Asianet News MalayalamAsianet News Malayalam

ലോകകപ്പില്‍ വീണ്ടും മഴക്കളി; പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം തടസപ്പെട്ടു, ടീമുകള്‍ക്ക് ചങ്കിടിപ്പേറുന്നു

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് പാക് ബൗളർമാർ തുടങ്ങിയത്

T20 World Cup 2022 PAK vs SA Super 12 Match stopped due to rain at Sydney Cricket Ground
Author
First Published Nov 3, 2022, 4:29 PM IST

സിഡ്നി: ഓസ്ട്രേലിയ വേദിയാവുന്ന ട്വന്‍റി 20 ലോകകപ്പില്‍ വീണ്ടും മഴയുടെ കളി. സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ടിലെ പാകിസ്ഥാന്‍-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം തടസപ്പെട്ടിരിക്കുകയാണ്. 186 റണ്‍സ് വിജയലക്ഷ്യം പിന്തുടരവെ 9 ഓവറില്‍ പ്രോട്ടീസ് 69-4 എന്ന സ്കോറില്‍ നില്‍ക്കേ മഴയെത്തുകയായിരുന്നു. പ്രോട്ടീസിന് ജയിക്കാന്‍ 66 പന്തില്‍ 117 റണ്‍സ് കൂടി വേണം.

മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത പ്രഹരം നല്‍കിയാണ് പാക് ബൗളർമാർ തുടങ്ങിയത്. ഇന്നിംഗ്സിലെ ആറാം പന്തില്‍ ഷഹീന്‍ ഷാ അഫ്രീദി ഓപ്പണർ ക്വിന്‍റണ്‍ ഡികോക്കിനെ(5 പന്തില്‍ 0) പുറത്താക്കി. വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ നാലാം പന്തില്‍ റൈലി റൂസ്സോയേയും(6 പന്തില്‍ 7) ഷഹീന്‍ പറഞ്ഞയച്ചു. രണ്ട് വിക്കറ്റ് വീണപ്പോള്‍ ടീം സ്കോർ 16 മാത്രമായിരുന്നു. ക്യാപ്റ്റന്‍ തെംബാ ബാവുമയും ഏയ്ഡന്‍ മാർക്രമും ചേർന്ന് പ്രോട്ടീസിനെ കരകയറ്റും എന്ന് തോന്നിച്ചെങ്കിലും ഷദാബ് ഖാന്‍റെ എട്ടാം ഓവർ നിർണായകമായി. ബാവുമ ആദ്യ പന്തിലും(19 പന്തില്‍ 36), മാർക്രം മൂന്നാം ബോളിലും(14 പന്തില്‍ 20) പുറത്തായി. ഇതോടെ ദക്ഷിണാഫ്രിക്ക 7.3 ഓവറില്‍ 66-4 എന്ന നിലയില്‍ വീണ്ടും പ്രതിരോധത്തിലായി. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് വീണ ശേഷം 142 റണ്‍സ് അടിച്ചുകൂട്ടി 20 ഓവറില്‍ 9 വിക്കറ്റിന് 185 റണ്‍സിലേക്ക് വിസ്മയകരമായി തിരിച്ചുവരികയായിരുന്നു. നാല് വിക്കറ്റ് നഷ്ടമാകുമ്പോള്‍ 6.3 ഓവറില്‍ 43 റണ്‍സ് മാത്രമേ പാകിസ്ഥാനുണ്ടായിരുന്നുള്ളൂ. പിന്നീട് ആഞ്ഞടിച്ച ഷദാബ് ഖാന്‍ 22 പന്തില്‍ 52 ഉം ഇഫ്തിഖർ അഹമ്മദ് 35 പന്തില്‍ 51 ഉം റണ്‍സ് സ്വന്തമാക്കി. ഇരുവരുടേയും കൂട്ടുകെട്ട്(35 പന്തില്‍ 82 റണ്‍സ്) നിർണായകമായി. ഷദാബ് 20 പന്തില്‍ അർധസെഞ്ചുറി നേടി. മുഹമ്മദ് നവാസ് 22 പന്തില്‍ 28 ഉം മുഹമ്മദ് ഹാരിസ് 11 പന്തില്‍ 28 ഉം റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി നാല് ഓവറില്‍ 41 റണ്‍സിന് ആന്‍‍റിച്ച് നോർക്യ നാല് വിക്കറ്റ് നേടിയപ്പോള്‍ വെയ്ന്‍ പാർനല്‍, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി എന്നിവർ ഓരോരുത്തരെ മടക്കി. 

ആറാം വിക്കറ്റിലെ ആറാട്ട്; റെക്കോർഡിട്ട് പാക് താരങ്ങളായ ഇഫ്തിഖറും ഷദാബും
 

Follow Us:
Download App:
  • android
  • ios