ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ന്യൂയോര്‍ക്കില്‍ മത്സരം ആരംഭിക്കുക

ന്യൂയോര്‍ക്ക്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യ-അമേരിക്ക പോരാട്ടമാണ്. നിറയെ ഇന്ത്യന്‍ വംശജരുള്ള അമേരിക്കന്‍ ടീമുമായാണ് ടീം ഇന്ത്യ ഏറ്റുമുട്ടുന്നത് എന്നതാണ് മത്സരത്തെ ആകര്‍ഷകമാക്കുന്നത്. വലിയ ആവേശം ന്യൂയോര്‍ക്കിലെ ആരാധകര്‍ പ്രതീക്ഷിക്കുന്ന മത്സരത്തില്‍ രസംകൊല്ലിയായി മഴയെത്തുമോ? എന്താണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള കാലാവസ്ഥ പ്രവചനങ്ങള്‍. 

ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് ന്യൂയോര്‍ക്കില്‍ മത്സരം ആരംഭിക്കുക. ന്യൂയോര്‍ക്ക് സമയം രാവിലെ 10.30നാണ് കളി തുടങ്ങുന്നത്. ഈ ലോകകപ്പിലെ പല മത്സരങ്ങളിലും മഴ രസംകൊല്ലിയായതിനാല്‍ ഇന്ത്യ-യുഎസ്എ മത്സരത്തിന്‍റെ കാലാവസ്ഥാ പ്രവചനങ്ങളിലേക്ക് ഏവരും ഉറ്റുനോക്കുകയാണ്. ഇതേ വേദിയില്‍ മുമ്പ് നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മഴമൂലം വൈകിയാണ് തുടങ്ങിയത്. ഫ്ലോറിഡയില്‍ ഇന്ത്യന്‍ സമയം ഇന്ന് രാവിലെ നടക്കേണ്ടിയിരുന്ന ശ്രീലങ്ക-നേപ്പാള്‍ മത്സരം മഴമൂലം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. ഇന്ന് ന്യൂയോര്‍ക്കില്‍ മേഘാവൃതമായ കാലാവസ്ഥയാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ മത്സരസമയത്ത് കാര്യമായ മഴ പ്രവചിച്ചിട്ടില്ലാത്തത് ടീമുകള്‍ക്കും ക്രിക്കറ്റ് പ്രേമികള്‍ക്കും ആശ്വാസമാണ്. 

ഗ്രൂപ്പ് എ സാധ്യതകള്‍ 

അതേസമയം ഇന്ന് മഴ മത്സരം മുടക്കിയാല്‍ പാകിസ്ഥാനാണ് കനത്ത തിരിച്ചടി ലഭിക്കുക. മത്സരം ഉപേക്ഷിക്കുന്നതോടെ ഇന്ത്യ, യുഎസ്‌എ ടീമുകള്‍ക്ക് മൂന്ന് കളികളില്‍ അഞ്ച് പോയിന്‍റ് വീതമാകും. ഇതോടെ ഇരു ടീമുകളും എ ഗ്രൂപ്പില്‍ നിന്ന് സൂപ്പര്‍ എട്ട് ഉറപ്പിക്കും. മൂന്ന് മത്സരങ്ങളില്‍ രണ്ട് പോയിന്‍റ് മാത്രമുള്ള പാകിസ്ഥാനും കാനഡയും അക്കൗണ്ട് തുറക്കാത്ത അയര്‍ലന്‍ഡും പുറത്താവുകയും ചെയ്യും. പാകിസ്ഥാന് അയര്‍ലന്‍ഡിന് എതിരായ അവസാന മത്സരം ജയിച്ചാലും നാല് പോയിന്‍റുകളെ ആവുകയുള്ളൂ. അമേരിക്കയോടും ടീം ഇന്ത്യയോടും തോറ്റപ്പോള്‍ കാനഡയോട് മാത്രമാണ് പാകിസ്ഥാന് ജയിക്കാനായത്. 

Read more: 'കുഞ്ഞന്‍ ടീമുകളെ പഞ്ഞിക്കിട്ട് നാട്ടുകാരെ പറ്റിച്ചു, ഇയാളാണോ കിംഗ്'; ബാബര്‍ അസമിനെ പരിഹസിച്ച് മുന്‍ സഹതാരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം