മത്സരത്തില്‍ സ്കോട്‍ലന്‍ഡിനെ 72 റൺസിന് തകര്‍ത്ത് പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് ചേക്കേറിയിരുന്നു
ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) പേസര്‍ ഹാരിസ് റൗഫിന്‍റെ 28-ാം പിറന്നാള്‍ സ്‌കോട്‌ലന്‍ഡ്(Scotland Cricket Players) താരങ്ങള്‍ക്കൊപ്പം ആഘോഷിച്ച് പാകിസ്ഥാന്‍ ടീം(Pakistan Cricket Team). മ്ത്സര ശേഷം റൗഫിന്‍റെ പിറന്നാള്‍ ആഘോഷിക്കാന്‍ സ്‌കോട്ടിഷ് താരങ്ങള്‍ പാക് ഡ്രസിംഗ് റൂമില്‍ എത്തുകയായിരുന്നു. താരങ്ങള്‍ക്കൊപ്പം സപ്പോര്‍ട്ട് സ്റ്റാഫും ആഘോഷത്തില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും റൗഫ് പിറന്നാള്‍ കേക്ക് കൈമാറി. ആഘോഷദൃശ്യങ്ങള്‍ സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം ട്വിറ്ററില്‍ പങ്കുവെച്ചു.
ടി20 ലോകകപ്പില്‍ മികച്ച ഫോമിലാണ് ഹാരിസ് റൗഫ്. അഞ്ച് മത്സരങ്ങള്‍ കളിച്ചപ്പോള്‍ 17.00 ശരാശരിയിലും 15.00 സ്‌ട്രൈക്ക് റേറ്റിലും എട്ട് വിക്കറ്റ് നേടി. 6.80 മാത്രമാണ് ഇക്കോണമി. ടൂര്‍ണമെന്‍റില്‍ കളിച്ച എല്ലാ മത്സരത്തിലും വിക്കറ്റ് നേടാനുമായി.
ലോകകപ്പിനിടെ ഒരു ടീം എതിര്‍ ടീമിന്‍റെ ഡ്രസിംഗ് റൂം സന്ദര്‍ശിക്കുന്നത് ഇതാദ്യമല്ല. സ്‌കോട്‌ലന്‍ഡിനെതിരായ മത്സരം ശേഷം എതിരാളികളുടെ ഡ്രസിംഗ് റൂം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സന്ദര്‍ശിച്ചിരുന്നു. നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ജസ്‌പ്രീത് ബുമ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം സ്‌കോട്ടിഷ് താരങ്ങള്‍ക്കൊപ്പം ഏറെനേരെ ചിലവഴിച്ചു. 'വിലമതിക്കാനാവാത്തത്' എന്ന കുറിപ്പോടെ ഇതിന്‍റെ ചിത്രങ്ങള്‍ അന്ന് സ്‌കോട്‌ലന്‍ഡ് ക്രിക്കറ്റ് ടീം ട്വീറ്റ് ചെയ്‌തിരുന്നു.
സ്‌കോട്‌ലന്‍ഡിനെ തകര്‍ത്ത് പാകിസ്ഥാന്‍
മത്സരത്തില്‍ സ്കോട്‍ലന്‍ഡിനെ 72 റൺസിന് തകര്‍ത്ത് പാകിസ്ഥാന്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് ചേക്കേറിയിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 189 റൺസെടുത്തു. 47 പന്തില്‍ 66 റൺസെടുത്ത ബാബര്‍ അസമാണ് ടോപ്സ്കോറര്‍. 15-ാം ഓവറില്‍ 100 കടന്ന പാകിസ്ഥാനെ ഷൊയൈബ് മാലിക്ക്, മുഹമ്മദ് ഹഫീസ് സഖ്യമാണ് മികച്ച സ്കോറിലെത്തിച്ചത്. മാലിക്ക് 18 പന്തില്‍ 54 ഉം ഹഫീസ് 19 പന്തില്‍ 31 ഉം റൺസെടുത്തു.
മറുപടി ബാറ്റിംഗില്‍ സ്കോട്‍ലന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റിന് 117 റൺസെടുക്കാനേയായുള്ളൂ. റിച്ചി ബെരിംഗ്ടൺ 54 റൺസുമായി ടോപ്സ്കോററായി. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷദാബ് ഖാന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതം എടുത്തു. മാലിക്കാണ് കളിയിലെ താരം. വ്യാഴാഴ്ചത്തെ രണ്ടാം സെമിയിൽ ഓസ്ട്രേലിയയെ പാകിസ്ഥാന്‍ നേരിടും.
T20 World Cup | ചരിത്രമെഴുതി ബാബര്‍ അസം; ഹെയ്‌ഡനും കോലിയുമുള്ള എലൈറ്റ് പട്ടികയില്‍
