ഒരു കാലത്ത് എതിരാളികളെ ഭയപ്പെടുത്തിയ ഓപ്പണിംഗ് സഖ്യമായിരുന്നു. ഇരുവരുടേയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാവും ഇന്ന് നടക്കുക

ദുബായ്: ടി20 ലോകകപ്പിന്‍റെ(T20 World Cup 2021) രണ്ടാം സെമിഫൈനലിൽ പാകിസ്ഥാനും ഓസ്ട്രേലിയയും(Pakistan vs Australia) ഏറ്റുമുട്ടുമ്പോൾ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ രണ്ട് ബുദ്ധികേന്ദ്രങ്ങളുടെ പോരാട്ടം കൂടിയാകും മത്സരം. ഓസ്ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗറും(Justin Langer) പാകിസ്ഥാൻ ബാറ്റിംഗ് കോച്ച് മാത്യൂ ഹെയ്‌ഡനും(Matthew Hayden) ഒരു കാലത്ത് എതിരാളികളെ ഭയപ്പെടുത്തിയ ഓപ്പണിംഗ് സഖ്യമായിരുന്നു. ഇരുവരുടേയും തന്ത്രങ്ങളുടെ ഏറ്റുമുട്ടൽ കൂടിയാവും വ്യാഴാഴ്‌ച നടക്കുക.

ഹെയ്‌ഡന്‍-ലാംഗര്‍; എതിരാളികളുടെ പേടിസ്വപ്‌നം

ഓസ്ട്രേലിയൻ ക്രിക്കറ്റിന്‍റെ പ്രതാപകാലത്ത് എതിരാളികളെ തച്ചുടച്ച ബാറ്റിംഗ് ദ്വയമായിരുന്നു ജസ്റ്റിൻ ലാംഗറും മാത്യൂ ഹെയ്‌ഡനും. കംഗാരുക്കളുടെ മിക്ക കിരീടധാരണങ്ങളിലും ഇരുവരുടേയും ബാറ്റിംഗ് പ്രകടനം നിർണായകമായി. വിരമിക്കലിന് ശേഷവും നല്ല സൗഹൃദം തുടരുന്ന ഇവരുടെ തന്ത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാവും പാകിസ്ഥാൻ-ഓസ്ട്രേലിയ മത്സരം. ഹെയ്‌ഡനെ കണ്ടിട്ട് കുറച്ചുകാലമായെന്നും സൗഹൃദം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നും എന്നാൽ മത്സരം നടക്കുന്ന മൂന്ന് മണിക്കൂർ സൗഹൃദം മാറ്റിവയ്ക്കുമെന്നും ജസ്റ്റിൻ ലാംഗർ വ്യക്തമാക്കിക്കഴിഞ്ഞു. 

T20 World Cup | ഒടുവില്‍ കിവിക്കൂട്ടം ആ സ്വപ്‌നത്തിനരികെ; മൂന്നാം സെമിക്കൊടുവില്‍ ആദ്യ ഫൈനല്‍

ആധികാരികമായ പ്രകടനത്തോടെയാണ് ഓസീസ് സെമിയിലെത്തിയിരിക്കുന്നത്. മറുവശത്ത് പാക് ടീമിന്‍റെ പ്രകടനത്തിൽ പൂർണ തൃപ്തനാണ് ഹെയ്ഡൻ. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പല പ്രമുഖരും പാക് ക്രിക്കറ്റിനോട് സഹകരിക്കാൻ വിമുഖത കാട്ടിയ സമയത്താണ് ഹെയ്‌ഡൻ ടീമിന്‍റെ ബാറ്റിംഗ് കോച്ചായി എത്തിയത്. ലോകകപ്പിലെ എല്ലാ മത്സരങ്ങളും ജയിച്ച് പാക് ടീം ഫേവറൈറ്റുകളായി സെമിയിലെത്തുമ്പോൾ അത് ഹെയ്‌ഡന്‍റെ തന്ത്രങ്ങളുടെ കൂടി വിജയമാണ്. 113 ടെസ്റ്റ് മത്സരങ്ങളിൽ ഒരുമിച്ച് ഓപ്പൺ ചെയ്‌‌ത ലാംഗറും ഹെയ്‌ഡനും 51.88 ശരാശരിയിൽ 5655 റൺസ് നേടിയിട്ടുണ്ട്. 

ഇരു ടീമും കരുത്തര്‍; ഇന്ന് തീപാറും

ഇന്ന് രാത്രി 7.30ന് ദുബായിലാണ് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സെമി പോരാട്ടം. കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്. മരണഗ്രൂപ്പിലെ വമ്പന്മാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്ഥാന്. ഐപിഎല്ലിൽ കളിച്ച പരിചയം ഓസ്ട്രേലിയൻ നിരയ്ക്ക് കരുത്ത് കൂട്ടുമെങ്കിൽ സ്വന്തം മണ്ണിലെന്ന പോലെ പാകിസ്ഥാന് ദുബായിൽ പിന്തുണയുണ്ട്.

T20 World Cup | കിവികള്‍ക്കെതിരെ കലാശപ്പോരിന് ആര്; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സൂപ്പര്‍ സെമി ഇന്ന്