പവര്‍പ്ലേ മുതല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ താളം കണ്ടെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്‌കരം. ജേസണ്‍ റോയുടെ അഭാവം മുതലെടുക്കാനാവും ന്യൂസീലാന്‍ഡ് പേസര്‍മാരുടെ ശ്രമം. 

അബുദാബി: ടി20 ലോകകപ്പ് (T20 World Cup) സെമിയില്‍ വിജയം കൈപ്പിടിയിലൊതുക്കുക സമ്മര്‍ദത്തെ അതിജീവിക്കുന്നവര്‍. റണ്ണൊഴുകുന്ന അബുദാബിയില്‍ ഇംഗ്ലണ്ടിന് നേരിയ മുന്‍തൂക്കമുണ്ട്. കളിയുടെ ഏത് ഘട്ടത്തിലും സ്‌കോര്‍ ഉയര്‍ത്താന്‍ പ്രഹരശേഷിയുള്ള ബാറ്റിംഗ് നിരയണാണ് ഇംഗ്ലണ്ടിന്റ കരുത്ത്. ജോസ് ബട്‌ലറും (Jos Buttler) ജോണി ബെയര്‍‌സ്റ്റോയും (Jonny Bairstow) മാത്രമല്ല, പിന്നാലെയെത്തുന്ന ഓയിന്‍ മോര്‍ഗനും ഡേവിഡ് മലാനും മൊയീന്‍ അലിയും (Moeen Ali) അപകടകാരികള്‍.

പവര്‍പ്ലേ മുതല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ താളം കണ്ടെത്തിയാല്‍ പിടിച്ചുകെട്ടുക ദുഷ്‌കരം. ജേസണ്‍ റോയുടെ അഭാവം മുതലെടുക്കാനാവും ന്യൂസീലാന്‍ഡ് പേസര്‍മാരുടെ ശ്രമം. എതിര്‍ ബാറ്റിംഗ് നിരയുടെ ബോള്‍ട്ടിളക്കുന്ന ട്രെന്റ് ബോള്‍ട്ടാണ് കിവീസ് വേഗത്തിന്റെ കുന്തമുന. ലോകകപ്പില്‍ 5.84 ശരാശരിയില്‍ വീഴ്ത്തിയത് 11 വിക്കറ്റ്. ബോള്‍ട്ട്, ടിം സൗത്തി, ജയിംസ് നീഷം എന്നീ മൂന്ന് പ്രധാന ബൗളര്‍മാരുടേയും ശരാശരി ആറോ അതില്‍ താഴെയോയാണ്. 

ന്യൂസീലന്‍ഡ് ബൗളിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തില്‍ ആഡം മില്‍നെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഇഷ് സോധി, മിച്ചല്‍ സാന്റ്‌നര്‍ കൂടി പന്തെറിയുന്നതോടെ എതിരാളികള്‍ വിറയ്ക്കുമെന്നുറപ്പാണ്. അബുദാബിയിലേത് വലിയ ഗ്രണ്ടാണ്, ബൗണ്ടറിയിലേക്ക് നീളമേറെ. ഇംഗ്ലണ്ട് ബാറ്റിംഗിനെതിരെ പന്തെറിയുമ്പോള്‍ കിവീസിന് ആശ്വാസം ഇതായിരിക്കും

ബൗളിംഗ് ശരാശരി

ടിം സൗത്തി- 5.70

ട്രന്റ് ബോള്‍ട്ട്- 5.84

ജയിംസ് നീഷം- 6.00

ബാറ്റിംഗ് സ്‌ട്രൈക് റേറ്റ്

ജോസ് ബട്‌ലര്‍- 155.84

മോര്‍ഗന്‍- 116.36

ബെയര്‍‌സ്റ്റോ- 136.00

ലിവിംഗ്സ്റ്റണ്‍- 152.63