Asianet News MalayalamAsianet News Malayalam

T20 World Cup| സാഹസികതയില്ല; ന്യൂസിലന്‍ഡിനെതിരെ കരുതലോടെ തുടങ്ങി നമീബിയ

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍ ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് 20 ഓവറില്‍ നാല് വിക്കറ്റിന് 163 റണ്‍സെടുത്തത്

T20 World Cup 2021 NZ vs NAM Namibia gets solid start while chasing 164 runs target
Author
Sharjah Cricket Stadium - Second Industrial Street - Sharjah - United Arab Emirates, First Published Nov 5, 2021, 5:42 PM IST

ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന നമീബിയക്ക്(NZ vs NAM) ഭേദപ്പെട്ട തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 36 റണ്‍സെന്ന നിലയിലാണ് നമീബിയ. കരുതലോടെ കളിച്ച് ഓപ്പണര്‍മാരായ സ്റ്റീഫന്‍ ബാര്‍ഡും(Stephan Baard) 16*, മൈക്കല്‍ വാന്‍ ലിംഗനും(Michael van Lingen) 18* ആണ് ക്രീസില്‍. 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍ ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിലാണ് 20 ഓവറില്‍ നാല് വിക്കറ്റിന് 163 റണ്‍സെടുത്തത്. ഫിലിപ്‌സ് 39*  ഉം നീഷാം 35* ഉം റണ്‍സ് വീതമെടുത്തു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍ 28 റണ്‍സ് നേടി. നമീബിയക്കായി എറാസ്മസും വീസും ബെര്‍ണാര്‍ഡും ഓരോ വിക്കറ്റ് നേടി. 

എവിടെപ്പോയി ആ ഗുപ്റ്റില്‍...

കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ 56 പന്തില്‍ 93 റണ്‍സിന്‍റെ അതിവേഗ സ്‌കോറിംഗുമായി ആടിത്തിമിര്‍ത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റില്‍ അഞ്ചാം ഓവറില്‍ വീസിന് കീഴടങ്ങി. നേടിയത് 18 പന്തില്‍ അത്രതന്നെ റണ്‍സ്. പവര്‍പ്ലേ സ്‌കോര്‍ 43-1. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും(15 പന്തില്‍ 19) വീണതോടെ കിവീസ് പ്രതീക്ഷകള്‍ നായകന്‍ കെയ്‌ന്‍ വില്യംസണിന്‍റെ ചുമലിലായി. എന്നാല്‍ ദേവോണ്‍ കോണ്‍വേയുമൊത്തുള്ള വില്യംസണിന്‍റെ ചെറുത്തുനില്‍പ് 13-ാം ഓവറിലെ ആദ്യ പന്തില്‍ എറാസ്‌മസ് പൊളിച്ചതോടെ ട്വിസ്റ്റ്. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി 28 റണ്‍സെടുത്ത വില്യംസണ്‍ ബൗള്‍ഡാവുകയായിരുന്നു. 

ഒടുവില്‍ നീഷാം-ഫിലിപ്‌സ് സൂപ്പര്‍ ഫിനിഷ്

വൈകാതെ കോണ്‍വേയും(18 പന്തില്‍ 17) വീണു. 14 ഓവറില്‍ കിവീസ് സ്‌കോര്‍ 87-4 മാത്രമായിരുന്നു. എങ്കിലും അഞ്ചാം വിക്കറ്റിലെ ഗ്ലെന്‍ ഫിലിപ്‌‌സ്-ജയിംസ് നീഷാം സഖ്യത്തിന്‍റെ സൂപ്പര്‍ ഫിനിഷിംഗ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. അവസാന അഞ്ച് ഓവറില്‍ ഇരുവരും 72 റണ്‍സ് ചേര്‍ത്തത് കരുത്തായി. ഫിലിപ്‌സ് 21 പന്തില്‍ 39 റണ്‍സും നീഷാം 23 പന്തില്‍ 35 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. 

ടോസ് നേടി നമീബിയ, പിന്നൊന്നും ചിന്തിച്ചില്ല

ടോസ് നേടിയ നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ് കിവികളെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിച്ച് സെമി സാധ്യതകള്‍ ഉറപ്പാക്കാന്‍ ന്യൂസിലന്‍ഡിന്‍റെ ശ്രമം. അതേസമയം രണ്ടാം ജയമാണ് കുഞ്ഞന്‍ ടീമായ നമീബിയ ലക്ഷ്യമിടുന്നത്. 
സ്‌കോട്‌ലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കെയ്ന്‍ വില്യംസണും സംഘവും ഇറങ്ങിയത്. നമീബിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഈ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡിന് ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അഫ്ഗാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ന്യൂസിലന്‍ഡിന് കഴിയും. 

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ദേവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്‍റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്‍റ് ബോള്‍ട്ട്.

നമീബിയ: സ്റ്റീഫന്‍ ബാര്‍ഡ്, ക്രെയ്ഗ് വില്യംസ്, ജെറാര്‍ഡ് എറാസ്മസ്, ഡേവിഡ് വീസ്, ജെജെ സ്മിത്ത്, സെയ്ന്‍ ഗ്രീന്‍, മൈക്കല്‍ വാന്‍ ലിംഗന്‍, കാള്‍ ബിര്‍ക്കന്‍സ്റ്റോക്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, റൂബന്‍ ട്രംപല്‍മാന്‍, ബെര്‍ണാര്‍ഡ് ഷോട്‌സ്.

T20 World Cup: ടീം ഇന്ത്യ സെറ്റ്? സ്‌കോട്‌ലന്‍ഡിനെതിരായ സാധ്യതാ ഇലവന്‍ 

Follow Us:
Download App:
  • android
  • ios