Asianet News MalayalamAsianet News Malayalam

T20 World Cup | കിവികള്‍ക്കെതിരെ കലാശപ്പോരിന് ആര്; പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സൂപ്പര്‍ സെമി ഇന്ന്

കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്

T20 World Cup 2021 Pakistan vs Australia 2nd Semi Final Preview
Author
Dubai - United Arab Emirates, First Published Nov 11, 2021, 9:38 AM IST
  • Facebook
  • Twitter
  • Whatsapp

ദുബായ്: ടി20 ലോകകപ്പ് ഫൈനലിൽ(T20 World Cup 202) ന്യൂസിലൻഡിന്‍റെ എതിരാളികളെ ഇന്നറിയാം. രണ്ടാം സെമിയിൽ ഓസ്ട്രേലിയക്ക് പാകിസ്ഥാനാണ്(Pakistan vs Australia) എതിരാളികൾ. ഇന്ന് രാത്രി 7.30ന് ദുബായിലാണ് മത്സരം. ലോകക്രിക്കറ്റിൽ ചോദ്യം ചെയ്യപ്പെടാത്ത കാലത്തും കിട്ടാക്കനിയായ ടി20(T20I) കിരീടം തേടിയെത്തിയിരിക്കുകയാണ് ഓസ്ട്രേലിയ(Australia Cricket Team). ഇന്ത്യയെ വീഴ്ത്തിയ ആവേശവുമായാണ് പാകിസ്ഥാന്‍(Pakistan Cricket Team) അവസാന നാലിലെത്തിയത്. 

ഇരു ടീമും ഇഞ്ചോടിഞ്ച്

കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്. മരണഗ്രൂപ്പിലെ വമ്പന്മാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്ഥാന്. വെടിക്കെട്ട് ഓപ്പണർമാരും വിശ്വസ്‌ഥരായ മധ്യനിരയും ഇരുടീമിനും ഒപ്പം നിൽക്കും. ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാർണറിലും ഗ്ലെൻ മാക്സ്‍വെല്ലിലും ഓസീസിന് ഏറെ പ്രതീക്ഷയുണ്ട്. ബാബർ അസം, മുഹമ്മദ് റിസ്‍വാൻ ജോഡിയെ തുടക്കത്തിൽ തടഞ്ഞില്ലെങ്കിൽ ഓസീസിനും വെല്ലുവിളി. ആസിഫ് അലിയുടെയും ഷുഐബ് മാലിക്കിന്‍റേയും വെടിക്കെട്ടും പാകിസ്ഥാന് ഗുണമാകും.

പേസ് ആക്രമണത്തിൽ പാകിസ്ഥാന് മൂർച്ച അൽപം കൂടും. പവർപ്ലേയിൽ ഷഹീൻഷാ അഫ്രീദിയെ സൂക്ഷിച്ചില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. യുവത്വത്തിന്‍റെ തിളപ്പിലാണ് പാകിസ്ഥാന്‍റെ കുതിപ്പെങ്കിൽ പരിചയസമ്പത്താണ് ഓസ്ട്രേലിയയുടെ മറുപടി. ഐപിഎല്ലിൽ കളിച്ച പരിചയം ഓസ്ട്രേലിയൻ നിരയ്ക്ക് കരുത്ത് കൂട്ടുമെങ്കിൽ സ്വന്തം മണ്ണിലെന്ന പോലെ പാകിസ്ഥാന് ദുബായിൽ പിന്തുണയുണ്ട്.

ഓസ്ട്രേലിയയുടെ കരുത്തും ദൗർബല്യവും കൈവെള്ളയിലെ വരപോലെ അറിയാവുന്ന മാത്യു ഹെയ്‌ഡന്‍റെ ഉപദേശങ്ങളും പാകിസ്ഥാന് പ്രതീക്ഷ നൽകുന്ന ഘടകമാകും. സ്ഥിരതയില്ലായ്‌മയാണ് എന്നും പാകിസ്ഥാന്‍റെ പേരുദോഷമെങ്കിലും ബാബർ അസമിന് കീഴിൽ ടീം ഏറെ മാറി. തോൽവിയറിയാത്ത 16 മത്സരങ്ങൾ യുഎഇയിൽ പൂർത്തിയാക്കിയാണ് പാകിസ്ഥാൻ വരുന്നത്. കിരീടത്തോടടുക്കുമ്പോൾ കരുത്ത് കൂടുന്ന കംഗാരുക്കൾക്ക് പാകിസ്ഥാനെ തടയാനാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

T20 World Cup | ഒടുവില്‍ കിവിക്കൂട്ടം ആ സ്വപ്‌നത്തിനരികെ; മൂന്നാം സെമിക്കൊടുവില്‍ ആദ്യ ഫൈനല്‍

അവിശ്വസനീയം കിവിക്കുതിപ്പ് 

ഇന്നലെ നടന്ന ആദ്യ സെമിയില്‍ 167 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന് തുടക്കം പിഴച്ചിരുന്നു. മാർട്ടിൻ ഗുപ്റ്റിലിനെയും നായകൻ കെയ്ൻ വില്യംസണിനെയും നഷ്ടമാകുമ്പോൾ സ്കോർ 13 മാത്രം. ഒരറ്റത്ത് ഉറച്ചുനിന്ന ഡാരിൽ മിച്ചലാണ് കിവീസിനെ വിജയത്തിലെത്തിച്ചത്. 47 പന്തിൽ നാല് വീതം ഫോറും സിക്സറുമടക്കം പുറത്താകാതെ 72 റൺസ് അടിച്ചെടുത്തു. തോൽവിയിലേക്ക് പോവുമായിരുന്ന കിവീസിനെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത് ജിമ്മി നീഷമിന്‍റെ വെടിക്കെട്ടായിരുന്നു. ആറാമനായി ക്രീസിലെത്തി 11 പന്തിൽ മൂന്ന് സികസറടക്കം 27‍ റൺസ് നീഷം നേടി.

നേരത്തെ മോയീൻ അലിയുടെ അർധസെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 166ൽ എത്തിച്ചത്. അലി 37 പന്തിൽ 51ഉം ഡേവിഡ് മലാൻ 41ഉം റൺസെടുത്തു. 

T20 World Cup‌‌| പക മിച്ചം വെക്കാതെ മിച്ചല്‍, ഗെയിം ചേഞ്ചറായി നീഷാം; ഇംഗ്ലണ്ടിനെ വീഴ്ത്തി കിവീസ് ഫൈനലില്‍

 

Follow Us:
Download App:
  • android
  • ios