ബിസിസിഐ പ്രസിഡന്‍റെന്നത് വലിയ പദവിയാണ്. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനവും. അതുകൊണ്ട് ഇവര്‍ രണ്ടുപേരും പൊതുവേദിയില്‍ പരസ്യമായ വിഴുപ്പലക്കിന് മുതിരുന്നത് അത്ര നല്ല കാര്യമല്ല. വിരാട് കോലി കുറച്ചു കൂടി സംയമനത്തോടെ പ്രതികരണങ്ങള്‍ നടത്തണം.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും(Virat Kohli) ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും 9Surav Ganguly)തമ്മിലുള്ള അഭിപ്രായഭിന്നതയില്‍ നിലപാട് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്(Kapil Dev). ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായ പരമ്പരക്കൊരുങ്ങുന്ന സമയത്ത് ആര്‍ക്കെങ്കിലും എതിരെ വിരല്‍ ചൂണ്ടുന്നത് ശരിയല്ലെന്നും പരസ്യമായ വിഴുപ്പലക്കല്‍ നിര്‍ത്തി വിരാട് കോലിയും സൗരവ് ഗാംഗുലിയും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കപില്‍ ദേവ് എബിപി ന്യൂസിനോട് പറഞ്ഞു.

ബിസിസിഐ പ്രസിഡന്‍റെന്നത് വലിയ പദവിയാണ്. അതുപോലെ തന്നെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനവും. അതുകൊണ്ട് ഇവര്‍ രണ്ടുപേരും പൊതുവേദിയില്‍ പരസ്യമായ വിഴുപ്പലക്കിന് മുതിരുന്നത് അത്ര നല്ല കാര്യമല്ല. വിരാട് കോലി കുറച്ചു കൂടി സംയമനത്തോടെ പ്രതികരണങ്ങള്‍ നടത്തണം. വിവാദങ്ങളെക്കാള്‍ രാജ്യത്തിനായി കളിക്കുന്നതിലാകണം ശ്രദ്ധ. ആരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാലും അതൊക്കെ പിന്നീട് പുറത്തുവരും. എന്നാല്‍ ഇപ്പോള്‍ ഒരു നിര്‍ണായക പരമ്പരക്ക് തയാറെടുക്കുന്ന സമയമാണ്. ഈ സമയം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലാകണം കോലിയുടെ ശ്രദ്ധയെന്നും കപില്‍ പറഞ്ഞു.

ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം വിരാട് കോലിയെ നേരത്തെ അറിയിച്ചിരുന്നുവെന്നും വ്യക്തിപരമായും കോലിയോട് ഇക്കാര്യം സംസാരിച്ചുവെന്നും ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് യാത്ര തിരിക്കുന്നതിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കോലി, ഗാംഗുലിയുടെ വാദങ്ങള്‍ പൂര്‍ണമായും തള്ളിയതാണ് വിവാദത്തിന് കാരണമായത്.

ടെസ്റ്റ് ടീമിനെ സെലക്ട് ചെയ്യാനുള്ള സെലക്ഷന്‍ കമ്മിറ്റി മീറ്റിംഗിനൊടുവിലാണ് തന്നെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റുന്ന കാര്യം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചതെന്ന് കോലി വ്യക്തമാക്കി. ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന ഗാംഗുലിയുടെ വാദവും ഇന്നലെ പത്രസമ്മേളനത്തില്‍ കോലി തള്ളിയിരുന്നു.

ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ഏകദിന ക്യാപ്റ്റന്‍ സ്ഥാനവും നഷ്ടമായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ കോലി സ്വയം തയാറായതാമെങ്കില്‍ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് കോലിയെ ഒഴിവാക്കുകയായിരുന്നു. ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുമ്പോള്‍ ഏകദിന, ടെസ്റ്റ് നായക സ്ഥാനത്ത് തുടരാന്‍ കോലി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സെലക്ഷന്‍ കമ്മിറ്റി ഇക്കാര്യം പരിഗണിക്കാതെ രോഹിത് ശര്‍മയെ ഏകദിന നായകനാക്കിയതാണ് കോലിയെ ചൊടിപ്പിച്ചത്.