ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) സ്‌കോട്‌ലന്‍ഡിനെതിരെ(IND vs SCO) ഇന്ത്യക്ക് 86 റണ്‍സ് വിജയലക്ഷ്യം.ടോസ് നഷ്ടമായി അദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 17.4 ഓവറില്‍ 85 റണ്‍സിന് പുറത്തായി. 24 റണ്‍സെടുത്ത ജോര്‍ജ് മുന്‍സെ(George Munsey) ആണ് സ്കോട്‌ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും(Ravindra Jadeja) മുഹമ്മദ് ഷമിയും(Mohammed Shami) മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

ടോസിലെ ഭാഗ്യത്തിന് പിന്നാലെ വിക്കറ്റ് ഭാഗ്യം

പിറന്നാള്‍ ദിനത്തില്‍ ടോസിലെ ഭാഗ്യം ക്യാപ്റ്റന്‍ വിരാട് കോലി(Virat Kohli)യെ തുണച്ചതിന് പിന്നാലെ ഇന്ത്യക്ക് ആശിച്ച തുടക്കവും ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിലെ അവസാന പന്ത് സിക്സിന് പറത്തിയും അശ്വിനെതിരെ തുടര്‍ച്ചയായി മൂന്ന് ബൗണ്ടറി അടിച്ചും ഓപ്പണര്‍ ജോര്‍ജ് മുന്‍സേ ഒന്ന് വിറപ്പിച്ചെങ്കിലും മറുവശത്ത് ക്യാപ്റ്റന്‍ കെയ്ല്‍ കോയ്റ്റസറെ(1) ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ഇന്ത്യയുടെ വിക്കറ്റ് വേട്ട തുടങ്ങി.

നടുവൊടിച്ച് ജഡേജ

View post on Instagram

പവര്‍ പ്ലേയിലെ അവസാന ഓവര്‍ എറിയാനെത്തിയ മുഹമ്മദ് ഷമി മുന്‍സേയെ മനോഹരമായൊരു സ്ലോ ബോളില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് സ്കോട്‌ലന്‍ഡിന്‍റെ ആവേശം തണുപ്പിച്ചു. 19 പന്തില്ഡ നാലു ഫോറും ഒരു സിക്സും പറത്തിയ മുന്‍സേ 24 റണ്‍സടിച്ചു. മുന്‍സേ മടങ്ങിയതിന് പിന്നാലെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത ഇന്ത്യ രവീന്ദ്ര ജഡേജയുടെ ഇരട്ടപ്രഹരത്തിലൂടെ സ്കോട്‌ലന്‍ഡിനെ പ്രതിസന്ധിയിലാക്കി. വിക്കറ്റ് കീപ്പര്‍ മാത്യു ക്രോസിനെ ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റിച്ചി ബെറിംഗ്ടണെ(0) ജഡേജ ബൗള്‍ഡാക്കി.

വാലരിഞ്ഞ് ഷമിയും ബുമ്രയും

View post on Instagram

കാളം മക്‌ലോയ്ഡും മൈക്കേല്‍ ലീസ്കും ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ 50 കടത്തിയെങ്കിലും ജഡേജക്ക് മുമ്പില്‍ ലീസ്കും(12 പന്തില്‍ 21) മുട്ടുമടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. പതിനേഴാം ഓവറില്‍ മുഹമ്മദ് ഷമി മക്‌ലോയ്ഡിനെ(16) മടക്കി. അടുത്ത പന്തില്‍ സഫിയാന്‍ ഷെരീഫ് റണ്ണൗട്ടായി. മൂന്നാം പന്തില്‍ അലാസ്ഡയര്‍ ഇവാന്‍സിനെ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി ഷമി 81-6ല്‍ നിന്ന് സ്കോട്‌ലന്‍ഡിനെ 81-9ലേക്ക് തള്ളിയിട്ടു. മാര്‍ക്ക് വാട്ടിനെ(14) മറ്റൊരു യോര്‍ക്കറില്‍ ബുമ്ര മടക്കിയതോടെ സ്കോട്‌ലന്‍ഡിന്‍റെ ചെറുത്തുനില്‍പ്പ് അവസാനിച്ചു.

 ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമി മൂന്നോവറില്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 3.4 ഓവറില്‍ 10 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ 29 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.

അഫ്‌ഗാനെതിരായ കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ടീം ഇന്ത്യ(Team India) ഇറങ്ങിയത്. പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന്(Shardul Thakur) പകരം മൂന്നാം സ്‌പിന്നറായി വരുണ്‍ ചക്രവര്‍ത്തി(Varun Chakaravarthy) പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം മറ്റങ്ങളൊന്നുമില്ലാതെയാണ് സ്‌കോട്ട്‌ലന്‍ഡ് ഇറങ്ങിയത്.