നവാസിന്‍റെ പന്തില്‍ നോബോള്‍ വിളിച്ചതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അംപയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അത് നോബോളാണെന്ന തീരുമാനത്തില്‍ അംപയര്‍മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു

മെല്‍ബണ്‍: ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ അവസാന ഓവറിലെ നോബോളിനെ ചൊല്ലി വിവാദം. അംപയറെ രൂക്ഷമായി വിമർശിച്ച് പാകിസ്ഥാൻ മുൻ ബൗളർ ഷൊയൈബ് അക്തർ രംഗത്തെത്തി. എന്തുകൊണ്ടാണ് റിവ്യൂ നൽകാതിരുന്നതെന്ന് മുൻ ഓസ്ട്രേലിയൻ താരം ബ്രാഡ് ഹോഗ് ചോദിച്ചു. പാകിസ്ഥാൻ ആരാധകരും നവാസിന്‍റെ പന്ത് നോബോൾ വിളിച്ചതിനെതിരെ രൂക്ഷവിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർത്തുന്നത്. നോബോളിൽ സിക്സർ നേടിയ കോലി പിന്നാലെ ഫ്രീ-ഹിറ്റ് പന്തിൽ ബൗൾഡായിട്ടും 3 റൺസ് ഓടിയെടുത്തതാണ് മത്സരത്തിൽ നിർണായകമായത്.

നവാസിന്‍റെ പന്തില്‍ നോബോള്‍ വിളിച്ചതില്‍ ക്ഷുഭിതനായ പാക് നായകന്‍ ബാബര്‍ അസം അംപയര്‍മാരോട് തര്‍ക്കിച്ചെങ്കിലും അത് നോബോളാണെന്ന തീരുമാനത്തില്‍ അംപയര്‍മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 

ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റിന്‍റെ വിജയം സ്വന്തമാക്കുകയായിരുന്നു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 53 പന്തില്‍ 82* റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ഹീറോ. കോലിയാണ് മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. അവസാന പന്തില്‍ ആര്‍ അശ്വിന്‍ നേടിയ ഫോര്‍ നിര്‍ണായകമായി. ഹാര്‍ദിക് പാണ്ഡ്യ (40) മികച്ച പ്രകടനം പുറത്തെടുത്തു. 

മൂന്ന് വീതം വിക്കറ്റുകളുമായി അര്‍ഷ്‌ദീപ് സിംഗും ഹാര്‍ദിക് പാണ്ഡ്യയും ബൗളിംഗില്‍ തിളങ്ങി. വിരാട് കോലിയുടെ കരിയറിലെ മാത്രമല്ല, ഇന്ത്യൻ ടീമിന്‍റെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് പാകിസ്ഥാനെതിരെ കണ്ടത്. വ്യാഴാഴ്ച നെതർലൻഡ്സാണ് ടീം ഇന്ത്യയുടെ അടുത്ത എതിരാളികൾ.

സിനിമയെ വെല്ലുന്ന ത്രില്ലര്‍! കോലി ഹീറോ; ടി20 ലോകകപ്പില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി