പരിക്കേറ്റ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഉജ്വല തിരിച്ചുവരവാണ് ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നത്

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിന് മുൻപ് ടീം ഇന്ത്യക്ക് ഇന്ന് അവസാന സന്നാഹമത്സരം. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന കളിയിൽ ന്യൂസിലൻഡാണ് എതിരാളികൾ. ഫാസ്റ്റ് ബൗളർമാരെ തുണയ്ക്കുന്ന ഗാബയിലാണ് മത്സരം. ഇന്ത്യ സൂര്യകുമാർ യാദവിനും കെ എൽ രാഹുലിനും വിശ്രമം നൽകിയേക്കുമെന്നാണ് സൂചന. ഇരുവർക്കും പകരം ദീപക് ഹൂഡയും റിഷഭ് പന്തും ടീമിലെത്തിയേക്കും. ഇന്ത്യ ആദ്യ സന്നാഹമത്സരത്തിൽ ഓസ്ട്രേലിയയെയും ന്യൂസിലൻഡ് ദക്ഷിണാഫ്രിക്കയെയും തോൽപിച്ചിരുന്നു. 

ലോകകപ്പ് സൂപ്പർ-12വിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിന് ഓസ്ട്രേലിയയും ഇന്ത്യക്ക് പാകിസ്ഥാനുമാണ് എതിരാളികൾ. ഞായറാഴ്‌ച മെല്‍ബണിലാണ് ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം. 

പരിക്കേറ്റ ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഉജ്വല തിരിച്ചുവരവാണ് ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകുന്നത്. ആദ്യ ഘട്ടത്തിൽ ലോകകപ്പ് ടീമിൽ പോലും ഇടമില്ലാതിരുന്ന ഷമി ഓസ്ട്രേലിയക്കെതിരെ ഒരോവർ കൊണ്ട് വിമർശകർക്ക് മറുപടി നൽകി. മുഹമ്മദ് ഷമിയുടെ ഉജ്വല പ്രകടനത്തിന്‍റെ കരുത്തിൽ 6 റൺസിനാണ് സന്നാഹമത്സരത്തിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപ്പിച്ചത്. അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണ്ടപ്പോള്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് ഷമി വീഴ്‌ത്തി. ഇതിന് പുറമെ ഒരു റണ്ണൗട്ടുമുണ്ടായിരുന്നു. 

187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് ആരോണ്‍ ഫിഞ്ചിന്‍റെ അര്‍ധ സെ‍ഞ്ചുറിക്കിടയിലും 20-ാം ഓവറിലെ അവസാന പന്തില്‍ 180ല്‍ ഓള്‍ഔട്ടാവുകയായിരുന്നു. 19-ാം ഓവറില്‍ യോര്‍ക്കറുകള്‍ കൊണ്ട് തിളങ്ങി 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഹര്‍ഷല്‍ പട്ടേല്‍ രണ്ട് പേരെ മടക്കിയതും നിര്‍ണായകമായി. നേരത്തെ 33 പന്തില്‍ 57 റണ്‍സെടുത്ത ഓപ്പണര്‍ കെ എല്‍ രാഹുലും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ് 33 പന്തില്‍ നേടിയ 50 റണ്‍സുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 

ഇതൊരു സൂചന മാത്രം! ഷമിക്ക് 4 റണ്ണിന് മൂന്ന് വിക്കറ്റ്; ഓസീസിനെ മലര്‍ത്തിയടിച്ച് ഇന്ത്യ