ഓസ്‌ട്രേലിയയെ തോല്‍പിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം കിവികളുടെ പേരിലാകും

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ(NZ vs AUS) കലാശപ്പോരിന് അക്ഷമരായി കാത്തിരിക്കുകയാണ് ഇരു ടീമിന്‍റേയും ആരാധകര്‍. ദുബായില്‍ ഇന്ത്യന്‍സമയം നാളെ രാത്രി 7.30നാണ് ഫൈനല്‍ തുടങ്ങുക. ഇരു ടീമുകളും ആദ്യ ടി20(T20) കിരീടം നോട്ടമിടുമ്പോള്‍ കിരീടധാരണത്തിനൊപ്പം സുവര്‍ണ റെക്കോര്‍ഡ് മോഹിക്കുകയാണ് കെയ്‌ന്‍ വില്യംസണ്‍(Kane Williamson) നയിക്കുന്ന ന്യൂസിലന്‍ഡ്. 

ഓസ്‌ട്രേലിയയെ തോല്‍പിക്കാനായാല്‍ ഒരു വര്‍ഷത്തില്‍ രണ്ട് ഐസിസി കിരീടങ്ങള്‍ നേടുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടം കിവികളുടെ പേരിലാകും. ഈ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടില്‍ വച്ച് പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം കെയ്‌ന്‍ വില്യംസണും സംഘവും ഉയര്‍ത്തിയിരുന്നു. ടീം ഇന്ത്യയെ എട്ട് വിക്കറ്റിന് തകര്‍ത്തായിരുന്നു കിരീടധാരണം. 

ഇരു ടീമും ആദ്യ ടി20 കിരീടത്തിന് 

അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടമാണ് നേട്ടമിടുന്നത്. മുമ്പ് 2010ല്‍ ഫൈനലില്‍ എത്തിയിരുന്നെങ്കിലും ഇംഗ്ലണ്ടിന് മുന്നില്‍ തോറ്റുവീണു. എന്നാല്‍ ചരിത്രത്തിലാദ്യമായാണ് ന്യൂസിലന്‍ഡ് കുട്ടിക്രിക്കറ്റിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. ഐസിസി ടൂർണമെന്‍റുകളില്‍ തുടര്‍ച്ചയായ മൂന്നാം ഫൈനലിനാണ് കിവീസ് ഒരുങ്ങുന്നത് എന്നതും സവിശേഷതയാണ്. 

വാശിയേറിയ സെമിഫൈനല്‍ പോരാട്ടങ്ങളില്‍ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളാണ് ന്യൂസിലന്‍ഡിനും ഓസീസിനും മുന്നില്‍ അടിയറവുപറഞ്ഞത്. ആദ്യ സെമിയില്‍ നിലവിലെ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ നാട്ടിലേക്ക് വണ്ടികയറ്റിയാണ് കിവികള്‍ ഫൈനലിലെത്തിയത്. അഞ്ച് വിക്കറ്റിനായിരുന്നു വിജയം. രണ്ടാം സെമിയില്‍ ഓസീസ് ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങളും ജയിച്ച് വിസ്‌മയ കുതിപ്പിലായിരുന്ന പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തി. 

T20 World Cup | ഇന്ത്യന്‍ പരാജയത്തിന് ഉത്തരവാദികള്‍ ബിസിസിഐ; സെലക്ഷന്‍ കമ്മിറ്റിയില്‍ വന്‍ വീഴ്‌ച

ന്യൂസിലന്‍ഡില്‍ മാറ്റം

അച്ചടക്കമുള്ള ബൗളിംഗ് നിരയിൽ കിവീസ് പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാർണർ നയിക്കുന്ന ടോപ് ഓർഡറിലാണ് ഓസ്ട്രേലിയയുടെ കണക്കുകൂട്ടലുകളെല്ലാം. പരിക്കേറ്റ ഡേവോൺ കോൺവെയ്ക്ക് പകരം ടിം സീഫെർട്ട് കിവീസ് നിരയിലെത്തും. ഓസീസ് ടീമില്‍ മാറ്റമുണ്ടാകുമോ എന്ന് വ്യക്തമല്ല. ടൂര്‍ണമെന്‍റിലെ മുന്‍മത്സരങ്ങള്‍ പരിഗണിച്ചാല്‍ ഫൈനലിലും ടോസ് ഭാഗ്യം നിര്‍ണായകമാകും. 

T20 World Cup | ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ ഫൈനല്‍ തീപാറും; ജേതാക്കളെ പ്രവചിച്ച് ഷെയ്‌ന്‍ വോണ്‍