ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റം വരുത്താൻ ഐസിസി അനുമതിയുണ്ട്.

ദുബായ്: ട്വന്‍റി 20 ലോകകപ്പിനുളള((T20 World Cup)) ഇന്ത്യന്‍ ടീം(Indian Team)അന്തിമ പ്രഖ്യാപനം ഈ മാസം 15ന് മാത്രമേ ഉണ്ടാകൂ. സൂപ്പര്‍ 12 ഘട്ടത്തിന് യോഗ്യത നേടിയ ടീമുകള്‍ 15നുള്ളിൽ പ്രഖ്യാപനം നടത്തിയാൽ മതിയെന്ന ഐസിസി വിശദീകരണം വന്നതോടെയാണ് തീരുമാനം.

ടി20 ലോകകപ്പിനുള്ള ടീമുകളെ കഴിഞ്ഞമാസം തന്നെ ബിസിസിഐ അടക്കമുള്ള ക്രിക്കറ്റ് ബോർഡുകൾ പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റം വരുത്താൻ ഐസിസി അനുമതിയുണ്ട്. ഐപിഎല്ലില്‍ തീര്‍ത്തും നിറം മങ്ങിയ ഹാർ‍ദിക് പണ്ഡ്യ, രാഹുൽ ചാഹർ എന്നിവരുടെ സ്ഥാനങ്ങളുടെ കാര്യമാണ് സംശയത്തിലുള്ളത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസർമാരെ മാത്രം ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ഹാർദിക് പണ്ഡ്യ എല്ലാ കളിയിലും നാല് ഓവർവീതം എറിയുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഹാർദിക് ഐപിഎല്ലിൽ പന്തെടുത്തതേയില്ല. ഡോക്ടർമാർ അനുവദിച്ചാൽ അടുത്തയാഴ്ച മുതൽ ഹാർദിക് പന്തെറിയുമെന്ന് രോഹിത് ശർമ്മ വ്യക്തമാക്കിയെങ്കിലും ഐപിഎൽ യുഎഇ പതിപ്പിലെ ഫോം കൂടി കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് താരത്തെ ഒഴിവാക്കണോ എന്നാണ് ആലോചന.

ഹ‍ാർദിക്കിന് പകരം ബൗളിംഗ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അവസാന മത്സരങ്ങളിൽ മുംബൈ ടീമിൽ പോലും ഇടംനേടാതിരുന്ന രാഹുൽ ചാഹറിന് പകരം ബാംഗ്ലൂർ സ്പിന്നർ യുസ്‍വേന്ദ്ര ചഹലിനെ പരിഗണിക്കണമെന്നാണ് മറ്റൊരു നിർദേശം. ഭുവനേശ്വർ കുമാറിന് നേരിയ പരിക്കുണ്ടെങ്കിലും ടീമിൽ തുട‍ർന്നേക്കും.

സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ എന്നിവർ അവസാന മത്സരങ്ങളിൽ ഫോം വീണ്ടെടുത്തതോടെ മാറ്റത്തിന് സാധ്യതയില്ല. നിലവിലെ ടീമിൽ നിന്ന് ആരെയും ഒഴിവാക്കാതെ രണ്ടോമൂന്നോ താരങ്ങളെ അധികം ഉൾപ്പെടുത്താനുള്ള സാധ്യതയും സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നുണ്ട്.