ലോക ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന പോരാട്ടത്തില്‍ തിളങ്ങിയാല്‍ ഗംഭീര റെക്കോര്‍ഡ് വാര്‍ണര്‍ക്ക് സ്വന്തമാകും

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനലില്‍(New Zealand vs Australia Final) നിര്‍ണായകമാകുന്ന താരങ്ങളിലൊരാള്‍ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്(David Warner). വാര്‍ണറുടെ ബാറ്റിംഗ് ഫോമാകും ഫൈനലില്‍ ഓസീസ് ക്യാമ്പിലെ ആഹ്‌ളാദം പ്രധാനമായും നിയന്ത്രിക്കുക. ട്രെന്‍ഡ് ബോള്‍ട്ട് നയിക്കുന്ന കിവീസ് ബൗളര്‍മാര്‍ ഏറ്റവും പേടിക്കുന്നതും മത്സരം ഒറ്റയ്‌ക്ക് കൈക്കലാക്കാന്‍ കരുത്തുള്ള ഈ തീപ്പൊരി ഓപ്പണറുടെ ബാറ്റായിരിക്കും. ടി20യിലെ ലോക ചാമ്പ്യന്‍മാരെ തീരുമാനിക്കുന്ന പോരാട്ടത്തില്‍ തിളങ്ങിയാല്‍ ഗംഭീര റെക്കോര്‍ഡ് വാര്‍ണര്‍ക്ക് സ്വന്തമാകും എന്ന സവിശേഷതയുമുണ്ട്. 

ഒരു ടി20 ലോകകപ്പ് ടൂര്‍ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓസീസ് താരമെന്ന നേട്ടത്തിലേക്ക് 30 റണ്ണിന്‍റെ അകലമേയുള്ളൂ ഡേവിഡ് വാര്‍ണര്‍ക്ക്. ഈ ലോകകപ്പില്‍ ആറ് ഇന്നിംഗ്‌സില്‍ 59.50 ശരാശരിയിലും 148.42 സ്‌ട്രൈക്ക് റേറ്റിലും 236 റണ്‍സാണ് വാര്‍ണര്‍ക്കുള്ളത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ആറ് ഇന്നിംഗ്‌സില്‍ 265 റണ്‍സ് നേടിയ മാത്യൂ ഹെയ്‌ഡനും 2012 ലോകകപ്പില്‍ ആറ് തന്നെ ഇന്നിംഗ്‌സില്‍ 249 റണ്‍സ് നേടിയ ഷെയ്‌ന്‍ വാട്‌സണും മാത്രമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്. 

വാര്‍ണറെ കാത്ത് മറ്റൊരു റെക്കോര്‍ഡും 

രാജ്യാന്തര ടി20യില്‍ 87 ഇന്നിംഗ്‌സില്‍ 2501 റണ്‍സാണ് വാര്‍ണര്‍ക്കുള്ളത്. 14 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്ത് എത്താനും താരത്തിനാകും. 2514 റണ്‍സുള്ള പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസിനെയാകും വാര്‍ണര്‍ പിന്തള്ളുക. വിരാട് കോലി(3227), മാര്‍ട്ടിന്‍ ഗുപ്റ്റില്‍(3119), രോഹിത് ശര്‍മ്മ(3038), ആരോണ്‍ ഫിഞ്ച്(2603), പോള്‍ സ്റ്റിര്‍ലിംഗ്( 2570) എന്നിവരാണ് റണ്‍വേട്ടയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. 

ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30നാണ് ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനൽ. ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. ന്യൂസിലന്‍ഡാണ് കിരീടമുയര്‍ത്തുന്നത് എങ്കില്‍ അത് ക്രിക്കറ്റില്‍ പുതു ചരിത്രമാകും. ഒരു വര്‍ഷം രണ്ട് ഐസിസി കിരീടം നേടുന്ന ആദ്യ ടീം എന്ന നേട്ടത്തിന് തൊട്ടരികെയാണ് കെയ്‌ന്‍ വില്യംസണും കൂട്ടരും. ഈ വര്‍ഷം ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ട്രോഫി ടീം ഇന്ത്യയെ തോല്‍പിച്ച് കിവികള്‍ ഉയര്‍ത്തിയിരുന്നു.

T20 World Cup | കപ്പിനൊപ്പം എന്ത് കിട്ടും? ടി20 ലോകകപ്പ് വിജയികള്‍ക്ക് സമ്മാനത്തുക കോടികള്‍!