നായകനെന്ന നിലയില്‍ തെംബാ ബാവുമായും പ്രതീക്ഷ നല്‍കി. അവസാന ഓവറിലെ ഹാട്രിക് മാറ്റിനിര്‍ത്തിയാല്‍ കഗിസോ റബാഡയുടെ പ്രകടനം നിരാശയായി.

ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ദക്ഷിണാഫ്രിക്കയുടെ (South Africa) ദൗര്‍ഭാഗ്യം തുടര്‍ക്കഥയാവുന്നു. അഞ്ച് കളിയില്‍ നാലിലും ജയിച്ചിട്ടും റണ്‍നിരക്കിലാണ് ദക്ഷിണാഫ്രിക്ക ഇത്തവണ സെമി കാണാതെ പുറത്തായത്. ലോകവേദികളില്‍ കിരീടത്തിളക്കത്തിലേക്ക് എത്തണമെങ്കില്‍ കളിമികവ് മാത്രം പോര, ഭാഗ്യവും വേണം. ഇതാവര്‍ത്തിച്ച് തെളിയിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം.

ഇത്തവണ കിരീട സാധ്യത കല്‍പിക്കപ്പെട്ടവരില്‍ ഇല്ലായിരുന്നെങ്കിലും പോരാളികളായിരുന്നു പ്രോട്ടീസ്. മരണഗ്രൂപ്പില്‍ ഓസ്‌ട്രേലിയയെ (Australia) ഒഴികെ എല്ലാ ടീമുകളേയും തോല്‍പിച്ചു. പക്ഷേ, റണ്‍നിരക്കില്‍ ഇംഗ്ലണ്ടിനും ഓസ്‌ട്രേലിയയ്ക്കും പിന്നിലായതോടെ സെമിയിലെത്താതെ മടക്കം. ഡിവിലിയേഴ്‌സ്, ഡുപ്ലെസി തുടങ്ങിയ പരിചയസമ്പന്നര്‍ ഇല്ലായിരുന്നെങ്കിലും മര്‍ക്രാമും ഡുസനും ഡികോക്കും നോര്‍കിയയുമെല്ലാം മികവ് തെളിയിച്ചു.

നായകനെന്ന നിലയില്‍ തെംബാ ബാവുമായും പ്രതീക്ഷ നല്‍കി. അവസാന ഓവറിലെ ഹാട്രിക് മാറ്റിനിര്‍ത്തിയാല്‍ കഗിസോ റബാഡയുടെ പ്രകടനം നിരാശയായി. ഡി കോക്കിന്റെ വിവാദം ടീമിനകത്തും പുറത്തും കല്ലുകടിയായി. ദക്ഷിണാഫ്രിക്കന്‍ നിരയുടെ ലോകകപ്പിലെപ്രകടനം ഇങ്ങനെ ചുരുക്കാമെങ്കിലും ദൗര്‍ഭാഗ്യം ഒരിക്കല്‍ക്കൂടി മുന്നില്‍ നിന്നു.

1992 ഏകദിന ലോകകപ്പിലാണ് നിര്‍ഭാഗ്യ പരമ്പര തുടങ്ങുന്നത്. ഇംഗ്ലണ്ടിനെതിരെ ജയിക്കാന്‍ 13 പന്തില്‍ 22 റണ്‍സ് വേണ്ടപ്പോള്‍ മഴയെത്തി. മഴ നിയമപ്രകാരം ലക്ഷ്യം പുനര്‍ നിശ്ചയിച്ചപ്പോള്‍ ഒരു പന്തില്‍ വേണ്ടത് 22 റണ്‍സ്. 1999ലും 2003ലും 2015ലും ലോകകപ്പില്‍ നാടകീയവും അവിശ്വസനീയമായി ദക്ഷിണാഫ്രിക്ക തിരിച്ചടികള്‍ നേരിട്ടു. ഇപ്പോഴിതാ ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പിലും.