Asianet News MalayalamAsianet News Malayalam

സൂര്യകുമാറിനും കോലിക്കും കെണിയൊരുക്കാന്‍ അവരോ? കണ്ണുകള്‍ അഡ്‌ലെയ്‌ഡില്‍, സെമി തന്ത്രങ്ങളുടെ സൂപ്പര്‍ പോരാകും

ട്വന്‍റി 20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്രീസിലെത്തും മുതൽ കൂറ്റനടിക്ക് മുതിരുന്നതാണ് സ്കൈയുടെ പതിവ്.

T20 World Cup 2022 IND vs ENG Semi Final all eyes on Jos Buttler as how he use bowlers against Virat Kohli Suryakumar Yadav
Author
First Published Nov 10, 2022, 9:05 AM IST

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ സെമിയാണ് ഇന്ന്. ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരുപിടി താരങ്ങള്‍ ഇരു ടീമുകളിലുമുണ്ട്. ഇവര്‍ക്കെതിരെ എതിരാളികൾ എന്ത് തന്ത്രം പ്രയോഗിക്കുമെന്ന സസ്പെന്‍സിലാണ് അഡ്‌ലെയ്‌ഡ് ഓവല്‍. ആരാവും സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തിലെ സൂപ്പര്‍താരം എന്നത് വലിയ ആകാംക്ഷയാണ്. 

ട്വന്‍റി 20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററാണ് സൂര്യകുമാര്‍ യാദവ്. ക്രീസിലെത്തും മുതൽ കൂറ്റനടിക്ക് മുതിരുന്നതാണ് സ്കൈയുടെ പതിവ്. ലോകകപ്പിലാണേല്‍ താരം മിന്നും ഫോമിലും. ആദ്യ 10 പന്തിലെ സ്ട്രൈക്ക് റേറ്റ് 174 ആണെന്നത് സൂര്യകുമാര്‍ യാദവിലെ അപകടകാരിയായ ബാറ്ററെ തെളിയിക്കുന്നു. പല ഇംഗ്ലീഷ് ബൗളര്‍മാരെയും ഐപിഎല്ലില്‍ സമ്മര്‍ദത്തിലാക്കിയിട്ടുള്ള സൂര്യകുമാറിനെതിരെ സാം കറനെയോ പരിക്ക് ഭേദമായാൽ മാര്‍ക് വുഡിനെയോ പരീക്ഷിച്ചേക്കും ജോസ് ബട്‍‍ലര്‍. ഐപിഎല്ലില്‍ 2 തവണ സൂര്യകുമാറിനെ പുറത്താക്കിയിട്ടുണ്ട് സാം കറന്‍. 

അഡ്‌ലെയ്‌ഡിൽ മികച്ച റെക്കോര്‍ഡാണ് വിരാട് കോലിക്കുള്ളത്. ടെസറ്റിൽ രണ്ടും ഏകദിനത്തിൽ മൂന്നും സെഞ്ചുറി അഡ്‌ലെയ്‌ഡില്‍ നേടിയിട്ടുള്ള കോലി, ട്വന്‍റി 20 ഫോര്‍മാറ്റില്‍ ഇതുവരെ ഇവിടെ പുറത്തായിട്ടുമില്ല. നിലയുറപ്പിക്കാന്‍ സമയം എടുക്കുന്ന കോലിക്കെതിരെ മധ്യഓവറുകളില്‍ ആദിൽ റഷീദിനെ ഇംഗ്ലണ്ട് പരീക്ഷിച്ചേക്കും. ലോകകപ്പില്‍ സ്പിന്നര്‍മാര്‍ക്കെതിരെ 113 മാത്രമാണ് കോലിയുടെ സ്ട്രൈക്ക് റേറ്റ്. റഷീദാകട്ടേ കോലിക്കെതിരെ 59 പന്തിൽ 63 റൺസേ വഴങ്ങിയിട്ടുള്ളൂ. 2 തവണ കോലിയെ പുറത്താക്കുകയും ചെയ്തു.

ഇന്ത്യന്‍ ആരാധകര്‍ക്ക് പരിചിതമായ ഐപിഎല്ലിലെ വെടിക്കെട്ട് ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കിലും ജോസ് ബട്‍ലര്‍ തന്നെ ഇംഗ്ലണ്ടിന്‍റെ തുറുപ്പുചീട്ട്. ഇത്തവണ കരുതലോടെയുള്ള തുടക്കമായിരുന്നു പൊതുവിൽ ബട്‍‍ലറിന്‍റേത്. പവര്‍പ്ലേയിൽ സ്ട്രൈക്ക് റേറ്റ് 108.16 മാത്രം. ബട്‍‍ലറിനെതിരെ ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേശ്വര്‍കുമാറിനാണ് മികച്ച റെക്കോര്‍ഡ്. ഇംഗ്ലണ്ട് നായകനെ 5 തവണ പുറത്താക്കിയിട്ടുണ്ട് ഭുവനേശ്വര്‍. 32 പന്തില്‍ വഴങ്ങിയത് 30 റൺസ് മാത്രവും. 

ട്വന്‍റി 20 ലോകകപ്പ്: കണക്കുകളില്‍ ടീം ഇന്ത്യക്ക് പ്രതീക്ഷ; പക്ഷേ ബട്‌ലറുടെ ഇംഗ്ലണ്ടിനെ പേടിക്കണം

Follow Us:
Download App:
  • android
  • ios