Asianet News MalayalamAsianet News Malayalam

പാക്കിസ്ഥാനുമുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്ന് അബ്ദുള്‍ റസാഖ്

കഴിവുവെച്ചു നോക്കിയാല്‍ നമുക്ക് ഇമ്രാന്‍ ഖാനും അവര്‍ക്ക് കപില്‍ ദേവുമുണ്ടായിരുന്നു. പക്ഷെ കഴിവിന്‍റെ കാര്യത്തില്‍ ഇമ്രാന്‍ കപിലിനെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. നമുക്ക് വസീം അക്രം ഉണ്ടായിരുന്നു. അങ്ങനെയൊരു ബൗളര്‍ അവര്‍ക്കില്ലായിരുന്നു.

T20 World Cup: Don't think India can compete with Pakistan says Abdul Razzaq
Author
Karachi, First Published Oct 5, 2021, 9:52 PM IST

കറാച്ചി: ടി20 ലോകകപ്പില്‍(T20 World Cup) ഇന്ത്യ-പാക്കിസ്ഥാന്‍(India vs Pakistan) പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പോരാട്ടത്തിന് എരിവു പകര്‍ന്ന് മുന്‍ പാക്ക് ഓള്‍ റൗണ്ടര്‍ അബ്ദുള്‍ റസാഖ്(Abdul Razzaq ). പാക്കിസ്ഥാന്‍ കളിക്കാര്‍ക്ക് മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ ഇന്ത്യക്കാവില്ലെന്നും അതുകൊണ്ടാണ് ഇന്ത്യ-പാക്കിസ്ഥാനുമായി പരമ്പര കളിക്കാത്തതെന്നും റസാഖ് എആര്‍വൈ ന്യൂസിനോട് പറഞ്ഞു.

പാക്കിസ്ഥാനുള്ളത്രയും പ്രതിഭാധനരായ കളിക്കാര്‍ ഇന്ത്യക്കില്ലെന്നും റസാഖ് പറഞ്ഞു.  പ്രതിഭയുടെ കാര്യത്തില്‍ പാക്കിസ്ഥാനുമായി മത്സരിക്കാന്‍ ഇന്ത്യക്കാവില്ല. കാരണം പാക്കിസ്ഥാനിലുള്ളത്രയും പ്രിതഭകള്‍ ഇന്ത്യക്കില്ല. ഇന്ത്യാ-പാക്കിസ്ഥാന്‍ ടീമുകള്‍ തുടര്‍ച്ചയായി പരമ്പര കളിച്ചിരുന്നെങ്കില്‍ കടുത്ത സമ്മര്‍ദ്ദത്തില്‍ ആരാണ് മികവു കാട്ടുകയെന്ന് വ്യക്തമാവുമായിരുന്നു. അതോടെ പാക്കിസ്ഥാന്‍റെ പ്രതിഭാധാരാളിത്തം ലോകത്തിന് മനസിലാവുമായിരുന്നു.

നിലിവില ഇന്ത്യന്‍ ടീം മാത്രമല്ല, മുന്‍കാലത്തെ ഇന്ത്യന്‍ ടീമുകള്‍ക്കും പാക്കിസ്ഥാനോട് കിടപിടിക്കാനാവില്ല. കാരണം ഇന്ത്യയെക്കാള്‍ കൂടുതല്‍ മികച്ച കളിക്കാര്‍ പാക്കിസ്ഥാനായിരുന്നു എല്ലായ്പ്പോഴും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനോട് മത്സരിക്കാന്‍ ഇന്ത്യക്ക് എല്ലായ്പ്പോഴും മടിയായിരുന്നു. ഇന്ത്യക്ക് മികച്ച കളിക്കാരൊക്കെ ഉണ്ടായിരുന്നു, പക്ഷെ പാക്കിസ്ഥാനോളം വരില്ല.

കഴിവുവെച്ചു നോക്കിയാല്‍ നമുക്ക് ഇമ്രാന്‍ ഖാനും അവര്‍ക്ക് കപില്‍ ദേവുമുണ്ടായിരുന്നു. പക്ഷെ കഴിവിന്‍റെ കാര്യത്തില്‍ ഇമ്രാന്‍ കപിലിനെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. നമുക്ക് വസീം അക്രം ഉണ്ടായിരുന്നു. അങ്ങനെയൊരു ബൗളര്‍ അവര്‍ക്കില്ലായിരുന്നു. നമുക്ക് ജാവേദ് മിയാന്‍ദാദ് ഉണ്ടായിരുന്നു, അവര്‍ക്ക് ഗവാസ്കറും. അവിടെ താരതമ്യങ്ങളുടെ ആവശ്യമില്ല.

പിന്നെ നമുക്ക്, ഇന്‍സമാം, യൂസഫ്, യൂനിസ്, ഷാഹിദ് അഫ്രീദി അങ്ങനെ എത്രപേര്‍. അവര്‍ക്കോ ദ്രാവിഡ് സെവാഗ് തുടങ്ങിയവരും. അങ്ങനെ മൊത്തത്തിലെടുത്താല്‍ ഇന്ത്യക്കാരെക്കാള്‍ കൂടുതല്‍ മികച്ച കളിക്കാര്‍ പാക്കിസ്ഥാനാണുള്ളത്. അതുകൊണ്ടാണ് ഒരു കാലത്തും പാക്കിസ്ഥാനുമായി കളിക്കാന്‍ ഇന്ത്യ താല്‍പര്യപ്പെടാത്തതെന്നും റസാഖ് പറഞ്ഞു. മുന്‍കാല താരങ്ങളെ താരതമ്യം ചെയ്തപ്പോള്‍ റസാഖ് ഒരിക്കലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേര് പറഞ്ഞതെയില്ല എന്നതും ശ്രദ്ധേയമായി.

Follow Us:
Download App:
  • android
  • ios