രണ്ട് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് (Josh Hazlewood) വിന്‍ഡീസിനെ തകര്‍ത്തത്. ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റ്ണ്‍ ചേസ് (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

അബുദാബി: ടി20 ലോകകപ്പില്‍ (T20 World Cup) ഓസ്‌ട്രേലിയക്കെതിരായ (Australia) മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് (West Indies) തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ മൂന്ന് 65 എന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് (Josh Hazlewood) വിന്‍ഡീസിനെ തകര്‍ത്തത്. എവിന്‍ ലൂയിസ് (25), ഷിംറോണ്‍ ഹെറ്റ്മയേര്‍ (17) എന്നിവരാണ് ക്രീസില്‍. 

ക്രിസ് ഗെയ്ല്‍ (15), നിക്കോളാസ് പുരാന്‍ (4), റോസ്റ്റ്ണ്‍ ചേസ് (0) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. ഹേസല്‍വുഡിന് പുറമെ പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി. രണ്ട് സിക്‌സുകള്‍ നേടി ഫോമിന്റെ ലക്ഷ്ണങ്ങള്‍ കാണിച്ചിരുന്നു ഗെയ്ല്‍. എന്നാല്‍ കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡായി. നാലാം ഓവറില്‍ പുരാനെ ഹേസല്‍വുഡ് മടക്കിയയച്ചു. അതേ ഓവറില്‍ ചേസും ഹേസല്‍വുഡിന്റെ തന്നെ പന്തില്‍ ബൗള്‍ഡായി. 

പ്രതീക്ഷകളെല്ലാം അവസാനിച്ച ടീമാണ് വിന്‍ഡീസ്. ഓസ്‌ട്രേലിയക്ക് ജയം നിര്‍ബന്ധമാണ്. ജയിച്ചാല്‍ സെമി ഫൈനലിനോട് ഒരടി കൂടി അടുക്കും. ഇതോടെ, ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ മാര്‍ജിനില്‍ മറികടക്കേണ്ടി വരും. വിന്‍ഡീസ് ജേഴ്‌സിയിലെ അവസാന മത്സരത്തിനാണ് ഡ്വെയ്ന്‍ ബ്രാവോ ഇറങ്ങുന്നത്. മിക്കവാറും ക്രിസ് ഗെയ്‌ലിന്റേയും അവസാന മത്സരമായിരിക്കും. ഇരുവരേയും ജയത്തോടെ പറഞ്ഞയക്കാന്‍ വിന്‍ഡീസ് ആഗ്രഹിക്കുന്നുണ്ടാവും. ഒരു മാറ്റവുമായിട്ടാണ് വിന്‍ഡീസ് ഇറങ്ങുന്നത്. രവി രാംപോളിന് പകരം ഹെയ്ഡന്‍ വാല്‍ഷ് ടീമിലെത്തി. ഓസീസ് മാറ്റമൊന്നും വരുത്തിയിട്ടില്ല. 

വെസ്റ്റ് ഇന്‍ഡീസ്: ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, നിക്കോലാസ് പുരാന്‍, റോസ്റ്റണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, കീറണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസ്സല്‍, ജേസണ്‍ ഹോള്‍ഡര്‍, ഡ്വെയ്ന്‍ ബ്രാവോ, ഹെയ്ഡന്‍ വാല്‍ഷ്, അകേല്‍ ഹൊസേന്‍.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്‌റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.