പൂര്‍ണ ഫിറ്റ്‌നസില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിനെ ടീമിലെടുത്തു എന്ന ചോദ്യവുമായി മുന്‍താരം സാബാ കരീം(Saba Karim) നേരത്തെ രംഗത്തെത്തിയിരുന്നു

ദുബായ്: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) ടീം ഇന്ത്യയില്‍(Team India) ഏറ്റവും കൂടുതല്‍ ആശങ്കയുള്ളത് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ(Hardik Pandya) കാര്യത്തിലാണ്. ഐപിഎല്ലില്‍(IPL 2021) പന്തില്‍ തൊടാന്‍ മടിച്ച ഹര്‍ദിക് ലോകകപ്പിലെങ്കിലും പന്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. പൂര്‍ണ ഫിറ്റ്‌നസില്ലെങ്കില്‍ ഹര്‍ദിക്കിനെ എന്തിന് ടീമിലെടുത്തു എന്ന ചോദ്യവുമായി മുന്‍താരം സാബാ കരീം(Saba Karim) രംഗത്തെത്തിയിരുന്നു. എങ്കിലും ടീമില്‍ തന്‍റെ റോള്‍ ഫിനിഷറുടേതാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹര്‍ദിക് ഇപ്പോള്‍. 

'എക്കാലത്തെയും മികച്ച ഫിനിഷറാണ് ധോണിയെന്ന് ഞാന്‍ പറയും. അങ്ങനെയുള്ള എം എസ് ധോണി ഇക്കുറിയില്ല. എല്ലാ ചുമതലകളും എന്‍റെ തോളിലാണ്. ഇത് ആകാംക്ഷയുണര്‍ത്തുന്ന വലിയ വെല്ലുവിളിയാണ്' എന്നും ഹര്‍ദിക് പാണ്ഡ്യ ലോകകപ്പിന് മുന്നോടിയായി ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് പറഞ്ഞു. 

പന്തെറിയുമോ ഹര്‍ദിക്? 

ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തില്‍ വിരാട് കോലിയും സംഘവും ഇന്ന് വൈകിട്ട് ഏഴരയ്‌ക്ക് ഇംഗ്ലണ്ടിനെ നേരിടും. ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലാണ് മത്സരം. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ട്വന്റി 20യിൽ ക്യാപ്റ്റനായി വിരാട് കോലിയുടെ അവസാന ടൂർണമെന്റാണിത്. ഞായറാഴ്‌ച പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയയുമായും ഇന്ത്യ സന്നാഹ മത്സരം കളിക്കും. 

പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം ഹര്‍ദിക്കിന് സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരിക്കല്‍ പോലും ഹര്‍ദിക് പന്തെടുത്തിട്ടില്ലെന്നുള്ളതും ശ്രദ്ധേയം. രണ്ട് സന്നാഹ മത്സരങ്ങളിലും പന്തെറിയാതെ പാണ്ഡ്യക്ക് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലെന്ന് മുന്‍താരം ഗൗതം ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു. 

ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡ്

വിരാട് കോലി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ(വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹാര്‍, രവിചന്ദ്ര അശ്വിന്‍, ഷർദ്ദുൽ ഠാക്കൂർ, വരുണ്‍ ചക്രവര്‍ത്തി, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി. 

റിസര്‍വ് താരങ്ങള്‍

ശ്രേയസ് അയ്യർ, ദീപക് ചഹർ, അക്‌സര്‍ പട്ടേല്‍. 

'രാജാവ്' എത്തിയാല്‍ പറയേണ്ടല്ലോ...മടങ്ങിവരവില്‍ ധോണിക്ക് ഊഷ്‌മള സ്വീകരണവുമായി ബിസിസിഐ