Asianet News MalayalamAsianet News Malayalam

T20 World Cup | ഫിഞ്ച് പഞ്ചറായിട്ടും ചേസിംഗില്‍ ഓസ്‌ട്രേലിയന്‍ കുതിപ്പ്; കലാശപ്പോര് ആവേശപ്പോര്

നേരത്തെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു

T20 World Cup 2021 NZ vs AUS Final Australia gets solid start while chasing 173 runs target
Author
Dubai - United Arab Emirates, First Published Nov 14, 2021, 9:48 PM IST

ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) കലാശപ്പോരില്‍(NZ vs AUS Final) ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഓസ്‌‌ട്രേലിയക്ക് മികച്ച തുടക്കം. പവര്‍പ്ലേയില്‍ നായകന്‍ ആരോണ്‍ ഫിഞ്ച്(Aaron Finch) വീണിട്ടും ഡേവിഡ് വാര്‍ണറും(David Warner) മിച്ചല്‍ മാര്‍ഷും(Mitchell Marsh) ആറ് ഓവറില്‍ ടീമിനെ 43-1 എന്ന സ്‌കോറിലെത്തിച്ചു. മൂന്നാം ഓവറില്‍ ഫിഞ്ചിനെ(5) ഡാരില്‍ മിച്ചലിന് ട്രെന്‍ഡ് ബോള്‍ട്ട് സമ്മാനിക്കുകയായിരുന്നു. എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ പറത്തി മാര്‍ഷ് വാര്‍ണറെ കൂട്ടുപിടിച്ച് കുതിക്കുകയാണ്. 

ഹേസല്‍വുഡ് vs വില്യംസണ്‍

നേരത്തെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ(Kane Williamson) സംഹാരതാണ്ഡവത്തില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 172 റണ്‍സെടുത്തു. 48 പന്തില്‍ 85 റണ്‍സെടുത്ത വില്യംസണാണ് ടോപ് സ്‌കോറര്‍. ഓസീസിനായി ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അതേസമയം മിച്ചല്‍ സ്റ്റാര്‍ക്ക് അടിവാങ്ങിക്കൂട്ടി. 

മിച്ചലിനെ മിച്ചംവെക്കാതെ ഹേസല്‍വുഡ്

ആദ്യ ഓവറില്‍ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ 9 റണ്‍സടിച്ചാണ് മാര്‍ട്ടിന്‍ ഗുപ്റ്റിലും ഡാരില്‍ മിച്ചലും തുടങ്ങിയത്. എന്നാല്‍ സെമിയില്‍ ന്യൂസിലന്‍ഡിന്‍റെ ഹീറോയായിരുന്നു മിച്ചലിന് നാലാം ഓവറില്‍ ജോഷ് ഹേസല്‍വുഡ് മടക്ക ടിക്കറ്റ് നല്‍കി. രണ്ടാം ഓവറില്‍ ലൈഫ് കിട്ടിയ താരത്തെ ഹേസല്‍വുഡ് വിക്കറ്റിന് പിന്നില്‍ മാത്യൂ വെയ്‌ഡിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. പവര്‍പ്ലേയില്‍ 32-1 എന്ന നിലയില്‍ ന്യൂസിലന്‍ഡിനെ ചെറുത്തുനിര്‍ത്താന്‍ ഓസീസിനായി. എന്നാല്‍ ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണെ കൂട്ടുപിടിച്ച് ഗുപ്റ്റില്‍ കിവികളെ മുന്നോട്ടുനയിച്ചതോടെ 10 ഓവറില്‍ ടീം സ്‌കോര്‍ 57-1.  

വില്ലേന്തി വില്യംസണ്‍, ക്ലാസ് & മാസ്

തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഹേസല്‍വുഡ് നിലത്തിട്ടത് മുതലാക്കിയ വില്യംസണ്‍ പിന്നാലെ ബൗണ്ടറികളുമായി കത്തിക്കയറി. സ്റ്റാര്‍ക്കിന്‍റെ ഈ ഓവറില്‍ 19 റണ്‍സ് പിറന്നു. 12-ാം ഓവറില്‍ പന്തെടുത്ത ആദം സാംപ ആദ്യ പന്തില്‍ തന്നെ ഗുപ്റ്റിലിനെ(35 പന്തില്‍ 28) ഡീപ് മിഡ് വിക്കറ്റില്‍ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ കൈകളില്‍ ഭദ്രമാക്കി. 13-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായ രണ്ട് സിക്‌സറിന് പറത്തി വില്യംസണ്‍ 32 പന്തില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കി. തൊട്ടടുത്ത ഓവറില്‍ ടീം 100 കടന്നു. 

