ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിന്‍ഡീസ് ജേഴ്‌സി അഴിച്ചുവെക്കുമെന്ന് ബ്രാവോ വ്യക്തമാക്കി. 2018ല്‍ ഒരിക്കല്‍ വിരമിച്ച താരമാണ് ബ്രാവോ. എന്നാല്‍ തീരുമാനം മാറ്റി 2019ല്‍ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് വെറ്ററന്‍ താരം ഡ്വെയ്ന്‍ ബ്രാവോ. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിന്‍ഡീസ് ജേഴ്‌സി അഴിച്ചുവെക്കുമെന്ന് ബ്രാവോ വ്യക്തമാക്കി. 2018ല്‍ ഒരിക്കല്‍ വിരമിച്ച താരമാണ് ബ്രാവോ. എന്നാല്‍ തീരുമാനം മാറ്റി 2019ല്‍ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചെത്തി.

ഈ വര്‍ഷമാദ്യം പാകിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ടി20 പരമ്പര ബ്രാവോയുടെ അവസാനത്തെ ഹോം സീരീസായിരിക്കുമെന്ന് ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ടി20 ലോകകപ്പിന് ശേഷം വിരമിക്കുമെന്നുള്ള കാര്യം ബ്രാവോ വ്യക്തമാക്കിയത്. ''എന്റെ സമയം വന്നുചേര്‍ന്നതായി ഞാന്‍ മനസിലാക്കുന്നു. മനോഹരമായി കരിയറാണ് അവസാനിക്കാന്‍ പോകുന്നത്. 18 വര്‍ഷം വിന്‍ഡീസിന് വേണ്ടി കളിച്ചു. ഉയര്‍ച്ചകളും താഴ്ച്ചകളുമുണ്ടായി. എന്റെ ടീമിന് കളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്.'' ബ്രാവോ വ്യക്തമാക്കി.

2012, 2016 വര്‍ഷങ്ങളില്‍ വിന്‍ഡീസ് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കുമ്പോള്‍ ടീമിന്റെ ഭാഗമായിരുന്നു ബ്രാവോ. നാളെ ഓസ്‌ട്രേലിയക്കെതിരെയാവും ബ്രാവോയുടെ അവസാന മത്സരം. വിന്‍ഡീസിനായി 90 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രാവോ 1245 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 38 കാരനായ ബ്രാവോ 2004ലാണ് വിന്‍ഡീസിന്റെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറുന്നത്. ഇംഗ്ലണ്ടിനെതിരെയായിരുന്നു മത്സരം. 2014ല്‍ ഇന്ത്യക്കെതിരെ അവസാന ഏകദിനവും കളിച്ചു. 164 മത്സരങ്ങളില്‍ 2968 റണ്‍സും 199 വിക്കറ്റും നേടി. 43 റണ്‍സിന് ആറ് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ രണ്ട് സെഞ്ചുറി നേടിയിണ്ട് ബ്രാവോ. 112 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2004 ജൂലൈയില്‍ ടെസ്റ്റിലും ബ്രാവോ അരങ്ങേറി. 2010ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു അവസാന ടെസ്റ്റ്. 40 ടെസ്റ്റില്‍ നിന്ന് 2200 റണ്‍സാണ് സമ്പാദ്യം. ഇതില്‍ മൂന്ന് സെഞ്ചുറിയും ഉള്‍പ്പെടും. 113 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 86 വിക്കറ്റും താരം സ്വന്തമാക്കി. 84ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമാണ് ബ്രാവോ. എന്നാല്‍ ഇത്തവണ താരത്തെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. 

ഇത്തവണ വളരെ പ്രതീക്ഷയോടെയാണ് നിലവിലെ ചാംപ്യന്മാരായ വിന്‍ഡീസ് ലോകകപ്പിനെത്തിയത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ആദ്യ റൗണ്ടില്‍ തന്നെ ടീം പുറത്താവുകയായിരുന്നു.