മഴ കഴിഞ്ഞയുടനെ ഹെന്‍‍റിച്ച് ക്ലാസനും ട്രിസ്റ്റന്‍ സ്റ്റബ്സും അടിതുടങ്ങിയെങ്കിലും ക്ലാസനെ ഷഹീന്‍ മടക്കിയത് വഴിത്തിരിവായി

സിഡ്നി: ട്വന്‍റി 20 ലോകകപ്പിലെ സൂപ്പർ-12ല്‍ മഴ ഒരിക്കല്‍ക്കൂടി കളിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 33 റണ്‍സിന് തകർത്ത് പാകിസ്ഥാന്‍. മഴമൂലം 142 റണ്‍സായി പുതുക്കി നിശ്ചയിച്ച വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്കയ്ക്ക് 14 ഓവറില്‍ 9 വിക്കറ്റിന് 108 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിംഗില്‍ 22 പന്തില്‍ 52 റണ്‍സെടുത്ത ഷദാബ് ഖാന്‍ രണ്ട് ഓവറില്‍ 16ന് 2 വിക്കറ്റും നേടി മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഷഹീന്‍ ഷാ അഫ്രീയുടെ മൂന്ന് വിക്കറ്റ് നേട്ടവും ശ്രദ്ധേയമായി. 

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് പാക് ബൗളർമാർ തുടങ്ങിയത്. ഇന്നിംഗ്സിലെ ആറാം പന്തില്‍ ഷഹീന്‍ ഷാ അഫ്രീദി ഓപ്പണർ ക്വിന്‍റണ്‍ ഡികോക്കിനെ(5 പന്തില്‍ 0) പുറത്താക്കി. വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ നാലാം പന്തില്‍ റൈലി റൂസ്സോയേയും(6 പന്തില്‍ 7) ഷഹീന്‍ പറഞ്ഞയച്ചു. രണ്ട് വിക്കറ്റ് വീണപ്പോള്‍ ടീം സ്കോർ 16 മാത്രമായിരുന്നു. ക്യാപ്റ്റന്‍ തെംബാ ബാവുമയും ഏയ്ഡന്‍ മാർക്രമും ചേർന്ന് പ്രോട്ടീസിനെ കരകയറ്റും എന്ന് തോന്നിച്ചെങ്കിലും ഷദാബ് ഖാന്‍റെ എട്ടാം ഓവർ നിർണായകമായി. ബാവുമ ആദ്യ പന്തിലും(19 പന്തില്‍ 36), മാർക്രം മൂന്നാം ബോളിലും(14 പന്തില്‍ 20) പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ 66-4 എന്ന നിലയില്‍ വീണ്ടും പ്രതിരോധത്തിലായി. 

9 ഓവറില്‍ പ്രോട്ടീസ് 69-4 എന്ന സ്കോറില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പ്രോട്ടീസിന് ജയിക്കാന്‍ 66 പന്തില്‍ 117 റണ്‍സ് കൂടി വേണമായിരുന്നു ഈസമയം. എന്നാല്‍ 14 ഓവറില്‍ 142 റണ്‍സായി വിജയലക്ഷ്യം പുതുക്കി നിശ്ചയിക്കപ്പെട്ടു. മഴയ്ക്ക് ശേഷം വേണ്ടത് 30 പന്തില്‍ 73 റണ്‍സ്. മഴ കഴിഞ്ഞയുടനെ ഹെന്‍‍റിച്ച് ക്ലാസനും ട്രിസ്റ്റന്‍ സ്റ്റബ്സും അടിതുടങ്ങിയെങ്കിലും ക്ലാസനെ(9 പന്തില്‍ 15) ഷഹീന്‍ മടക്കി. അടുത്ത ഓവറില്‍ വെയ്ന്‍ പാർനല്‍(4 പന്തില്‍ 3) വസീമിനും കീഴടങ്ങി. 13-ാം ഓവറില്‍ സ്റ്റബ്സ് വീണു(18 പന്തില്‍ 18) ഹാരിസ് റൗഫിന്‍റെ അവസാന ഓവറില്‍ കാഗിസോ റബാഡയും(2 പന്തില്‍ 1), ആന്‍‍റിച്ച് നോർക്യയും(5 പന്തില്‍ 1) പുറത്തായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് വീണ ശേഷം 142 റണ്‍സ് അടിച്ചുകൂട്ടി 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സിലേക്ക് വിസ്മയകരമായി തിരിച്ചുവരികയായിരുന്നു. നാല് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 6.3 ഓവറില്‍ 43 റണ്‍സ് മാത്രമേ പാകിസ്ഥാനുണ്ടായിരുന്നുള്ളൂ. പിന്നീട് ആഞ്ഞടിച്ച ഷദാബ് ഖാന്‍ 22 പന്തില്‍ 52 ഉം ഇഫ്തിഖർ അഹമ്മദ് 35 പന്തില്‍ 51 ഉം റണ്‍സ് സ്വന്തമാക്കി. ഇരുവരുടേയും കൂട്ടുകെട്ട്(35 പന്തില്‍ 82 റണ്‍സ്) നിർണായകമായി. ഷദാബ് 20 പന്തില്‍ അർധസെഞ്ചുറി നേടി. മുഹമ്മദ് നവാസ് 22 പന്തില്‍ 28 ഉം മുഹമ്മദ് ഹാരിസ് 11 പന്തില്‍ 28 ഉം റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി നാല് ഓവറില്‍ 41 റണ്‍സിന് ആന്‍‍റിച്ച് നോർക്യ നാല് വിക്കറ്റ് നേടിയപ്പോള്‍ വെയ്ന്‍ പാർനല്‍, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി എന്നിവർ ഓരോരുത്തരെ മടക്കി. 

ലോകകപ്പില്‍ വീണ്ടും മഴക്കളി; പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം തടസപ്പെട്ടു, ടീമുകള്‍ക്ക് ചങ്കിടിപ്പേറുന്നു