മുംബൈ: രാജ്യത്തെ കൊവിഡ് തരംഗം ശമിച്ചില്ലെങ്കില്‍ ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ടി20 ലോകകപ്പിന് ഇന്ത്യ വേദിയായേക്കില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയിൽ നടത്താനായില്ലെങ്കിൽ യുഎഇ ആവും പകരം വേദിയാവുക. എന്നാൽ ആതിഥേയ പദവി ഇന്ത്യക്ക് തന്നെയാവും.

രാജ്യത്തെ സ്ഥിതിഗതികൾ മെച്ചപ്പെട്ടില്ലെങ്കിൽ ടി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റുമെന്ന് ബിസിസിഐ ജനറല്‍ മാനേജര്‍ ധീരജ് മല്‍ഹോത്രയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ ലോകകപ്പ് വേദി മാറ്റത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ലെന്നും എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ യുഎഇ ആവും പകരം വേദിയാവുകയെന്നും മല്‍ഹോത്ര പറഞ്ഞിരുന്നു.

ഈ വര്‍ഷം ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെയാണ് ടി20 ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടുത്തവര്‍ഷത്തേക്ക് മാറ്റിയിരുന്നു. കൊവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഐപിഎല്‍ നടത്താന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ യുഎഇ ആണ് മത്സരങ്ങള്‍ക്ക് വേദിയായത്.