കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു ഇരുവരും.

ആന്‍റിഗ്വ: ടി20 ലോകകപ്പിലെ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 197 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 27 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തി 50 റണ്‍സുമായി പുറത്താകാതെ നിന്ന ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി(37), റിഷഭ് പന്ത്(36), ശിവം ദുബെ(34), രോഹിത് ശര്‍മ(23) ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിനായി റിഷാദ് ഹൊസൈനും തന്‍സിം ഹസന്‍ ഷാക്കിബും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ഗ്രൗണ്ടിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോറാണ് ഇന്ത്യ അടിച്ചെടുത്തത്.

തുടക്കം നന്നായി ഒടുക്കവും

കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിരാട് കോലിയും രോഹിത് ശര്‍മയും ചേര്‍ന്ന് ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു ഇരുവരും. നേരിട്ട നാലാം പന്ത് തന്നെ സിക്സിന് പറത്തി കോലിയും തുടര്‍ച്ചായ ബൗണ്ടറികളോടെ രോഹിത്തും വെടിക്കെട്ട് തുടക്കം നല്‍കി. നാലാം ഓവറില്‍ ഷാക്കിബ് അല്‍ ഹസനെ സിക്സിനും ഫോറിനും പറത്തിയ രോഹിത് പക്ഷെ അതേ ഓവറില്ർ പുറത്തായി. 11 പന്തില്‍ 23 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.

രോഹിത് പുറത്തായെങ്കിലും ബാക്ക് ഫൂട്ടിലേക്ക് പോവാതെ തകര്‍ത്തടിച്ച കോലി റിഷഭ് പന്തിനെ ഒരറ്റത്ത് നിര്‍ത്തി സ്കോറുയര്‍ത്തി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സിലെത്തിയിരുന്നു. പവര്‍ പ്ലേക്ക് ശേഷം റിഷാദ് ഹൊസൈനെതിരെ സിക്സും ഫോറും പറത്തിയ കോലി ടൂര്‍ണമെന്‍റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിലെത്തി. കോലി നിലുറപ്പിച്ചെന്ന് കരുതിയപ്പോളാണ് തന്‍സിം ഹസന്‍ ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചത്. ഹസനെതിരെ ക്രീസ് വിട്ടിറങ്ങിയ കോലി ക്ലീന്‍ ബൗള്‍ഡായി. 28 പന്തില്‍ 37 റണ്‍സടിച്ച കോലി മൂന്ന് സിക്സുകള്‍ പറത്തി.

View post on Instagram

കോലി പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയാണ് തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത പന്തില്‍ സൂര്യകുമാറിനെ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിച്ച് തന്‍സിം ഇന്ത്യയെ ഞെട്ടിച്ചു. എട്ടോവറില്‍ ഒറു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സിലായിരുന്ന ഇന്ത്യ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സിലെത്തിയതേയുള്ളു. എന്നാല്‍ സൂര്യകുമാര്‍ പുറത്തായശേഷം ഗിയര്‍ മാറ്റിയ റിഷഭ് പന്ത് പന്ത്രണ്ടാം ഓവറില്‍ ഇന്ത്യയെ 100 കടത്തി പ്രതീക്ഷ നല്‍കി. പിന്നാലെ റിഷാദ് ഹൊസൈന്‍റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച പന്തിന് അമിതാവേശം തിരിച്ചടിയായി. 24 പന്തില്‍ 36 റണ്‍സെടുത്ത് പന്ത് മടങ്ങി.

View post on Instagram

പാണ്ഡ്യ പവര്‍

ഹാര്‍ദ്ദിക് പാണ്ഡ്യയും ശിവം ദുബെയും ചേര്‍ന്നുള്ള പിന്നീട് ഇന്ത്യക്ക് കരുത്തായത്. തുടക്കം മുതല്‍ പാണ്ഡ്യ തകര്‍ത്തടിച്ചപ്പോള്‍ കരുതലോടെ തുടങ്ങിയ ദുബെ നിലയുറപ്പിച്ചശേഷമാണ് ആക്രമണം ഏറ്റെടുത്തത്. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ 17ാം ഓവറില്‍ 150 കടത്തി. തുടര്‍ച്ചയായ ഓവറുകളില്‍ സിക്സുകള്‍ പറത്തിയ ദുബെ പ്രതീക്ശ നല്‍കിയെങ്കിലും പതിനെട്ടാം ഓവറില്‍ വീണു. 24 പന്തില‍ 34 റണ്‍സടിച്ച ദുബെ മൂന്ന് സിക്സ് പറത്തി. ദുബെ പുറത്തായെങ്കിലും അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹാര്‍ദ്ദിക് അക്സറിനെ(3*) കൂട്ടുപിടിച്ച് ഇന്ത്യയെ 196ല്‍ എത്തിച്ചു.

View post on Instagram

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക