അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയര്‍ലന്‍ഡിന് മഴ മൂലം കളി ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി. അഫ്ഗാനെതിരെ ജയിച്ചാല്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയര്‍ലന്‍ഡും.

മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മഴയുടെ കളി തുടരുന്നു. സൂപ്പര്‍ 12ല്‍ ഇന്ന് രാവിലെ നടക്കേണ്ട അഫ്ഗാനിസ്ഥാന്‍-അയര്‍ലന്‍ഡ് പോരാട്ടം മഴമൂലം ടോസ് പോലും സാധ്യമാവാതെ ഉപേക്ഷിച്ചു. സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്ഥാന്‍റെ രണ്ടാം മത്സരമാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവരുന്നത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ അഫ്ഗാന്‍റെ സൂപ്പര്‍ 12 പോരാട്ടവും മഴമൂലം ടോസ് പോലും ഇടാതെ ഉപേക്ഷിക്കേണ്ടിവന്നിരുന്നു.

അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അയര്‍ലന്‍ഡിന് മഴ മൂലം കളി ഉപേക്ഷിച്ചത് വലിയ തിരിച്ചടിയായി. അഫ്ഗാനെതിരെ ജയിച്ചാല്‍ സെമി പ്രതീക്ഷകള്‍ സജീവമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു അയര്‍ലന്‍ഡും.

മൂന്ന് മത്സരങ്ങളില്‍ ഒരു ജയവും ഒരു തോല്‍വിയും ഫലമില്ലാതെ പോയ മത്സരത്തില്‍ നിന്ന് ലഭിച്ച ഒരു പോയന്‍റുമടക്കം മൂന്ന് പോയന്‍റുള്ള അയര്‍ലന്‍ഡാണ് ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. രണ്ട് കളികളില്‍ മൂന്ന് പോയന്‍റുള്ള ന്യൂസിലന്‍ഡാണ് ഒന്നാമത്. രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള ശ്രീലങ്ക മൂന്നാമതും രണ്ട് കളികളില്‍ രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് നാലാമതും മൂന്ന് കളികളില്‍ രണ്ട് പോയന്‍റുള്ള അഫ്ഗാന്‍ അഞ്ചാമതും നില്‍ക്കുമ്പോള്‍ ആതിഥേയരും ലോക ചാമ്പ്യന്‍മാരുമായ ഓസ്ട്രേലിയ അവസാന സ്ഥാനത്താണ്.

സിംബാബ്‌വെക്കെതിരായ തോല്‍വി; ഞെട്ടല്‍ മാറാതെ മുന്‍ പാക് താരങ്ങള്‍, സിംബാബ്‌വെക്ക് അഭിനന്ദനപ്രവാഹം

ഇന്ന് ഉച്ചക്ക് നടക്കുന്ന നിര്‍ണായക സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും.തോല്‍ക്കുന്നവരുടെ സെമി സാധ്യതകള്‍ക്ക് തിരിച്ചടിയേല്‍ക്കുമെന്നതിനാല്‍ ഇരു ടീമുകള്‍ക്കും ഇത് ജീവന്‍മരണ പോരാട്ടമാണ്. എന്നാല്‍ ഈ മത്സരവും മെല്‍ബണിലാണ് നടക്കുന്നത് എന്നതിനാല്‍ മഴ ഭീഷണിയിലാണ്.

അയര്‍ലന്‍ഡിനോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായതെങ്കില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോടേറ്റ കനത്ത തോല്‍വിയാണ് ഓസ്ട്രേലിയയെ വലക്കുന്നത്. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയെ തകര്‍ത്ത് തിരിച്ചുവന്നെങ്കിലും ലോകചാമ്പ്യന്‍മാര്‍ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഓസീസിന് ഇതുവരെ ആയിട്ടില്ല.