ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ എന്ന മോശം റെക്കോര്‍ഡിനൊപ്പം ഉഗാണ്ട
ഗയാന: ട്വന്‍റി 20 ലോകകപ്പ് 2024ലെ മത്സരത്തില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് 39 റണ്‍സില്‍ പുറത്തായ ഉഗാണ്ടയ്ക്ക് നാണക്കേട്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ചെറിയ ടീം ടോട്ടല്‍ എന്ന നെതര്‍ലന്‍ഡ്‌സിന്‍റെ മോശം റെക്കോര്‍ഡിനൊപ്പമായി ഇതോടെ ഉഗാണ്ടയുടെ ഇടം. 2014ലെ ലോകകപ്പില്‍ ശ്രീലങ്കയോടെയായിരുന്നു നെതര്‍ലന്‍ഡ്‌സിന്‍റെ എല്ലാവരും 39 റണ്‍സില്‍ പുറത്തായത്. വിന്‍ഡീസിന്‍റെ 174 റണ്‍സ് പിന്തുടരവെ ഉഗാണ്ട വെറും 12 ഓവറിനിടെയാണ് 39 റണ്‍സില്‍ ഓള്‍ഔട്ടായത്. ശ്രീലങ്കയോട് തന്നെ നെതര്‍ലന്‍ഡ്‌സ് 2021ല്‍ 44 റണ്‍സിന് പുറത്തായതാണ് നാണക്കേടിന്‍റെ പട്ടികയില്‍ രണ്ടാമത് നില്‍ക്കുന്നത്.
ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഉഗാണ്ടയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് നേടുകയായിരുന്നു. 42 ബോളില്‍ 44 റണ്‍സെടുത്ത ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സായിരുന്നു കരീബിയന്‍ ടീമിന്‍റെ ടോപ് സ്കോറര്‍. സഹ ഓപ്പണര്‍ ബ്രാണ്ടന്‍ കിംഗ് 8 പന്തില്‍ 13 റണ്‍സുമായി മടങ്ങി. 17 പന്തില്‍ 22 റണ്‍സ് എടുത്ത വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍, 18 പന്തില്‍ 23 നേടിയ ക്യാപ്റ്റന്‍ റോവ്‌മാന്‍ പവല്‍, 16 പന്തുകളില്‍ 22 നേടിയ ഷെര്‍ഫേന്‍ റൂത്തര്‍ഫോഡ് എന്നിവരാണ് പുറത്തായ മറ്റ് ബാറ്റര്‍മാര്‍. ആന്ദ്രേ റസല്‍ (17 പന്തില്‍ 30*), റൊമാരിയ ഷെപ്പേഡ് (5 പന്തില്‍ 5*) എന്നിവര്‍ പുറത്താവാതെ നിന്നു. ഉഗാണ്ടക്കായി ക്യാപ്റ്റന്‍ ബ്രയാന്‍ മസാബ രണ്ടും അല്‍പേഷ് രാംജാനിയും കോസ്‌മോസും ദിനേശ് നക്രാനിയും ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗില്‍ ഉഗാണ്ടയെ അഞ്ച് വിക്കറ്റുമായി സ്‌പിന്നര്‍ അകെയ്‌ല്‍ ഹൊസൈന്‍ എറിഞ്ഞിടുകയായിരുന്നു. 4 ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അക്കീലിന്‍റെ പ്രകടനം. അല്‍സാരി ജോസഫ് രണ്ടും റൊമാരിയോ ഷെപ്പേഡും ആന്ദ്രേ റസലും ഗുഡകേഷ് മോട്ടീയും ഓരോ വിക്കറ്റും പേരിലാക്കി. 20 പന്തില്‍ 13 റണ്‍സെടുത്ത ജുമാ മിയാഗി ഒഴികെ മറ്റാരും രണ്ടക്കം കണ്ടില്ല. മൂന്ന് താരങ്ങള്‍ വീതം പൂജ്യത്തിലും ഓരോ റണ്ണിലും പുറത്തായി.
