ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു മുഹമ്മദ് റിസ്‌വാനും ഷുഐബ് മാലിക്കും.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ഓസ്‌ട്രേലിയക്കെതിരായ വമ്പന്‍ സെമിഫൈനല്‍ പോരാട്ടത്തിന്(PAK vs AUS) മുമ്പ് പാക് ക്രിക്കറ്റ് ടീമിന് ആശ്വാസവാര്‍ത്ത. നേരിയ പനിയുള്ളതിനാല്‍ ഇന്നലെ പരിശീലനത്തിന് ഇറങ്ങാതിരുന്ന മുഹമ്മദ് റിസ്‌വാനും (Mohammad Rizwan) ഷുഐബ് മാലിക്കും(Shoaib Malik) ഇന്ന് സെമിയില്‍ ഓസീസിനെതിരെ കളിക്കുമെന്ന് പാക് ടീം മാനേജ്മെന്‍റ് അറിയിച്ചു. ഇരുവരെയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കിയെന്നും പരിശോധനാഫലം നെഗറ്റീവാണെന്നും ഇരുവരും സെമിയില്‍ കളിക്കാന്‍ കായികക്ഷമത തെളിയിച്ചുവെന്നും പാക് ടീം വ്യക്തമാക്കി.

ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച പാകിസ്ഥാന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നു മുഹമ്മദ് റിസ്‌വാനും ഷുഐബ് മാലിക്കും. നായകന്‍ ബാബര്‍ അസമിനൊപ്പമുള്ള റിസ്‌വാന്‍റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് പാകിസ്ഥാന്‍ ബാറ്റിംഗിന്‍റെ നെടുംതൂണ്‍. അതേസമയം കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ കത്തിക്കയറിയ മാലിക് 18 പന്തില്‍ ഒരു ഫോറും ആറ് സിക്‌സറും സഹിതം 54 റണ്‍സെടുത്തിരുന്നു.

ഇന്ന് രാത്രി 7.30ന് ദുബായിലാണ് പാകിസ്ഥാന്‍-ഓസ്‌ട്രേലിയ സെമി പോരാട്ടം. കരുത്തും കൗശലവും ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് ടീമുകൾ ഏറ്റുമുട്ടുമ്പോള്‍ പോര് തീപാറുമെന്നുറപ്പ്. മരണഗ്രൂപ്പിലെ വമ്പന്മാരെ മറികടന്നാണ് ഓസ്ട്രേലിയ വരുന്നതെങ്കിൽ ഈ ലോകകപ്പിൽ തോൽവിയറിയാത്ത ഒരേയൊരു ടീമെന്ന പെരുമയുണ്ട് പാകിസ്ഥാന്. ലോകകപ്പിലെ സൂപ്പര്‍ 12 ഘട്ടത്തില്‍ ഇന്ത്യ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ പാകിസ്ഥാന്‍ തോല്‍പിച്ചിരുന്ന.

Scroll to load tweet…

ഐപിഎല്ലിൽ കളിച്ച പരിചയം ഓസ്ട്രേലിയൻ നിരയ്ക്ക് കരുത്ത് കൂട്ടുമെങ്കിൽ സ്വന്തം മണ്ണിലെന്ന പോലെ പാകിസ്ഥാന് ദുബായിൽ പിന്തുണയുണ്ട്. ടൂര്‍ണമെന്‍റിലെ പാകിസ്ഥാന്‍റെ കുതിപ്പിന് ഓസ്‌ട്രേലിയ കടിഞ്ഞാണിടുമോ എന്നാണ് അറിയേണ്ടത്.