ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും പാതും നിസങ്കയും തുടക്കത്തിലെ കടന്നാക്രമിച്ചതോടെ മികച്ച തുടക്കമാണ് ഗീലോങ്ങില്‍ ലങ്ക നേടിയത്

ഗീലോങ്: ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയോട് ഏറ്റ അട്ടിമറി തോല്‍വി മറക്കാനിറങ്ങിയ ശ്രീലങ്കയ്ക്ക് യുഎഇക്കെതിരെ മോശമല്ലാത്ത സ്കോര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ടീമിന്‍റെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് യുഎഇക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റിന് 152 റണ്‍സാണെടുത്തത്. ഹാട്രിക് വീരന്‍ കാര്‍ത്തിക് മെയ്യപ്പന് മുന്നില്‍ ഒരുവേള അടിയറവുപറഞ്ഞെങ്കിലും പാതും നിസങ്കയുടെ(60 പന്തില്‍ 74) ഫിഫ്റ്റിയിലാണ് ലങ്കയുടെ റണ്‍നേട്ടം. 

മെയ്യപ്പന് ഹാട്രിക് 

ഓപ്പണര്‍മാരായ കുശാല്‍ മെന്‍ഡിസും പാതും നിസങ്കയും തുടക്കത്തിലെ കടന്നാക്രമിച്ചതോടെ മികച്ച തുടക്കമാണ് ഗീലോങ്ങില്‍ ലങ്ക നേടിയത്. 13 പന്തില്‍ 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് 4.4 ഓവറില്‍ പുറത്താകുമ്പോള്‍ ടീം സ്കോര്‍ 42ലെത്തിയിരുന്നു. ആര്യന്‍ ലക്രക്കായിരുന്നു മെന്‍ഡിസിന്‍റെ വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ നിസങ്കയും ധനഞ്ജയ ഡിസില്‍വയും ചേര്‍ന്നതോടെ ലങ്ക 10 ഓവറില്‍ 84ലെത്തി. ഇരുവരും 38 പന്തില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ ഡിസില്‍(21 പന്തില്‍ 33) ഇല്ലാത്ത റണ്ണിനായി ഓടി റണ്ണൗട്ടായി. നിലയുറപ്പിച്ച നിസങ്ക 45 പന്തില്‍ ഫിഫ്റ്റി തികച്ചു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കാണിത്. 

ആശ്വസിക്കാന്‍ നിസങ്കയുടെ ഫിഫ്റ്റി

കാര്‍ത്തിക് മെയ്യപ്പന്‍ എറിഞ്ഞ 14-ാം ഓവര്‍ ലങ്കയെ പതനത്തിലേക്ക് തള്ളിവിട്ടു. നാലാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച ഭാനുക രജപക്‌സെ(8 പന്തില്‍ 5) ബാസിലിന്‍റെ ക്യാച്ചില്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ ചരിത് അസലങ്ക വിക്കറ്റിന് പിന്നില്‍ അരവിന്ദിന്‍റെ കൈകളിലെത്തി. ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റന്‍ ദാസുന്‍ ശനകയെ(1 പന്തില്‍ 0) ബൗള്‍ഡാക്കി മെയ്യപ്പന്‍ ഹാട്രിക് തികച്ചു. തൊട്ടടുത്ത അഫ്‌സല്‍ ഖാന്‍റെ ഓവറില്‍ വനിന്ദു ഹസരങ്ക(3 പന്തില്‍ 2) ബാസിലിന്‍റെ ക്യാച്ചില്‍ മടങ്ങി. അവസാന ഓവറിലെ മൂന്നാം പന്തില്‍ ചാമിക കരുണരത്‌നെയും(11 പന്തില്‍ 8) വീണു. അഞ്ചാം പന്തില്‍ നിസങ്ക(60 പന്തില്‍ 74), ബാസിലിന്‍റെ പറക്കുംക്യാച്ചില്‍ പുറത്തായി. 

ഷമി ഹീറോ ആവണം, സീറോ ആയാല്‍ പോയി; ടീം ഇന്ത്യയുടെ ലോകകപ്പ് സാധ്യതകള്‍