Asianet News MalayalamAsianet News Malayalam

ട്വന്‍റി 20 ലോകകപ്പ്: ഒഡൗഡിന്‍റെ പോരാട്ടം പാഴായി; നെതര്‍ലന്‍ഡ്‌സിനെ എറിഞ്ഞിട്ട് ലങ്ക സൂപ്പര്‍-12ല്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് സ്വന്തമാക്കിയത്

T20 World Cup 2022 Max ODowd single fight not helps Sri Lanka beat Netherlands by 16 runs
Author
First Published Oct 20, 2022, 1:04 PM IST

ഗീലോങ്: ട്വന്‍റി 20 ലോകകപ്പില്‍ ഗ്രൂപ്പ് എയില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ശ്രീലങ്ക സൂപ്പര്‍-12ല്‍. നെതര്‍ലന്‍ഡ്‌സിനെതിരെ 16 റണ്‍സിനാണ് ലങ്കന്‍ ജയം. 163 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ നെതര്‍ലന്‍ഡ്‌സിനെ 4 ഓവറില്‍ 28 റണ്‍സിന് മൂന്ന് വിക്കറ്റ് നേടിയ വനിന്ദു ഹസരങ്കയുടെ കരുത്തില്‍ ലങ്ക 20 ഓവറില്‍ 146/9  എന്ന സ്‌കോറിലൊതുക്കി. 53 പന്തില്‍ 71* റണ്‍സെടുത്ത മാക്‌സ് ഒഡൗഡിന്‍റെ ഒറ്റയാള്‍ പോരാട്ടം പാഴായി. ശ്രീലങ്കയ്ക്കായി മഹീഷ് തീഷ്‌ണ രണ്ടും ലഹിരു കുമാരയും ബിനുര ഫെര്‍ണാണ്ടോയും ഓരോ വിക്കറ്റും നേടി. അര്‍ധ സെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസാണ്(79) കളിയിലെ താരം. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് 162 റണ്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍ പാതും നിസങ്ക ഇത്തവണ 21 പന്തില്‍ 14 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസിന്‍റെ ബാറ്റിംഗാണ് നെതര്‍ലന്‍ഡ്‌സിനെതിരെ തുണച്ചത്. 44 പന്ത് നേരിട്ട മെന്‍ഡിസ് അഞ്ച് വീതം ഫോറും സിക്‌സറും സഹിതം 79 റണ്‍സെടുത്തു. 30 പന്തില്‍ 31 റണ്‍സെടുത്ത ചരിത് അസലങ്ക, 13 പന്തില്‍ 19 നേടിയ ഭാനുക രജപക്‌സെ എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ലങ്കന്‍ താരങ്ങള്‍.

ധനഞ്ജയ ഡി സില്‍വ ഗോള്‍ഡന്‍ ഡക്കായും നായകന്‍ ദാസുന്‍ ശനക അഞ്ച് പന്തില്‍ 8 റണ്‍സെടുത്തും പുറത്തായി. വനിന്ദു ഹസരങ്കയും(4 പന്തില്‍ 5), ചാമിക കരുണരത്‌നെയും(2 പന്തില്‍ 2) പുറത്താകാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡും പോള്‍ വാന്‍ മീകെരെനും രണ്ട് വീതവും ഫ്രഡ് ക്ലാസനും ടിം വാന്‍ ഡെര്‍ ഗുഗ്‌ടെനും ഓരോ വിക്കറ്റും നേടി. 

മറുപടി ബാറ്റിംഗില്‍ ഓപ്പണിംഗില്‍ വിക്രംജീത്ത് സിംഗ് 14 പന്തില്‍ 7 റണ്‍സെടുത്ത് പുറത്തായെങ്കിലും സഹ ഓപ്പണര്‍ മാക്‌സ് ഒഡൗഡ് ഒരറ്റത്ത് പോരാടി. 15 പന്തില്‍ 21 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സ് മാത്രം ഭേദപ്പെട്ട പിന്തുണ മാക്‌സിന് നല്‍കിയതോടെ നെതര്‍ലന്‍ഡ്‌സ് പതറി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുമായി ലങ്കന്‍ ബൗളര്‍മാര്‍ മത്സരം ആവേശമാക്കി. കോളിന്‍ ഓക്കര്‍മാന്‍ ഗോള്‍ഡന്‍ ഡക്കായും ടോം കൂപ്പര്‍ 19 പന്തില്‍ 16 റണ്‍സെടുത്തും ടിം പ്രിങ്കിള്‍ 4 പന്തില്‍ 2 റണ്‍സുമായും ടിം വാന്‍ഡര്‍ ഗുഗ്‌ടെന്‍ ഡോള്‍ഡന്‍ ഡക്കായും പുറത്തായതോടെ ടീം പ്രതിരോധത്തിലായി. ഫ്ര‍ഡ് ക്ലാസന്‍(3 പന്തില്‍ 3), പോള്‍ വാന്‍ മീകെരെന്‍(0) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്കോര്‍. ഒഡൗഡിനൊപ്പം വാന്‍ഡെര്‍ മെര്‍വ്(0*) പുറത്താകാതെ നിന്നു. 

ട്വന്‍റി 20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തില്‍ ഡികെ വിക്കറ്റ് കാക്കും; റിഷഭ് പന്ത് പുറത്തിരിക്കണം?

Follow Us:
Download App:
  • android
  • ios