Asianet News MalayalamAsianet News Malayalam

രോഹിത് ശ‍ര്‍മ്മയും കെ എല്‍ രാഹുലും പുറത്ത്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തുടക്കം പാളി ഇന്ത്യ

സൂപ്പ‍ര്‍-12ലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

T20 World Cup 2022 IND vs SA Super 12 Match India lose early wicket of Rohit Sharma and KL Rahul
Author
First Published Oct 30, 2022, 5:00 PM IST

പെര്‍ത്ത്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ടീം ഇന്ത്യക്ക് മോശം തുടക്കം. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് പവര്‍പ്ലേയ്‌ക്കിടെ ഇരു ഓപ്പണര്‍മാരെയും നഷ്‌ടമായി. ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലുങ്കി എന്‍ഗിഡി എറിഞ്ഞ അഞ്ചാം ഓവറാണ് ഇരട്ട പ്രഹരം നല്‍കിയത്. രോഹിത്(14 പന്തില്‍ 15) ലുങ്കി എന്‍ഗിഡിയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമം പാളി റിട്ടേണ്‍ ക്യാച്ചില്‍ പുറത്തായി. 14 പന്തില്‍ 9 റണ്‍സെടുത്ത രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചിലും വീണു. 

പവര്‍പ്ലേ പൂര്‍ത്തിയായപ്പോള്‍ എന്ന 33-2 നിലയിലാണ് ഇന്ത്യ. വിരാട് കോലി 6 പന്തില്‍ 4* ഉം സൂര്യകുമാര്‍ യാദവ് 2 പന്തില്‍ 1* ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു. 

സൂപ്പ‍ര്‍-12ലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓരോ മാറ്റം വീതമായാണ് ഇരു ടീമും പെര്‍ത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പകരം ദീപക് ഹൂഡ ഇടംപിടിച്ചു. ഹൂഡയ്‌ക്ക് ഈ ലോകകപ്പിലെ ആദ്യ മത്സരമാണിത്. ദക്ഷിണാഫ്രിക്കയില്‍ സ്‌പിന്നര്‍ തബ്രൈസ് ഷംസിക്ക് പകരം പേസര്‍ ലുങ്കി എന്‍ഗിഡിയാണ് ഇന്ന് കളിക്കുന്നത്. ബൗണ്‍സും പേസര്‍മാര്‍ക്ക് മൂവ്മെന്‍റും ലഭിക്കുന്ന പിച്ചാണ് പെര്‍ത്തിലേത് എന്നാണ് റിപ്പോര്‍ട്ട്. 

മത്സരത്തിന് മഴ ഭീഷണികളില്ല. നേരത്തെ നടന്ന മത്സരങ്ങളില്‍ പാകിസ്ഥാനെ നാല് വിക്കറ്റിനും നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിനും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. 

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്‌ദീപ് സിംഗ്. 

ദക്ഷിണാഫ്രിക്കന്‍  ഇലവന്‍: ക്വിന്‍റണ്‍ ഡികോക്ക്(വിക്കറ്റ് കീപ്പര്‍), തെംബാ ബാവുമ(ക്യാപ്റ്റന്‍), റൈലി റൂസ്സോ, ഏയ്‌ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്‌ന്‍ പാര്‍നല്‍, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, ആന്‍‌റിച്ച് നോര്‍ക്യ.

നെതര്‍ലന്‍ഡ്‌സിനെ ബൗളര്‍മാര്‍ എറിഞ്ഞിട്ടു, റിസ്‌വാന്‍ അടിച്ചോടിച്ചു; ലോകകപ്പില്‍ പാകിസ്ഥാന് ആദ്യ ജയം
 

Follow Us:
Download App:
  • android
  • ios