Asianet News MalayalamAsianet News Malayalam

കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് താലിബാന്‍

ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഹൊബാര്‍ട്ടില് വച്ച് നവംബറില്‍ നിശ്ചയിച്ച ടെസ്റ്റ് മത്സരത്തെക്കൂടി സംശയത്തിന്‍റെ നിഴലില്‍ വീഴ്ത്തുന്നതാണ് താലിബാന്‍റെ പ്രഖ്യാപനം

taliban decision women wont allow play sport including cricket may affect mens cricket team
Author
Kabul, First Published Sep 8, 2021, 9:00 PM IST

ക്രിക്കറ്റ് അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അഫ്ഗാനിസ്താനിലെ സ്ത്രീകളെ അനുവദിക്കില്ലെന്ന് വ്യക്തമാക്കി താലിബാന്‍. ഒരു കായിക ഇനത്തിലും പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചയാണ് താലിബാന്‍ വിശദമാക്കിയത്. ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മില്‍ ഹൊബാര്‍ട്ടില് വച്ച് നവംബറില്‍ നിശ്ചയിച്ച ടെസ്റ്റ് മത്സരത്തെക്കൂടി സംശയത്തിന്‍റെ നിഴലില്‍ വീഴ്ത്തുന്നതാണ് താലിബാന്‍റെ പ്രഖ്യാപനം.

പിഎച്ച്ഡിക്കും ബിരുദാനന്തര ബിരുദത്തിനും വിലയില്ല; ഉന്നതവിദ്യാഭ്യാസത്തിനെതിരെ താലിബാന്‍ വിദ്യാഭ്യാസ മന്ത്രി

കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്ന അവസ്ഥയില്‍ മുഖവും ശരീരവും മറയ്ക്കാത്ത ഒരു സാഹചര്യം അവർ അഭിമുഖീകരിച്ചേക്കാം. സ്ത്രീകളെ ഇങ്ങനെ കാണാൻ ഇസ്ലാം അനുവദിക്കുന്നില്ല.  ഇത് മാധ്യമ യുഗമാണ്. ഫോട്ടോകളും വീഡിയോകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആളുകൾ അത് കാണാനും സാധ്യതയുണ്ട്. തുറന്നുകാണിക്കുന്ന രീതിയിലുള്ള ക്രിക്കറ്റ് അടക്കമുള്ള ഒരു കായിക മത്സരത്തിലും അതിനാല്‍ സ്ത്രീകളെ പങ്കെടുക്കാനനുവദിക്കില്ലെന്നാണ് താലിബാന്‍റെ സാംസ്കാരിക കമ്മീഷന്‍റെ ഡെപ്യൂട്ടി ചീഫായ അഹമ്മദുള്ള വാസിക് വിശദമാക്കുന്നത്. എസ്ബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു താലിബാന്‍ വക്താവ് ഇക്കാര്യം വിശദമാക്കിയത്.

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് കളിക്കാന്‍ അഫ്ഗാന്‍ ടീമിന് താലിബാന്‍ അനുമതി

2020 നവംബറിലാണ് 25 വനിതാ ക്രിക്കറ്റ് താരങ്ങളുമായി അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് കരാറില്‍ ഏര്‍പ്പെട്ടത്. 40 വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് 21 ദിവസം കാബൂളില്‍ വച്ച് പരിശീലന ക്യാംപും നടത്തിയിരുന്നു.  ഐസിസിയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും ഒരു ദേശീയ വനിതാ ടീം ഉണ്ടാവണമെന്നാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതി ഐസിസി നല്‍കുന്നത്. തീരുമാനം പുരുഷ ക്രിക്കറ്റ് ടീമിന്‍റെ ടെസ്റ്റ് മത്സരങ്ങളെ ബാധിക്കില്ലേയെന്ന ചോദ്യത്തിന് താലിബാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നായിരുന്നു വാസിക് മറുപടി നല്‍കിയത്.

ആണിനും പെണ്ണിനുമിടയില്‍ കര്‍ട്ടന്‍; അഫ്ഗാനിലെ സര്‍വകലാശാലാ ക്ലാസ് മുറി ഇപ്പോള്‍ ഇങ്ങനെ

ഞങ്ങൾ ഞങ്ങളുടെ മതത്തിനായി പോരാടി. വിപരീത പ്രതികരണങ്ങൾ ഉണ്ടായാലും ഞങ്ങൾ ഇസ്ലാമിക മൂല്യങ്ങൾ മറികടക്കുകയില്ല. ഞങ്ങളുടെ ഇസ്ലാമിക നിയമങ്ങൾ ഞങ്ങൾ ഉപേക്ഷിക്കില്ലെന്നാണ് വാസിക് വിശദമാക്കുന്നത്. കായിക മത്സരങ്ങള്‍ സ്ത്രീകള്‍ക്ക് അവശ്യമുള്ളതായല്ല ഇസ്ലാം കണക്കാക്കുന്നത്. ഒരു കായിക മത്സരത്തിലും ഇസ്ലാമിലെ സ്ത്രീകള്‍ക്ക് അനുചിതമായ വസ്ത്രം ധരിക്കാനാവില്ല. അത് അനുവദിക്കില്ലെന്നും താലിബാന്‍ നിലപാട് വ്യക്തമാക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios