ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസിനെ എവിന്‍ ലൂയിസ് ഒറ്റക്ക് ചൂമലിലേറ്റുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളിലടക്കം തപ്പിത്തടഞ്ഞ ലെന്‍ഡല്‍ സിമണ്‍സ് ആരാധകരെ അമ്പരപ്പിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ലൂയിസിന്‍റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 10.3 ഓവറില്‍ 73 റണ്‍സടിച്ചു.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ (West Indies) ദക്ഷിണാഫ്രിക്കക്ക്(South Africa) 144 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഓപ്പണര്‍ എവിന്‍ ലൂയിസിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. 35 പന്തില്‍ 56 റണ്‍സെടുത്ത ലൂയിസാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ദക്ഷിണാഫ്രിക്കക്കായി ഡ്വയിന്‍ പ്രിട്ടോറിയസ് 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

പവര്‍ പ്ലേയില്‍ ടെസ്റ്റ് കളിച്ച് സിമണ്‍സ്, തകര്‍ത്തടിച്ച് ലൂയിസ്

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസിനെ എവിന്‍ ലൂയിസ് ഒറ്റക്ക് ചൂമലിലേറ്റുകയായിരുന്നു. പവര്‍ പ്ലേ ഓവറുകളിലടക്കം തപ്പിത്തടഞ്ഞ ലെന്‍ഡല്‍ സിമണ്‍സ് ആരാധകരെ അമ്പരപ്പിച്ചപ്പോള്‍ ഓപ്പണിംഗ് വിക്കറ്റില്‍ ലൂയിസിന്‍റെ ബാറ്റിംഗ് മികവില്‍ വിന്‍ഡീസ് 10.3 ഓവറില്‍ 73 റണ്‍സടിച്ചു. സിമണ്‍സ് പുറത്തായശേഷം എത്തിയ നിക്കോളാസ് പുരാനും(7 പന്തില്‍ 12) ക്രീസില്‍ അധികനേരം നിന്നില്ല. പുരാന് പിന്നാലെ 35 പന്തില്‍ 16 റണ്‍സെടുത്ത ടെസ്റ്റ് ലെന്‍ഡല്‍ സിമണ്‍സിന്‍റെ ടെസ്റ്റ് ഇന്നിംഗ്സ് റബാദ അവസാനിപ്പിച്ചു.

സിമണ്‍സും പുരാനും പുറത്തായശേഷം ക്രീസിലെത്തിയ ക്രിസ് ഗെയ്ല്‍ പ്രതീക്ഷ നല്‍കിയെങ്കിലും കാര്യമായൊന്നും ചെയ്യാതെ മടങ്ങി. 12 പന്തില്‍ ഒരു സിക്സ് മാത്രം പറത്തിയ ഗെയ്ല്‍ നേടിത് 12 റണ്‍സ്. മധ്യനിരയില്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ചെറുത്തുനില്‍പ്പാണ് വിന്‍ഡീസിനെ 100 കടത്തിയത്. 20 പന്തില്‍ 26 റണ്‍സെടുത്ത പൊള്ളാര്‍ഡ് അവസാന ഓവറില്‍ പുറത്തായത് വിന്‍ഡീസിന് തിരിച്ചടിയായി.

വമ്പനടിക്കാരായ പൊള്ളാര്‍ഡും റസലുമെല്ലാം ക്രീസിലുണ്ടായിട്ടും അവസാന മൂന്നോവറില്‍ വിന്‍ഡീസിന് നേടാനായത് 22 റണ്‍സ് മാത്രം. പ്രിട്ടോറിയസ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായ വിന്‍ഡീസ് ഏഴ് റണ്‍സ് മാത്രമാണ് നേടിയത്.

ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് ഏഴ് ഓവര്‍ പിന്നിടുമ്പോല്‍ വിക്കറ്റ് നഷ്ടമില്ലാതെ 46 റണ്‍സെടുത്തിട്ടുണ്ട്. എവിന്‍ ലൂയിസ് (36), ലെന്‍ഡല്‍ സിമണ്‍സ് (7) എന്നിവരാണ് ക്രീസില്‍.

നേരത്തെ, ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബവൂമ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനോട് ദയനീയമായി തോറ്റിരുന്നു. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയോടും തോറ്റു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി.

ക്വിന്‍റണ്‍ ഡി കോക്കിന് (Quinton De Kock) പകരം റീസ ഹെന്‍ഡ്രിക്‌സ് ടീമിലെത്തി. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ച ഡി കോക്ക് അവസാന നിമിഷം പിന്‍മാറിയത് തുടക്കത്തില്‍ നാടകീയതക്ക് കാരണമാകുകയും ചെയ്തു.വിന്‍ഡീസും ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. മക്‌കോയ് പുറത്തായി. ഹെയ്ഡല്‍ വാല്‍ഷാണ് പകരമെത്തിയത്.

ദക്ഷിണാഫ്രിക്ക: തെംബ ബവൂമ, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, തബ്രൈസ് ഷംസി.

വെസ്റ്റ് ഇന്‍ഡീസ്: ലെന്‍ഡല്‍ സിമണ്‍സ്, എവിന്‍ ലൂയിസ്, ക്രിസ് ഗെയ്ല്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പുരാന്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ഡ്വെയ്ന്‍ ബ്രാവോ, അകീല്‍ ഹൊസീന്‍, ഹെയ്ഡല്‍ വാല്‍ഷ്, രവി രാംപോള്‍.