാറ്റ് ചെയ്ത് 190 റണ്‍സ് സ്കോര്‍ ചെയ്ത് കൊല്‍ക്കത്തയെ വീഴ്ത്തി കിരീടം നേടിയത്. അപ്പോള്‍ നന്നായി കളിച്ചില്ല എന്നത് മാത്രമാണ് വസ്തുത. അതാദ്യം അംഗീകരിക്കണം. പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ നമുക്കായില്ല-സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറ‍ഞ്ഞു.

പരിശീലകര്‍ തന്നെ ഒഴിവുകഴിവുകള്‍ പറയാന്‍ തുടങ്ങിയാല്‍ അത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും ഓരോ തവണയും തോല്‍ക്കുമ്പോഴും പിന്നീട് അവര്‍ ഒഴിവുകഴിവുകള്‍ നോക്കിപോകും. അതിന് പകരം ഇന്ത്യയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന് യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതാണ് അഭികാമ്യം. ഇനിയെങ്കിലും ഒഴിവുകഴിവുകള്‍ നോക്കി പോകാതെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിനെ അത് സഹായിക്കും.

അങ്ങനെ ആയിരുന്നെങ്കില്‍, എന്നൊന്നും ഇനി പറയുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. ടോസ് ജയിച്ചാല്‍ മത്സരം ജയിച്ചു എന്ന് പറയുന്നതിലും കാര്യമില്ല. ടോസ് ജയിക്കാത്ത ടീമുകളും ജയിച്ചിട്ടുണ്ട്. അതുകൊണ്ട് ടോസ് കാരണമാണ് തോറ്റത് എന്നൊക്കെ പറയുന്നത് ഒട്ടും മെച്ചപ്പെടാത്ത ടീമുകളാണ്. പക്ഷെ ഇന്ത്യന്‍ ടീം ഒരിക്കലും അങ്ങനെയല്ല. അവര്‍ കരുത്തുറ്റവരുടെ സംഘമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ പാക്കിസ്ഥാനോടും ന്യൂസിലന്‍ഡിനോടും തോറ്റിരുന്നു. ഈ തോല്‍വികള്‍ ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പില്‍ നിര്‍ണായകമാകുകയും ചെയ്തു.