വീണ്ടും ഹേസല്‍വുഡ്, ഇരട്ട പ്രഹരം

വില്യംസണും ഗ്ലെന്‍ ഫിലിപ്‌സും ക്രീസിലുറച്ചതോടെ കൂടുതല്‍ വിക്കറ്റ് പോകാതെ കിവികള്‍ 15 ഓവറില്‍ 114 റണ്‍സിലെത്തി. തൊട്ടടുത്ത ഓവറില്‍ സ്റ്റാര്‍ക്കിനെ 22 റണ്‍സടിച്ച് വില്യംസണ്‍ ടോപ് ഗിയറിലായി. 18-ാം ഓവറില്‍ ഹേസല്‍വുഡ് മറ്റൊരു ബ്രേക്ക്‌ത്രൂ ഓസീസിന് നല്‍കി. 17 പന്തില്‍ 18 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ മാക്‌സ്‌വെല്ലിന്‍റെ കൈകളിലാക്കി. ഇതേ ഓവറില്‍ ഹേസല്‍വുഡ് വില്യംസണെയും(48 പന്തില്‍ 85) പറഞ്ഞയച്ചു. സിക്‌സര്‍ ശ്രമത്തിനിടെ ലോംഗ് ഓഫില്‍ സ്റ്റീവ് സ്‌മിത്തിനായിരുന്നു ക്യാച്ച്. വില്യംസണ്‍ 10 ഫോറും മൂന്ന് സിക്‌സും അടിച്ചുകൂട്ടി. 

നാണംകെട്ട് അടിവാങ്ങി സ്റ്റാര്‍ക്ക്
 
അവസാന രണ്ട് ഓവറില്‍ 23 റണ്‍സ് ചേര്‍ത്ത് ജിമ്മി നീഷാമും ടിം സീഫെര്‍ട്ടും ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ ഉറപ്പാക്കി. നീഷം 7 പന്തില്‍ 13* റണ്‍സും സീഫെര്‍ട്ട് 6 പന്തില്‍ 8* റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് ഓവറില്‍ 60 റണ്‍സ് വഴങ്ങി. 

ടോസ് ജയിച്ച് ഓസീസ്

ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ടൂര്‍ണമെന്‍റിലെ മുന്‍ മത്സരങ്ങള്‍ പരിഗണിച്ച് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഇത്തവണ ടൂര്‍ണമെന്‍റില്‍ രണ്ടാമത് ബാറ്റ് ചെയ്‌തവര്‍ക്കായിരുന്നു മിക്കപ്പോഴും മേൽക്കൈ. ദുബായിലെ 12 ലോകകപ്പ് മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്‌ത ടീം ജയിച്ചത് ഒരിക്കല്‍ മാത്രം. ഓസീസ് സെമിയിലെ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ കിവീസ് നിരയില്‍ മാറ്റമുണ്ട്. പരിക്കേറ്റ ഡെവോണ്‍ കേണ്‍വെയ്‌ക്ക് പകരം വിക്കറ്റ് കീപ്പറായി ടിം സീഫെര്‍ട്ട് പ്ലേയിംഗ് ഇലവനിലെത്തി. 

പ്ലേയിംഗ് ഇലവനുകള്‍ 

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്(ക്യാപ്റ്റന്‍), മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യൂ വെയ്‌ഡ്(വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്‌ന്‍ വില്യംസണ്‍(നായകന്‍), ടിം സീഫെര്‍ട്ട്(വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷം, മിച്ചല്‍ സാന്‍റ്‌നര്‍, ആഡം മില്‍നെ, ടിം സീഫെര്‍ട്ട്, ഇഷ് സോധി, ട്രെന്‍ഡ് ബോള്‍ട്ട്. 

T20 World Cup | 30 റണ്‍സ് മാത്രം അകലം; തകര്‍പ്പന്‍ ലോകകപ്പ് റെക്കോര്‍ഡിനരികെ ഡേവിഡ് വാര്‍ണര്‍

Follow Us:
Download App:
  • android
  • ios