ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഒന്നാമതുള്ള പാകിസഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനേക്കാള്‍ (Babar Azam) 14 റണ്‍സ് കുറവ്.

ദുബായ്: ഓസ്‌ട്രേലിയന്‍ (Australia) ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ (David Warner) തേടിയാണ് ഈവര്‍ഷം ടി20 ലോകകപ്പിലെ (T20 World Cup) മാന്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരമെത്തിയത്. റണ്‍വേട്ടക്കാരില്‍ രണ്ടാമാനാണ് വാര്‍ണര്‍. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഒന്നാമതുള്ള പാകിസഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനേക്കാള്‍ (Babar Azam) 14 റണ്‍സ് കുറവ്. വാര്‍ണര്‍ക്ക് പുരസ്‌കാരം നല്‍കിയതില്‍ പരാതിയുമുണ്ടായി. മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തറാണ് (Shoaib Akhtar) ഇക്കാര്യത്തില്‍ നീരസം പ്രകടിപ്പിച്ചത്. പുരസ്‌കാരത്തിന് അര്‍ഹന്‍ ബാബറായിരുന്നുവെന്നാണ് അക്തറിന്റെ പക്ഷം. 

എന്നാല്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന് മറ്റൊരു അഭിപ്രായമുണ്ട്. ഫിഞ്ചിന്റെ മനസിലുള്ള പേര് വാര്‍ണറും ബാബറുമല്ല. ഓസീസ് സ്പിന്നര്‍ ആഡം സാംപയുടെ പേരാണ് ഫിഞ്ച് പറയുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം. ഫിഞ്ചിന്റെ വാക്കുകള്‍... ''എനിക്ക് തോന്നുന്നത് ആഡം സാംപയാണ് പ്ലയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് അര്‍ഹന്‍ എന്നാണ്. അദ്ദേഹം മത്സരങ്ങള്‍ നിയന്ത്രിച്ചു. വലിയ വിക്കറ്റുകള്‍ വീഴ്ത്തി, ഓസീസിനെ കിരീടത്തിലേക്ക് നയിക്കുന്നതില്‍ അവന് വലിയ പങ്കുണ്ടായിരുന്നു.'' ഫിഞ്ച് പറഞ്ഞു.

ടൂര്‍ണമെന്റിലുടനീളം മികച്ച ബൗളിംഗ് പ്രകടനാണ് സാംപ പുറത്തെടുത്തത്. ഏഴ് മത്സരങ്ങളില്‍ 13 വിക്കറ്റുകളാണ് താരം നേടിയത്. ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരില്‍ ഇക്കുറി രണ്ടാം സ്ഥാനക്കാരന്‍. കലാശപ്പോരാട്ടത്തിലും മികച്ച രീതിയില്‍ പന്തെറിഞ്ഞ 29കാരന്‍ നാലോവറില്‍ 26 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി. വാര്‍ണറുടെ 289 റണ്‍സില്‍ രണ്ട് അര്‍ധ സെഞ്ചുറികളുണ്ടായിരുന്നു. അവസാന മൂന്ന് മത്സരങ്ങളില്‍ 89, 49, 53 എന്നിങ്ങനെയായിരുന്നു വാര്‍ണറുടെ സ്‌കോറുകള്‍. 

കിവീസിനെ എട്ട് വിക്കറ്റിനാണ് ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കിവീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഓസീസ് 18.5 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.